വന്നത് ‘മൻ കി ബാത്തിന്’ അല്ല; നിങ്ങളെ കേൾക്കാൻ: ദുബായിൽ ഹൃദയം കവർന്ന് രാഹുൽ

labourers-welcome-Rahul
SHARE

ദുബായ്∙ ഞാൻ വലിയ ആളല്ല, നിങ്ങളിൽ ഒരാൾ. എന്റെ ‘മൻ കി ബാത്’ കേൾപ്പിക്കാനല്ല, നിങ്ങളെ കേൾക്കാനാണു ഞാൻ വന്നത് - കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാക്കുകളെ തൊഴിലാളികൾ വരവേറ്റത് ഹർഷാരവത്തോടെ. ദുബായ് ജബൽ അലി വ്യവസായ മേഖലയിലെ ലേബർ ക്യാംപിൽ എത്തിയ രാഹുലിനെ വരവേൽക്കാൻ ആയിരങ്ങളാണു തടിച്ചു കൂടിയത്. 

എല്ലാവർക്കും ഹൃദയത്തിൽ നിന്നു നന്ദി അറിയിക്കുന്നുവെന്നു പറഞ്ഞാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. പ്രസംഗം ഹിന്ദിയിൽ വേണോ ഇംഗ്ലിഷിൽ വേണോ എന്നു ചോദിച്ചപ്പോൾ ഹിന്ദി എന്നു തൊഴിലാളികൾ ഉറക്കെപ്പറഞ്ഞു. തുടർന്ന് 5 മിനിറ്റോളം ഹിന്ദിയിൽ പ്രസംഗിച്ചു.

യുഎഇയിലെ കൂറ്റൻ കെട്ടിടങ്ങളും മികച്ച റോഡുകളുമെല്ലാം കാണുമ്പോൾ നിങ്ങളുടെ വിയർപ്പും അധ്വാനവും ഇതിലുണ്ട് എന്ന് ഓർത്ത് അഭിമാനമുണ്ട്. ഈ രാജ്യത്തെ ഭരണാധികാരികളുടെ വരെ പ്രശംസ നേടിയത് ഏറെ അഭിമാനകരമാണെന്നു രാഹുൽ പറഞ്ഞപ്പോൾ കാതടപ്പിക്കുന്ന കയ്യടി മുഴങ്ങി. 

തുടർന്നു തൊഴിലാളികളുടെ അടുത്തെത്തി സംസാരിച്ചു. പിന്നീടാണ്, അവർക്കു പറയാനുള്ളതു കേൾക്കുകയാണു പ്രധാനമെന്ന മുഖവുരയോടെ ചോദ്യങ്ങൾക്കും ആവശ്യങ്ങൾക്കും കാതോർത്തത്. 

ഉത്തരേന്ത്യക്കാരായ 5 പേരാണു സംസാരിച്ചത്. തൊഴിലാളിക്ഷേമ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണമെന്നായിരുന്നു ആദ്യത്തെ ആവശ്യം. ആന്ധ്രയ്ക്കു പ്രത്യേക പദവി വേണമെന്നായി അടുത്തയാൾ. പ്രകടന പത്രികയിൽ ഇക്കാര്യങ്ങളെല്ലാം കൃത്യമായി പറയുമെന്നും ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും രാഹുൽ പറഞ്ഞു. 

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആന്ധ്രയ്ക്കു സ്വതന്ത്ര പദവി നൽകുമെന്ന ഉറപ്പും. അടുത്തു കോൺഗ്രസ് അധികാരത്തിലെത്തുമെന്നു കൂടി പറഞ്ഞതോടെ മുദ്രാവാക്യങ്ങൾ മുഴങ്ങി. ചോദ്യമുന്നയിച്ചവരോടു വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണു രാഹുൽ വേദി വിട്ടത്.

ഉമ്മൻ ചാണ്ടിയെ വേദിയിലേക്ക് ക്ഷണിച്ച് രാഹുൽ

വേദിയിൽ 2 പേർക്കാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. രാഹുൽ ഗാന്ധിക്കും പ്രവാസി കോൺഗ്രസ് ചെയർമാൻ സാം പിത്രോദയ്ക്കും. എന്നാൽ രാഹുൽ, ഉമ്മൻ ചാണ്ടിയെ സദസ്സിൽ നിന്നു വേദിയിലേക്കു ക്ഷണിച്ചു. അദ്ദേഹത്തെ കൈപിടിച്ചു വേദിയിൽ കയറ്റിയിരുത്തുകയും ചെയ്തു. ഉമ്മൻ ചാണ്ടിയും പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA