sections
MORE

സംവരണവും പൗരത്വനിയമ ഭേദഗതിയും; തല്ലിയും തലോടിയും കേന്ദ്രം

Amit Shah, Narendra Modi
SHARE

ന്യൂഡൽഹി ∙ മുന്നാക്ക സാമ്പത്തിക സംവരണത്തിലൂടെ ‌ഉത്തരേന്ത്യൻ മുസ്‌ലിംകളെ ആകർഷിക്കുന്ന ബിജെപി, പൗരത്വനിയമ ഭേദഗതിയിലൂടെ അവരെ അകറ്റുന്നു. ഒരു കൈ കൊണ്ടു തല്ല്, മറു കൈ കൊണ്ടു തലോടൽ. 3 ഹിന്ദി സംസ്ഥാനങ്ങളിലെ തോൽവിക്കു പിന്നാലെ പൊതു തിരഞ്ഞെടുപ്പു നേരിടാനൊരുങ്ങുന്ന പാർട്ടിയുടെ തയാറെടുപ്പും അങ്കലാ‌പ്പും. മുന്നാക്ക സംവരണ ഭരണഘടനാ ഭേദഗതി ഇരുസഭകളിലും കാര്യമായ എതിർപ്പില്ലാതെ പാസാക്കിയെടുക്കാൻ ബിജെപിക്കു സാധിച്ചു.

തിരക്കിട്ടു ഭേദഗതി കൊണ്ടു വന്നു, പഠിക്കാൻ സമയം കിട്ടിയില്ല, രാഷ്ട്രീയലാക്കോടെയുള്ള നീക്കം ജനങ്ങൾ തിരിച്ചറിയും, കോടതിയുടെ പരിശോധനയിൽ നിലനിൽക്കില്ല തുടങ്ങിയ വാദങ്ങളുന്നയിച്ചെങ്കിലും കോൺഗ്രസും സിപിഎമ്മും തൃണമൂലും ഉൾപ്പെട്ട പ്രതിപക്ഷം ഇരുസഭകളിലും ഭരണപക്ഷത്തിനൊപ്പമാണു വോട്ടു ചെയ്തത്. സംവരണത്തെ പിന്തുണയ്ക്കാൻ ബിജെപിയുടെ പ്ര‌ഖ്യാപിത ശത്രുക്കളെല്ലാം നിർബന്ധിതരാവുകയായിരുന്നു. ഹിന്ദി സംസ്ഥാനങ്ങ‌‌ളിൽ പിണങ്ങി നിൽക്കുന്ന ഭൂരിപക്ഷ സമുദായ വോ‌ട്ടർമാർക്കു ബിജെപിയുടെ ഉടൻ മറുപടിയായി അത്. നരേന്ദ്രമോദി – അമിത് ഷാ സഖ്യത്തിന്റെ വിജയവും.

ഉയർന്നജാതിക്കാർക്കു മാത്രമല്ല ഇപ്പോൾ സംവരണാനുകൂല്യം ലഭിക്കാത്ത എല്ലാ വിഭാഗങ്ങളിലെയും പാവങ്ങൾക്കു പുതിയ സംവരണം കിട്ടുമെന്നു സർക്കാർ വ്യക്തമാക്കിയതോടെ ഉത്തരേന്ത്യയിലെ മുസ്‌ലിംകൾ പ്രധാന ഗുണഭോക്താക്കളായി. ഇതേസമയം, ഉത്തരേന്ത്യയിലെ മു‌‌സ്‌ലിംകൾക്കു ഗുണം ചെ‌യ്യുന്ന സാ‌മ്പത്തിക സംവരണത്തെ എതിർത്ത് വോട്ടു ചെയ്ത മു‌സ്‌ലിം ലീഗും ‌അസദുദീൻ ഉവൈസിയുടെ എഐഎംഐഎമ്മും സ്വന്തം രാ‌ഷ്ട്രീയപക്ഷം ധീരമായി വെളിപ്പെടുത്തി. അവർ പ്രകടിപ്പിച്ചത്, ബിജെപിയുടെ രാഷ്ട്രീയ തന്ത്രം മുസ്‌ലിം വോട്ടർമാരെ സ്വാധീനിക്കില്ലെന്ന ആത്മവിശ്വാസം.

പൗരത്വനിയമ ഭേദഗതിയിലൂടെ ബിജെപി മുഖ്യന്യൂനപക്ഷത്തിനു നൽകുന്ന തല്ലിനു ദൂരവ്യാപക ലക്ഷ്യങ്ങളുണ്ട്. അസം ഉൾപ്പെടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും അതിർത്തി സംസ്ഥാനങ്ങളിലും ഇതുകൊണ്ടുണ്ടാകുന്ന തിരിച്ചടി അവർ കാര്യമാക്കുന്നില്ല. തങ്ങളുടെ പിന്നിൽ നിസ്സംശയം അണിനിരക്കുകയെന്ന സന്ദേശമാണ് അവർ ഭൂരിപക്ഷസമുദായത്തിനു നൽകുന്നത്. പൗരത്വ നിയമഭേദഗതിയിലൂടെ അസമി‌ൽ എജിപി‌യെയും മുന്നാക്ക സംവരണത്തിലൂടെ തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയെയും ‌ശത്രുപക്ഷത്തേക്കു നീങ്ങാൻ അവർ അനുവദിക്കുന്നു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കൂടുതൽ ചടുല രാഷ്ട്രീയനീക്കങ്ങൾ ഉണ്ടാകും. യുപിഎ സർക്കാർ രാജ്യസഭയിൽ പാസാക്കിയ മഹിളാ സംവരണ ബിൽ ലോക്സഭയിൽ കൊണ്ടുവരാൻ ഇനിയും സമയമുണ്ട്. വേണ്ടിവന്നാൽ അയോധ്യയിൽ ക്ഷേത്രനിർമാണത്തിന് ഓർഡിനൻസ് പുറപ്പെടുവിക്കാനും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN INDIA
SHOW MORE
FROM ONMANORAMA