സുപ്രീം കോടതിയിൽ 2 ജഡ്ജിമാർ കൂടി; ദിനേശ് മഹേശ്വരിയും സഞ്ജീവ് ഖന്നയും നാളെ സത്യപ്രതി‍ജ്ഞ ചെയ്യും

supreme-court-2018
SHARE

ന്യൂഡൽഹി ∙ കൊളീജിയം നടപടികളിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധികാര ദുർവിനിയോഗമുണ്ടായി എന്ന ആരോപണത്തിനിടെ, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരിയെയും ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും സുപ്രീം കോടതിയിൽ നിയമിക്കാനുള്ള ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. ഇരുവരും നാളെ സത്യപ്രതി‍ജ്ഞ ചെയ്യും.

ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെയും രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗിനേയും സുപ്രീം കോടതി ജഡ്ജിമാരായി ശുപാർശ ചെയ്യാമെന്നാണ് കഴിഞ്ഞ മാസം 12ന് അഞ്ചംഗ കൊളീജിയം തീരുമാനിച്ചത്. ഈ തീരുമാനം നടപ്പാക്കിയില്ല. കഴിഞ്ഞ 10ന് കൊളീജിയം ഈ തീരുമാനം തിരുത്തി; ജഡ്ജിമാരായ ദിനേശ് മഹേശ്വരിയുടെയും സഞ്ജീവ് ഖന്നയുടെയും പേര് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. സീനിയോറിറ്റി കണക്കിലെടുക്കാതെയും, കൊളീജിയത്തിന്റെ മുൻ തീരുമാനം മാനിക്കാതെയുമാണു നടപടിയെന്ന സുപ്രീം കോടതിയിലെ ചില ജഡ്ജിമാർതന്നെ വിമർശനമുന്നയിച്ചു.

സുപ്രീം കോടതിയിലെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, തന്റെ വിയോജിപ്പ് ചീഫ് ജസ്റ്റിസിനെ രേഖാമൂലം അറിയിച്ചതായാണു സൂചന. സീനിയോറിറ്റിയിൽ 32 ജഡ്ജിമാർക്കു പിന്നിലുള്ള ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിക്കാനുള്ള ശുപാർശ അംഗീകരിച്ചാൽ അതു കരിദിനമായിരിക്കുമെന്ന് രാഷ്ട്രപതിക്കയച്ച കത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി കൈലാഷ് ഗംഭീർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, വിമർശനങ്ങൾ അവഗണിച്ച് കൊളീജിയം ശുപാർശ അംഗീകരിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA