ജനാധിപത്യ മൂല്യങ്ങൾ പുനഃസ്ഥാപിക്കണം: സോണിയ; മോദിക്കെതിരെ ഒരേ സ്വരത്തിൽ പ്രതിപക്ഷ പാർട്ടികൾ

Sonia-Gandhi-2
SHARE

ന്യൂഡൽ‌ഹി∙ ജനാധിപത്യത്തിൽ രാജ്യത്തിനുള്ള വിശ്വാസവും മതനിരപേക്ഷ മൂല്യങ്ങളും ഭരണഘടനാ വ്യവസ്ഥകളും പുനഃസ്ഥാപിക്കാനുള്ള തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേതെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. 

ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെയുടെ കൈവശം കൊടുത്തുവിട്ട സന്ദേശത്തിൽ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ സംഘടിപ്പിച്ച റാലിക്കു സോണിയ ആശംസ നേർന്നു. റാലിക്ക് ഐക്യദാർ‌ഢ്യം പ്രഖ്യാപിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം മമതയ്ക്കു കത്തയച്ചതിനു പിന്നാലെയാണു സോണിയ ആശംസ കൈമാറിയത്.

∙ മമതാ ബാനർജി (ബംഗാൾ മുഖ്യമന്ത്രി): മോദിയെ താഴെയിറക്കാൻ പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കും. പ്രധാനമന്ത്രി ആരാകുമെന്നതു തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും 

∙ മല്ലികാർജുൻ ഖർഗെ (ലോക്സഭയിൽ കോൺഗ്രസിന്റെ കക്ഷി നേതാവ്): പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചില്ലെങ്കിൽ, നരേന്ദ്ര മോദിയും അമിത് ഷായും ജനാധിപത്യത്തെയും മതനിരപേക്ഷ മൂല്യങ്ങളെയും തകർക്കുന്നതു നമുക്കു കാണേണ്ടി വരും.

∙ എൻ. ചന്ദ്രബാബു നായിഡു (ആന്ധ്ര മുഖ്യമന്ത്രി): സ്വന്തം പ്രതിച്ഛായ മിനുക്കുന്നതിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു താൽപര്യം. രാജ്യത്തെ ജനങ്ങളെ അദ്ദേഹം വഞ്ചിച്ചു. ജനങ്ങൾക്കിടയിൽ സ്പർധ വളർത്തി, തരംതാണ രാഷ്ട്രീയം കളിക്കാനാണു ബിജെപിയുടെ ശ്രമം.

∙ എച്ച്.ഡി. കുമാരസ്വാമി (കർണാടക മുഖ്യമന്ത്രി): ഒരേ ദിവസം അഴിമതിക്കെതിരെ സംസാരിക്കുകയും രാഷ്ട്രീയ നേട്ടത്തിനായി കുതിരക്കച്ചവടം നടത്തുകയും ചെയ്യുന്ന പാർട്ടിയാണു ബിജെപി. കണക്കിലെ കളി മാത്രമായി ജനാധിപത്യത്തെ അവർ മാറ്റി. ജനപ്രതിനിധികളെ കച്ചവടച്ചരക്കായാണു ബിജെപി കൈകാര്യം ചെയ്യുന്നത്.

∙ അരവിന്ദ് കേജ്‌രിവാൾ (ഡൽഹി മുഖ്യമന്ത്രി): മോദി സർക്കാരിനെ എന്തു വിലകൊടുത്തും അധികാരത്തിൽ നിന്നു പുറത്താക്കണം. മോദി – അമിത് ഷാ കൂട്ടുകെട്ട് അടുത്ത തിരഞ്ഞെടുപ്പ് ജയിച്ചാൽ, ഇനിയൊരിക്കലും തിരഞ്ഞെടുപ്പ് പോലും നടത്താനാവാത്ത വിധം അവർ ഭരണഘടന തിരുത്തിയെഴുതും. ആദ്യം മോദിയെ പുറത്താക്കൂ; അടുത്ത പ്രധാനമന്ത്രിയാരാണെന്നതു പിന്നീടു തീരുമാനിക്കേണ്ട കാര്യം.

∙ എച്ച്.ഡി. ദേവെഗൗ‍ഡ (മുൻ പ്രധാനമന്ത്രി ,ജെഡിഎസ്): പ്രതിപക്ഷ കക്ഷികൾ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ബിജെപിയെ താഴെയിറക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം.

∙ ശരദ് പവാർ (എൻസിപി): ജനങ്ങൾ ഞങ്ങൾക്കൊപ്പമാണ്. മോദി സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കി. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം നടക്കുന്നു. രാജ്യത്തെ രക്ഷിക്കാനാണു ഞങ്ങൾ ഒന്നിക്കുന്നത്.

∙ അഖിലേഷ് യാദവ് (എസ്പി): ജനങ്ങളുമായാണു പ്രതിപക്ഷ കക്ഷികളുടെ സഖ്യം. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുമായാണു ബിജെപി സഖ്യം. അടുത്ത പ്രധാനമന്ത്രിയെ ഞങ്ങൾക്കിടയിൽ നിന്നു ജനങ്ങൾ തിരഞ്ഞെടുക്കും. അതേസമയം, ഭരണത്തിൽ പൂർണ പരാജയമായ മോദിയെ മാത്രമാണ് ആ സ്ഥാനത്തേക്കു ബിജെപി ഉയർത്തിക്കാട്ടുന്നത്.

∙ സതീഷ് ചന്ദ്ര മിശ്ര (ബിഎസ്പി): ദലിത്, ന്യൂനപക്ഷ വിരുദ്ധ മോദി സർക്കാരിനെ അടിവേരോടെ പിഴുതെറിയാനാണ് യുപിയിൽ എസ്പിയും ബിഎസ്പിയും ഒന്നിച്ചത്.

∙ തേജസ്വി യാദവ് (ആർജെഡി): രാജ്യത്ത് നുണകളുടെ നിർമാണവും മൊത്തക്കച്ചവടവും വിതരണവും നടത്തുന്നതു നരേന്ദ്ര മോദിയാണ്. അദ്ദേഹത്തിന്റെ വ്യാജ വാഗ്ദാനങ്ങളും വാചക കസർത്തും ഇനി ചെലവാകില്ല.

∙ ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്): ഇലക്ട്രോണിക് വോട്ടിങ് യന്ത്രം തട്ടിപ്പാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കണം.

∙ യശ്വന്ത് സിൻഹ (മുന്‍ ‍കേന്ദ്രമന്ത്രി): മോദിയെ മാത്രമല്ല അദ്ദേഹം പ്രചരിപ്പിക്കുന്ന ആശയത്തെയും തോൽപിക്കണം. സർക്കാരിന് അനുകൂലമായി സംസാരിക്കുന്നവർ ദേശഭക്തരും എതിർക്കുന്നവർ രാജ്യദ്രോഹികളുമാകുന്നു. വികസനം സംബന്ധിച്ച വ്യ‌ാജ കണക്കുകൾ നിരത്തി ജനങ്ങളെ വിഡ്ഢികളാക്കുന്ന കേന്ദ്ര സർക്കാർ ഇതിനു മുൻപുണ്ടായിട്ടില്ല.

∙ ശത്രുഘ്നൻ സിൻഹ (ബിജെപി എംപി): ഈ റാലിയിൽ പങ്കെടുത്തതിനു ബിജെപിയിൽ നിന്നു പുറത്താക്കുകയാണെങ്കിൽ അങ്ങനെയാവട്ടെ. സത്യം വിളിച്ചു പറഞ്ഞതിനുള്ള ശിക്ഷ പുറത്താക്കലാണെങ്കിൽ അതേറ്റുവാങ്ങാൻ ഞാൻ ഒരുക്കമാണ്. ജനങ്ങൾക്കൊപ്പം നിന്ന വാജ്പേയി വിശുദ്ധനായിരുന്നു. പക്ഷേ, മോദിയും അമിത് ഷായും തട്ടിപ്പുകാരാണ്.

∙ അരുൺ ഷൂറി (മുന്‍ ‍കേന്ദ്രമന്ത്രി): മഹാഭാരതത്തിലെ അർജുനനെ പോലെ ഏക ലക്ഷ്യത്തിൽ കണ്ണുനട്ട് പ്രതിപക്ഷ കക്ഷികൾ മുന്നോട്ടു നീങ്ങണം. ബിജെപി സർക്കാരിനെ പുറത്താക്കുക എന്ന ലക്ഷ്യത്തിൽ നിന്നു വ്യതിചലിക്കാൻ പാടില്ല. സർക്കാരിനെ താഴെയിറക്കുക എളുപ്പമല്ല. പക്ഷേ, രാജ്യസ്നേഹം മുൻനിർത്തി വിട്ടുവീഴ്ചകൾക്കു തയാറായി പ്രതിപക്ഷം ഒന്നിക്കണം.

∙ ഹാർദിക് പട്ടേൽ (പട്ടേൽ സമുദായ നേതാവ്): ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാൻ മോദിയെ പുറത്താക്കണം. കള്ളൻമാർക്കെതിരെയാണു പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചിരിക്കുന്നത്.

∙  ജിഗ്നേഷ് മേവാനി (ദലിത് നേതാവ്): ബിജെപിക്കും ആർഎസ്എസ്സിനും കീഴിൽ രാജ്യം നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിക്ക് ഐക്യ പ്രതിപക്ഷ നിര പരിഹാരമുണ്ടാക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA