സിബിഐ ഡയറക്ടർ: ഉന്നതാധികാര സമിതി 24നു ചേർന്നേക്കും

Rakesh-Asthana
SHARE

ന്യൂഡൽഹി ∙ സിബിഐയിൽനിന്നു പുറത്തായ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി മേധാവിയായും ജോയിന്റ് ഡയറക്ടർ എ.കെ. ശർമയെ സിആർപിഎഫ് അഡീഷനൽ ഡയറക്ടറായും നിയമിച്ചു. ഡിഐജി മനീഷ്കുമാർ സിൻഹയെ ബ്യൂറോ ഓഫ് പൊലീസ് റിസർച് ആൻഡ് ഡവലപ്മെന്റിലേക്കു മാറ്റി. എസ്പി: ജയന്ത് വി. നയിക്നവരെ മഹാരാഷ്ട്ര കേഡറിലേക്കു മടങ്ങും.

പുതിയ സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാൻ ഉന്നതാധികാര സമിതി 24നു യോഗം ചേർന്നേക്കും. പരിഗണിക്കപ്പെടുന്നവരിൽ പ്രധാനമന്ത്രിയുടെ വിശ്വസ്തരായ എൻഐഎ ഡയറക്ടർ ജനറൽ വൈ.സി. മോദിയും ഗുജറാത്ത് ഡിജിപി ശിവാനന്ദ് ഝായും ഉണ്ടെന്നാണു വിവരം.

ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്ര മോദിക്കു ക്ലീൻ ചിറ്റ് നൽകിയ വൈ.സി. മോദി 2015–17 കാലത്തു സിബിഐ അഡീഷനൽ ഡയറക്ടറായിരുന്നത് അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു.
ഗുജറാത്ത് കലാപം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ അംഗമായിരുന്നു ഝാ. പിന്നീട് കോടതി തന്നെ ഒഴിവാക്കി.

മുംബൈ സിറ്റി പൊലീസ് കമ്മിഷണർ സുബോധ് കുമാർ ജയ്സ്വാൾ, യുപി ഡി‍ജിപി ഒ.പി. സിങ്, ബിഎസ്എഫ് ഡിജിപി: രജനികാന്ത് മിശ്ര എന്നിവരുടെ പേരുകളും കേന്ദ്ര വിജലൻസ് കമ്മിഷന്റെ പരിശോധനയ്ക്കെത്തിയ പട്ടികയിലുണ്ടെന്നാണു വിവരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA