ആലോക് അഴിമതി കാട്ടിയതിന് തെളിവില്ല: ജസ്റ്റിസ് പട്നായിക്

alok-verma-ak-patnaik
SHARE

ന്യൂഡൽഹി∙ ആലോക് വർമ അഴിമതി കാട്ടിയതിനു തെളിവില്ലെന്നും പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ തീരുമാനം ഏറെ തിടുക്കത്തിലായിരുന്നുവെന്നുമുളള ജസ്റ്റിസ് എ.കെ. പട്നായിക്കിന്റെ പരാമർശം സിബിഐ ഡയറക്ടറെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദം കൊഴുപ്പിച്ചു. 

കേന്ദ്ര വിജിലൻസ് കമ്മിഷൻ (സിവിസി) ആലോക് വർമയ്ക്കെതിരെ നടത്തിയ അന്വേഷണത്തിനു സുപ്രീം കോടതിയുടെ നിർദേശാനുസരണം മേൽനോട്ടം വഹിച്ചത് ജസ്റ്റിസ് പട്നായിക്കാണ്.

സിവിസിയിലെ നടപടികളെക്കുറിച്ചു ജസ്റ്റിസ് പട്നായിക് സുപ്രീം കോടതിക്കു നൽകിയ റിപ്പോർട്ട് ഉന്നതാധികാര സമിതി കണക്കിലെടുത്തില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സമിതി ചേരാതെയാണ് ആദ്യം ഡയറക്ടറെ മാറ്റിയത്, യോഗം വിളിച്ചപ്പോഴും സിവിസിയുടെ റിപ്പോർട്ട് മാത്രമാണു പരിഗണിച്ചത് – സമിതിയംഗമായ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ പറഞ്ഞു.

എന്നാൽ, കോൺഗ്രസ് പക്ഷം പിടിക്കുകയാണെന്ന പ്രതീതി ഒഴിവാക്കാനും ഖർഗെ ഇന്നലെ ശ്രമിച്ചു. 

അസ്താന കേസിനു മുൻപ് ആലോകിനെ മാറ്റി

സനയിൽ നിന്ന് 3 കോടി കൈക്കൂലി വാങ്ങിയെന്ന കേസിൽ സിബിഐ മുൻ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കില്ലെന്നും അന്വേഷണം തുടരാമെന്നുമാണു കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി വിധിച്ചത്.

ഒരാഴ്ചയ്ക്കുള്ളിൽ ഉന്നതാധികാര സമിതി ചേർന്നാൽ മതിയെന്നാണു സുപ്രീം കോടതി 8നു നിർദേശിച്ചത്.എന്നാൽ തിരക്കിട്ട് 9നും 10നും യോഗം ചേർന്നു; ആലോക് വർമയെ പുറത്താക്കാൻ ഭൂരിപക്ഷ തീരുമാനമുണ്ടായി.

ഹൈക്കോടതി വിധി, തങ്ങൾ പിന്തുണയ്ക്കുന്ന അസ്താനയ്ക്ക് പ്രതികൂലമാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണു വേഗത്തിൽ യോഗം ചേരാൻ സർക്കാർ താൽപര്യപ്പെട്ടതെന്നു സൂചനയുണ്ട്. വിധിക്കു ശേഷമാണു യോഗമെങ്കിൽ, വർമയെ മാറ്റുക എളുപ്പമല്ലായിരുന്നു. കേസുമായി ബന്ധപ്പെട്ട് അസ്താനയുടേതായി സിവിസി നൽകിയ മൊഴി തന്റെ സാന്നിധ്യത്തിലല്ല ഒപ്പുവച്ചതെന്നും സിവിസി കോടതിക്കു നൽകിയ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തന്റേതല്ലെന്നു കോടതിയെ അറിയിച്ചിരുന്നുവെന്നും ജസ്റ്റിസ് പട്നായിക് പറഞ്ഞു. 

∙ മല്ലികാർജുൻ ഖർഗെ: ഞങ്ങൾ ആരുടെയും പക്ഷത്തല്ല. നിയമപ്രകാരം നടപടികൾ വേണമെന്നാണു നിലപാട്. ആലോക് വർമയെ ന്യായീകരിക്കുകയല്ല. നിയമനത്തിന്റെയും നീക്കലിന്റെയും നടപടിക്രമമാണു വിഷയം. രണ്ടു വശവും കേൾക്കണം. ഒരു റിപ്പോർട്ടിന്റെ മാത്രം അടിസ്ഥാനത്തിലായിരുന്നു തീരുമാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA