വഖഫ് വാടക നിയമം : ജസ്റ്റിസ് സഖിയുല്ല ഖാൻ റിപ്പോർട്ട് നൽകി

SHARE

ന്യൂഡൽഹി ∙ വഖഫ് വസ്തുക്കളുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾ കുറച്ചു കൊണ്ടുവരുന്നതിനടക്കമുള്ള ശുപാർശകളുമായി ജസ്റ്റിസ് സഖിയുല്ല ഖാൻ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. വഖഫ് വസ്തുക്കളിൽ വാടകക്കാരായി എത്തുന്നവർക്കു ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതു കർശനമായി തടയുന്നതിനു പുറമേ, വരുമാന വർധനയ്ക്കുള്ള നിർദേശങ്ങളും ശുപാർശ ചെയ്തിട്ടുണ്ട്. കോടതി വ്യവഹാരങ്ങളെ തുടർന്നു വാടകയുമില്ല, അവകാശവുമില്ലെന്ന അവസ്ഥയുണ്ടെന്നും പരിഹാരം കാണാൻ റിപ്പോർട്ടിനു കഴിയുമെന്നും സമിതി അംഗം ടി.ഒ. നൗഷാദ് വ്യക്തമാക്കി.

എല്ലാവരെയും ഉൾക്കൊണ്ടാണ് റിപ്പോർട്ട് തയാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ലേല നടപടിയിൽ പങ്കെടുക്കണമെന്ന വ്യവസ്ഥയിൽ നിന്ന് 1995 നു മുൻപേ വഖഫ് വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരെ ഒഴിവാക്കണമെന്ന ശുപാർശ പ്രധാന മാറ്റമാണ്. ഉപാധികളോടെ 10 വർഷത്തേക്കു വരെ ഇവർക്കു പുതുക്കി നൽകാം. 3000 രൂപയിൽ താഴെ വാടക വരുന്ന വസ്തുക്കളെ സങ്കീർണമായ നിയമ നടപടിക്രമങ്ങളിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. അടിസ്ഥാന വാടകയിൽ മാറ്റങ്ങൾ വരും. വാടകക്കരാറിലേർപ്പെടുമ്പോൾ, കെട്ടിവയ്ക്കേണ്ട തുകയിൽ ഇളവനുവദിച്ചിട്ടുണ്ട്.

വാടകക്കരാർ അവസാനിപ്പിക്കാൻ മാസവ്യത്യാസത്തിൽ 3 നോട്ടിസ് നൽകുന്നതു വഴി സാധിക്കുമെന്നതാണ് മറ്റൊരു പ്രധാന നിർദേശം. കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്​വി റിപ്പോർട്ട് പ്രകാശനം ചെയ്തു. ജസ്റ്റിസ് സഖിയുള്ളഖാൻ കൺവീനറായ സമിതി സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ, അംഗങ്ങൾ, വഖഫ് മുതവല്ലിമാർ എന്നിവരുമായി കൊച്ചിയലടക്കം അഭിപ്രായ രൂപീകരണം നടത്തിയിരുന്നു. ഹുസൈൻ റിസ്‌വി, ഡോ. അനിൽകുമാർ ഗുപ്ത, ആർ.എസ്. സക്സേന, സെൻട്രൽ വഖഫ് കൗൺസിൽ സെക്രട്ടറി ബി.എം. ജമാൽ എന്നിവരും സമിതിയിൽ അംഗങ്ങളായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA