കർണാടക: നീട്ടിയെറിഞ്ഞ് ബിജെപി; ലക്ഷ്യം പ്രധാന ലോക്സഭാ സീറ്റുകളും

bjp-logo
SHARE

ബെംഗളൂരു/ന്യൂഡൽഹി∙ കർണാടക സർക്കാരിനെ മറിച്ചിടാനായില്ലെങ്കിലും 4 പേരെ കോൺഗ്രസിൽ നിന്നു പുറത്തുചാടിച്ച് അതു ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടമാക്കാനുള്ള തീവ്രയജ്ഞത്തിൽ ബിജെപി. മുംബൈയിലുള്ള മുൻമന്ത്രി രമേഷ് ജാർക്കിഹോളി ഉൾപ്പെടെ ഏതാനും എംഎൽഎമാർ ഇപ്പോഴും കോൺഗ്രസ് നേതൃത്വുമായി ഇടഞ്ഞു നിൽക്കുന്നതിലാണ് ബിജെപി പ്രതീക്ഷ. അവർ ഇന്നത്തെ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ നിന്നു വിട്ടുനിന്നാൽ നിയമസഭാംഗത്വം നഷ്ടമാകും വിധം പാർട്ടി നടപടിയെടുത്തേക്കും.

അങ്ങനെയെങ്കിൽ ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് മല്ലികാർജുൻ ഖർഗെ പ്രതിനിധീകരിക്കുന്ന കലബുറഗി, ബിജെപിയിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിടിച്ചെടുത്ത ബെള്ളാരി മണ്ഡലങ്ങൾ ലക്ഷ്യമിട്ടുള്ള ബിജെപി തന്ത്രം ഭാഗികമായി വിജയിച്ചേക്കും.മല്ലികാർജുൻ ഖർഗെയ്ക്കെതിരെ വിമതൻ ഉമേഷ് ജാദവിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കളത്തിലിറക്കാനാണു ശ്രമം. ജാദവ്, ജാർക്കിഹോളിക്കൊപ്പം മുംബൈയിലാണ്. മഹേഷ് കുമത്തല്ലി, ബിജെപി വിട്ട് കോൺഗ്രസിലെത്തി എംഎൽഎയായ ബി.നാഗേന്ദ്ര എന്നിവരാണ് വിമതസംഘത്തിലെ മറ്റുള്ളവർ.

ഇവരെ ഒപ്പം നിർത്തി ബെള്ളാരിയിൽ വിജയം ഉറപ്പാക്കാമെന്നാണു ബിജെപി കണക്കുകൂട്ടൽ. കോൺഗ്രസ് യോഗത്തിനു ശേഷം ഭാവി പരിപാടികൾ തീരുമാനിക്കാമെന്നാണു ഹരിയാന റിസോർട്ടിലുള്ള പാർട്ടി എംഎൽഎമാരെ ബിജെപി നേതൃത്വം അറിയിച്ചിട്ടുള്ളത്. ഓപ്പറേഷൻ താമര പരാജയപ്പെട്ടെന്നു തീർച്ചപ്പെടുത്താറായിട്ടില്ലെന്നും ബിജെപി കേന്ദ്രങ്ങൾ പറയുന്നു.

രമേശ് ജാർക്കിഹോളി അടക്കമുള്ളവരുമായി കോൺഗ്രസ് ബന്ധപ്പെടുന്നുണ്ട്. വിമത നീക്കത്തിൽ നിന്നു മറ്റ് എംഎൽഎമാർ പിൻമാറിയെന്നും സമ്മർദതന്ത്രം തുടരുന്നതുകൊണ്ടു ഫലമില്ലെന്നുമാണ് ഇവർക്കു നൽകുന്ന സന്ദേശം. വിമത സ്വരമുയർത്തിയ ചിലർക്കു മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ളവ നൽകുന്നതു പരിഗണിക്കും. രമേശ് ജാർക്കിഹോളിക്കു മന്ത്രിസ്ഥാനം നൽകേണ്ടെന്നാണു നിലവിലെ തീരുമാനം. ഐഐസിസി സെക്രട്ടറി കൂടിയായ സഹോദരൻ സതീഷ് മന്ത്രിയായതിനാൽ, അതേ കുടുംബത്തിൽ നിന്നു മറ്റൊരു മന്ത്രികൂടി വേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA