സ്വകാര്യസ്ഥാപനങ്ങളിലെ സീറ്റിലും സംവരണം; നടപടി സാമ്പത്തിക സംവരണത്തിനൊപ്പം

Classroom---Representative-Image
SHARE

ന്യൂഡൽഹി ∙ മുന്നാക്ക സാമ്പത്തിക സംവരണത്തിനൊപ്പം ന്യൂനപക്ഷങ്ങളുടേത് ഒഴികെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികവിഭാഗങ്ങൾ, ഇതര പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവർക്കും സീറ്റ് സംവരണം ഉറപ്പാക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. വരുന്ന അധ്യയന വർഷം തന്നെ (2019–20) നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി.

സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് 2006ൽ പ്രാബല്യത്തിലായിരുന്നു. ഭരണഘടനാ സാധുത 2014 മേയിൽ സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തു.
ഫലത്തിൽ, പട്ടിക, ഒബിസി വിഭാഗങ്ങൾക്ക് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണത്തിനു നിയമതടസ്സമില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കം. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിൽ പട്ടികവിഭാഗത്തിനും ഒബിസിക്കും സംവരണമുണ്ട്. സാമ്പത്തികമായി ദുർബലരായവർക്ക് 10% തൊഴിൽ–വിദ്യാഭ്യാസ സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി തിങ്കളാഴ്ചയാണു പ്രാബല്യത്തിലായത്.

അതിന്റെ അടിസ്ഥാനത്തിലുള്ള സംവരണ വ്യവസ്ഥ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രോസ്പെക്ടസിൽ ഉൾപ്പെടുത്താനുള്ള നിർദേശം ഉടൻ പുറത്തിറക്കാനാണു മന്ത്രാലയം ശ്രമിക്കുന്നത്. ഇതിനൊപ്പം, സ്വകാര്യമേഖലയ്ക്കായുള്ള നടപടിയുമുണ്ടാകാം.

ആർട്സ് ആൻഡ് സയൻസ്: എയ്ഡഡ് സീറ്റിൽ മാറ്റം വരും

തിരുവനന്തപുരം ∙ കേരളത്തിൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പട്ടിക വിഭാഗങ്ങൾക്കും എസ്ഇബിസി (സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവർ)ക്കും ഇപ്പോൾ സംവരണമുണ്ട്. അതേസമയം എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പട്ടികവിഭാഗ, കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ടകളാണുളളത്. ഗവ. പ്രഫഷനൽ കോളജുകളിൽ പട്ടികവിഭാഗ, എസ്ഇബിസി സംവരണം നിലവിലുണ്ട്. സ്വകാര്യ സ്വാശ്രയ പ്രഫഷനൽ കോളജുകളിലെ സർക്കാർ സീറ്റിലും പട്ടിക വിഭാഗ, എസ്ഇബിസി സംവരണമുണ്ട്; മാനേജ്മെന്റ് സീറ്റിൽ ഇല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA