ലോക്സഭ: കൂടുതൽ സീറ്റ് തേടി സിപിഎമ്മും സിപിഐയും; ഇത് നിലനിൽപിന്റെ പോരാട്ടം

cpm-cpi-logo
SHARE

ന്യൂഡൽഹി ∙ ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഒന്നിപ്പിക്കുകയെന്ന ലക്ഷ്യത്തിനൊപ്പം, പൊതു തിരഞ്ഞെടുപ്പിൽ സ്വയം പിടിച്ചു നിൽക്കാനുള്ള ശ്രമത്തിനായി സിപിഎമ്മും സിപിഐയും പ്രതിപക്ഷ കക്ഷികളുമായി സീറ്റ് ചർച്ച തുടങ്ങി. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ, എവിടെയൊക്കെ സീറ്റ് ധാരണയ്ക്കു താൽപര്യമുണ്ടെന്നു വ്യക്തമാക്കാൻ ഇടതു പാർട്ടികളോടു കോൺഗ്രസ് ആവശ്യപ്പെട്ടതായാണു സൂചന.

ഇത്തവണ 20 സീറ്റെങ്കിലും നേടിയാൽ മാന്യമായ നേട്ടം അവകാശപ്പെടാമെന്നാണ് ഇടതുപക്ഷത്തെ വിലയിരുത്തൽ. വലിയ നേട്ടം കേരളത്തിലാണു പ്രതീക്ഷിക്കുന്നത്. 

ബംഗാളിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കുന്നതിനെക്കുറിച്ച് ഇനിയും വ്യക്തതയായിട്ടില്ല. തൃണമൂൽ കോൺഗ്രസ് ഈ മാസം 19നു കൊൽക്കത്തയിൽ നടത്തുന്ന റാലിയോടു കോൺഗ്രസ് എങ്ങനെ പ്രതികരിക്കുമെന്നാണു സിപിഎം ശ്രദ്ധിക്കുന്നത്. മമതയുടെ റാലിക്കു മറുപടിയായി അടുത്ത 3ന് ബ്രിഗേഡ് ഗ്രൗണ്ടിൽ സിപിഎമ്മും റാലി നടത്തുന്നുണ്ട്. 

തമിഴ്നാട്ടിൽ ഡിഎംകെ നയിക്കുന്ന സഖ്യവുമായി സഹകരിക്കുമ്പോൾ 2 സീറ്റ് വീതം സിപിഎമ്മും സിപിഐയും ആഗ്രഹിക്കുന്നു. മഹാരാഷ്ട്രയിൽ കോൺഗ്രസിനോടും എൻസിപിയോടും ഓരോ സീറ്റ് ചോദിച്ചു വാങ്ങാനാണു സിപിഎമ്മിന്റെ ശ്രമം. കോൺഗ്രസുമായി ഈയാഴ്ച ചർച്ച നടത്തിയേക്കും. അവലോകനത്തിനായി  സിപിഎം പൊളിറ്റ്ബ്യൂറോ അടുത്ത മാസം 8നും 9നും ചേരും.

ആശുപത്രിയിലും ചർച്ച

ബിഹാറിലെ കൂട്ടുകെട്ടിനെക്കുറിച്ച് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി റാഞ്ചിയിലെ ആശുപത്രിയിൽ ചർച്ച നടത്തി. ബെഗുസരായി മണ്ഡലത്തിൽ കനയ്യ കുമാറിനെ മൽസരിപ്പിക്കാൻ സിപിഐയ്ക്കു താൽപര്യമുണ്ട്. വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ കനയ്യയെ മൽസരിപ്പിക്കണമെന്ന അഭിപ്രായം പാർട്ടിക്കു സ്വീകാര്യമല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA