യുപിയിൽ 80 സീറ്റിലും കോൺഗ്രസ് ഒറ്റയ്ക്ക്; രാഹുലിനു പുറമേ പ്രിയങ്കയും രംഗത്തിറങ്ങും

rahul-and-priyanka
SHARE

ന്യൂഡൽഹി∙ യുപിയിൽ 80 സീറ്റിലും ഒറ്റയ്ക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ, സംസ്ഥാനത്ത് ഊർജിത പ്രചാരണത്തിനു കച്ച മുറുക്കി കോൺഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിക്കു വേണ്ടിയുള്ള പ്രത്യേക പ്രചാരണ തന്ത്രത്തിനു രൂപം നൽകാൻ പാർട്ടി കോർ കമ്മിറ്റി യോഗം നാളെ ചേരും.

അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വ്യാപക പ്രചാരണത്തിനു ലക്ഷ്യമിടുന്ന കോൺഗ്രസ്, പ്രിയങ്ക വാധ്‌രയുടെ സേവനവും ഉപയോഗിക്കും.

ദേശീയതലത്തിൽ രാഹുലിന്റെ പ്രതിച്ഛായ മെച്ചപ്പെട്ടത് യുപിയിൽ ഗുണം ചെയ്യുമെന്നും കൂടുതൽ സീറ്റുകൾക്ക് അതു വഴിയൊരുക്കുമെന്നുമാണു പാർട്ടിയുടെ പ്രതീക്ഷ. 2009ൽ വിജയിച്ച 21 മണ്ഡലങ്ങളിലും 2014ൽ രണ്ടാം സ്ഥാനത്തെത്തിയ 6 മണ്ഡലങ്ങളിലും വിജയ സാധ്യത നിലനിൽക്കുന്നുവെന്നാണു കണക്കുകൂട്ടൽ. എസ്പി–ബിഎസ്പി സഖ്യത്തോട് ഇടഞ്ഞു നിൽക്കുന്ന ആർഎൽഡിയുമായി സഹകരിക്കുന്നതിന്റെ സാധ്യതകൾ പാർട്ടി പരിശോധിക്കും. അലഹാബാദിൽ നാളെ മുതൽ മാർച്ച് വരെ നടക്കുന്ന കുംഭമേളയിൽ രാഹുലിന്റെ സാന്നിധ്യം ഉറപ്പാക്കി, മൃദു ഹിന്ദുത്വ നയവും പിന്തുടരും.

വരുമോ വരുൺ?

ബിജെപിയിൽനിന്ന് അകന്നു നിൽക്കുന്ന യുവ നേതാവ് വരുൺ ഗാന്ധി കോൺഗ്രസിലേക്കു ചുവടുമാറിയേക്കുമെന്ന അഭ്യൂഹം ശക്തം. വരുൺ വരുന്നതിനോടു കോൺഗ്രസ് ദേശീയ നേതൃത്വത്തിന് എതിർപ്പില്ല. എന്നാൽ, കേന്ദ്രമന്ത്രിയായ അമ്മ മേനക ഗാന്ധിയെ കൈവിട്ട് അദ്ദേഹം വന്നേക്കില്ലെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. 

∙ രാഹുൽ ഗാന്ധി: എസ്പി– ബിഎസ്പി സഖ്യം രാഷ്ട്രീയ തീരുമാനമാണ്. അതിനെ മാനിക്കുന്നു. മായാവതി, അഖിലേഷ്, മുലായം എന്നിവരോടു ബഹുമാനമുണ്ട്. അവർ കോൺഗ്രസിനെ വിലകുറച്ചു കാണുകയാണ് ചെയ്തത്. കോൺഗ്രസ് പൂർണ ശക്തിയോടെ പോരാടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA