മോദിക്കെതിരെ ഒറ്റക്കെട്ട്; മമതയുടെ മഹാറാലിയിൽ കോൺഗ്രസ് ഉൾപ്പെടെ പ്രമുഖ കക്ഷികൾ

Brigade-Rally
SHARE

കൊൽക്കത്ത ∙ പൊതുതിരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ ബിജെപി സർക്കാരിനെ അധികാരത്തിൽ തിരിച്ചെത്തിക്കില്ലെന്ന് ലക്ഷങ്ങളെ സാക്ഷിനിർത്തി പ്രതിപക്ഷ ഐക്യനിരയുടെ പ്രഖ്യാപനം. തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന മഹാറാലിയിൽ കോൺഗ്രസ് ഉൾപ്പെടെ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ കക്ഷികളെല്ലാം നിരന്നത് ബിജെപിക്കെതിരെ മഹാസഖ്യം രൂപപ്പെടുന്നതിന്റെ വിളംബരമായി. 

കാലാവധി തീർന്ന നരേന്ദ്രമോദി സർക്കാരിന്റെ ദിനങ്ങൾ എണ്ണപ്പെട്ടെന്ന് ആതിഥേയയായി നിറഞ്ഞുനിന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കേന്ദ്രത്തിൽ മാറ്റത്തിനു സമയമായെന്ന മുദ്രാവാക്യമുയർത്തിയ മമത, മറ്റു നേതാക്കളെക്കൊണ്ട് അത് ഏറ്റുചൊല്ലിച്ച് പ്രതിപക്ഷ നിരയ്ക്കു വീര്യം പകർന്നു.

ദുർഘടമാണു ലക്ഷ്യമെങ്കിലും ഭിന്നതകൾ മറന്നു കൈകോർത്തു മുന്നേറണമെന്ന കോൺഗ്രസ് ലോക്‌സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖർഗെയുടെ വാക്കുകൾ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെത്തിയ ലക്ഷക്കണക്കിനാളുകളും നേതാക്കളും ഹർഷാരവത്തോടെ സ്വീകരിച്ചു. റാലിക്ക് ഐക്യദാർഢ്യമർപ്പിച്ച് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി കൊടുത്തുവിട്ട സന്ദേശം ഖർഗെ വായിച്ചു. സോണിയയ്ക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും മമത നന്ദി അറിയിച്ചു.

കോൺഗ്രസിനും തൃണമൂലിനും പുറമെ റാലിയിൽ പങ്കെടുത്ത 13 കക്ഷികളും നരേന്ദ്ര മോദിയെ പുറത്താക്കാൻ ഒന്നിക്കണമെന്ന കാര്യത്തിൽ യോജിച്ചു. മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‌രിവാൾ, ചന്ദ്രബാബു നായിഡു, എച്ച്.ഡി. കുമാരസ്വാമി എന്നിവരടക്കം അണിനിരന്ന റാലിയിൽ 40 ലക്ഷം പേർ പങ്കെടുത്തുവെന്നു തൃണമൂൽ കോൺഗ്രസ് അവകാശപ്പെട്ടു.

മമത, ഖർഗെ എന്നിവർക്കു പുറമെ പങ്കെടുത്ത പ്രധാന നേതാക്കൾ ഇവർ: ശരദ് പവാർ (എൻസിപി),എച്ച്.ഡി. ദേവെഗൗഡ (ജെഡിഎസ്), അഖിലേഷ് യാദവ് (എസ്പി), സതീഷ് മിശ്ര (ബിഎസ്പി), അഭിഷേക് സിങ്‌വി (കോൺഗ്രസ്), എം.കെ. സ്റ്റാലിൻ (ഡിഎംകെ), ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല (നാഷനൽ കോൺഫറൻസ്), തേജസ്വി യാദവ് (ആർജെഡി), അജിത് സിങ്, ജയന്ത് ചൗധരി (ആർഎൽഡി), ശരദ് യാദവ് (ലോക് താന്ത്രിക് ജനതാദൾ), ഹേമന്ത് സോറൻ (ജാർഖണ്ഡ് മുക്തി മോർച്ച), ബാബുലാൽ മറാണ്ഡി (ജാർഖണ്ഡ് വികാസ് മോർച്ച). ബിജെപിയിലെ വിമത നേതാക്കളായ യശ്വന്ത് സിൻഹ, ശത്രുഘ്നൻ സിൻഹ, അരുൺ ഷൂറി, പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ, ദലിത് നേതാവ് ജിഗ്നേഷ് മേവാനി.

വിട്ടുനിന്ന പ്രധാന കക്ഷികൾ: ഇടതുപാർട്ടികൾ, ബിജു ജനതാദൾ (ബിജെഡി), തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA