ലോക്സഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥികൾ ഫെബ്രുവരി 20നു മുൻപ്

congress-flag
SHARE

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ഫെബ്രുവരി 20നു മുൻപ് തീരുമാനിക്കും. ഇന്നലെ ചേർന്ന പാർട്ടി ഉന്നത സമിതി യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രൂപം നൽകിയ സമയപട്ടികയിലാണു രാജ്യത്തുടനീളമുള്ള സ്ഥാനാർഥികളെ നിർണയിക്കുന്നതിനു തീയതി നിശ്ചയിച്ചത്. ജില്ലകളിൽ നിന്നുള്ള അഭിപ്രായം ശേഖരിച്ച ശേഷം, സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയുമായി കൂടിയാലോചിച്ചു ഹൈക്കമാൻഡ് സ്ഥാനാർഥികളെ തീരുമാനിക്കും.

ബ്ലോക്ക് കമ്മിറ്റി, ഡിസിസി എന്നിവയിലുള്ള ഒഴിവുകൾ ഈ മാസം 15നുള്ളിൽ നികത്തും. പ്രവർത്തക സമിതിയംഗം എ.കെ. ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റിയുടെയും പിസിസി അധ്യക്ഷൻമാരുടെയും എഐസിസി ജനറൽ സെക്രട്ടറിമാരുടെയും യോഗം പ്രചാരണ പരിപാടികൾക്കു പ്രാഥമിക രൂപം നൽകി.  പ്രകടനപത്രികയിൽ ഉൾപ്പെടുത്തേണ്ട പ്രാധാന്യമുള്ള വിഷയങ്ങൾ അറിയിക്കാൻ സംസ്ഥാന ഘടകങ്ങൾക്കു ദേശീയ നേതൃത്വം നിർദേശം നൽകി.

തിരഞ്ഞെടുപ്പിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരമാവധി കടന്നാക്രമിക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസ്, സമൂഹ മാധ്യമങ്ങളിലും വ്യാപക പ്രചാരണം നടത്തും.  ആന്റണിക്കു പുറമേ കോർ കമ്മിറ്റി അംഗം കെ.സി. വേണുഗോപാൽ, ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് പി.സി. ചാക്കോ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

കൊച്ചിയിൽ 24,970 വനിതകളെ അഭിസംബോധന ചെയ്യാൻ രാഹുൽ

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു തുടക്കമിട്ട് ഈ മാസം 29നു കൊച്ചിയിലെത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യുക 24,970 വനിതാ ഭാരവാഹികളെ. രാഹുലിന്റെ നിർദേശ പ്രകാരം സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ വിശദാംശങ്ങൾ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ദേശീയ നേതൃത്വവുമായി ചർച്ചചെയ്തു.
24,970 ബൂത്തുകളിലെ വനിതാ വൈസ് പ്രസിഡന്റുമാർ സമ്മേളനത്തിൽ പങ്കെടുക്കും.

ഇതാദ്യമായാണ് ഇത്രയുമധികം ബൂത്തുകളിൽ വൈസ് പ്രസിഡന്റ് പദവികളിലേക്കു വനിതകളെ പാർട്ടി നിയോഗിക്കുന്നത്. ബൂത്തുതല ഭാരവാഹിത്വത്തിൽ വനിതകൾക്കു പ്രാമുഖ്യം നൽകിയ കെപിസിസി നടപടിയിൽ സന്തുഷ്ടി പ്രകടിപ്പിച്ച രാഹുൽ, അവരെ അഭിസംബോധന ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ബൂത്തുകളുടെ പുനഃസംഘടന 10 ദിവസത്തിനകം പൂർത്തിയാക്കുമെന്നു മുല്ലപ്പള്ളി വ്യക്തമാക്കി.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA