സംവരണം നിയമത്തിലുണ്ട്, പ്രാബല്യത്തിലില്ല

SHARE

ന്യൂഡൽഹി ∙ 13 വർഷമായി പ്രാബല്യത്തിലുള്ളതും നിയമതടസ്സമില്ലെന്നു നാലര വർഷം മുൻപു സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയതുമായ പട്ടിക വിഭാഗ, ഒബിസി സംവരണമാണു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.

ഒന്നാം യുപിഎ സർക്കാരാണു 2005ൽ ന്യൂനപക്ഷങ്ങളുടേത് ഒഴികെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികവിഭാഗത്തിനും ഒബിസിക്കും സംവരണത്തിനു ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. 93ാം ഭേദഗതിയിലൂടെ ഭരണഘടനയിൽ 15(5) വകുപ്പ് ഉൾപ്പെടുത്തി. 2006 ജനുവരി 1 മുതൽ ഇതു പ്രാബല്യത്തിലുണ്ട്; നടപ്പാക്കിയിട്ടില്ലെന്നു മാത്രം. ഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്നാണ് 2014 മേയ് 6നു പ്രമതി എജ്യുക്കേഷനൽ ആൻഡ് കൾചറൽ ട്രസ്റ്റ് കേസിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചത്. 

വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പ് തൊഴിലായി പരിഗണിക്കാമെന്നും സർക്കാരിന്റെ സംവരണ തത്വം സ്വകാര്യ സ്ഥാപനങ്ങളിൽ അടിച്ചേൽപിക്കാനാവില്ലെന്നും 2002ൽ ടിഎംഎ പൈ കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ, ഈ വിധി വന്നു 3 വർഷത്തിനുശേഷമാണു 93ാം ഭരണഘടനാ ഭേദഗതിയുണ്ടായത്. ഫലത്തിൽ, പട്ടിക, ഒബിസി വിഭാഗങ്ങൾക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണത്തിനു നിയമതടസ്സമില്ല. 

സ്വകാര്യ മേഖലയിൽനിന്നു പ്രതിഷേധം ഉയരാൻ സാധ്യതയുള്ളതിനാൽ കരുതലോടെയാണു നീക്കമെന്നു മാനവശേഷി മന്ത്രാലയ വൃത്തങ്ങൾ സമ്മതിക്കുന്നു. പട്ടിക വിഭാഗം, ഒബിസി, മുന്നാക്കക്കാരിലെ സാമ്പത്തികമായി ദുർബലരായവർ എന്നിങ്ങനെ 3 വിഭാഗങ്ങൾക്കായും സംവരണ വ്യവസ്ഥകൾ നിർദേശിക്കേണ്ടതുണ്ട്. 

മുന്നാക്ക സംവരണവും കോടതിയിൽ 

ഇപ്പോൾ, മുന്നാക്ക സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതികൾക്കെതിരെയും സുപ്രീം കോടതിയിൽ ഹർജിയുണ്ട്. സംവരണം സ്വകാര്യ മേഖലയിൽ അടിച്ചേൽപിക്കാൻ പാടില്ലെന്നു ടിഎംഎ പൈ കേസിലെ വിധിയിൽ പറഞ്ഞിട്ടുണ്ടെന്നതാണ് ഹർജിക്കാരുടെ പ്രധാന വാദം. എന്നാൽ, തുല്യ അവസരം ഭരണഘടനാ ലക്ഷ്യമാണെന്നും ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ബാധിക്കുന്നില്ലെന്നുമാണ് 2014 വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA