സർക്കാർ രൂപീകരിക്കുമ്പോൾ 30 കക്ഷികൾ; ഭരണകാലത്ത് എൻഡിഎ വിട്ടത് 17 പാർട്ടികൾ

leaf
SHARE

ന്യൂഡൽഹി∙ അധികാരത്തിലെത്തുമ്പോൾ 30 പാർട്ടികളുടെ കരുത്തുണ്ടായിരുന്ന എൻഡിഎയ്ക്ക് ഇതിനിടെ നഷ്ടമായത് 17 സഖ്യകക്ഷികളെ. പലവിധ ആവശ്യങ്ങളുമായി ഭീഷണി ഉയർത്തുന്ന 5 പാർട്ടികൾ ഏതുനിമിഷവും മുന്നണി വിടുമെന്ന അവസ്ഥയിലുമാണ്. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, ദക്ഷിണേന്ത്യയിൽ ബിജെപി സഖ്യത്തിന്റെ ശക്തിസ്രോതസ്സായി നിന്ന തെലുങ്കുദേശം പാർട്ടി അടക്കം ഇക്കുറി പ്രതിപക്ഷചേരിയുടെ മുൻനിരയിലാണ്. 

പൗരത്വ നിയമഭേദഗതി ബിൽ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതിനെത്തുടർന്ന് അസം ഗണ പരിഷത്ത് മുന്നണി വിട്ടതിനു പിന്നാലെ ബംഗാളിൽ ഗൂർഖ ജനമുക്തി മോർച്ചയും ബന്ധം അവസാനിപ്പിച്ചു. മുന്നണിക്കു പഴയതിലും ശക്തിയുണ്ടെന്നു നേതാക്കൾ അവകാശപ്പെടുമ്പോഴും അംഗബലം ചോർന്നതു ബിജെപിയെ പ്രതിരോധത്തിലാക്കുന്നു. 

അധികാരത്തിന്റെ തുടക്കത്തിൽ തന്നെ സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയിരുന്നു. പ്രാദേശിക പാർട്ടികളെ ഒതുക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന ആരോപണവുമായി ഹരിയാന ജനഹിത് കോൺഗ്രസാണ് ആദ്യം മുന്നണി വിട്ടത്. തമിഴ് ജനതയെ കേന്ദ്രസർക്കാർ വഞ്ചിക്കുകയാണെന്ന് ആരോപണവുമായി വൈകോയുടെ നേതൃത്വത്തിൽ എംഡിഎംകെയും ഭരണത്തിന്റെ ആദ്യവർഷത്തിൽ തന്നെ സഖ്യം വിട്ടു. 

വിജയ്കാന്തിന്റെ ഡിഎംഡികെയും എസ്. രാമദോസിന്റെ പിഎംകെയും തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു സഖ്യം വിട്ടിരുന്നു. ഇരുപാർട്ടികളും വീണ്ടും ബിജെപിയോട് അടുക്കുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും മുന്നാക്ക സംവരണ നീക്കത്തോടെ ഈ സാധ്യതകൾക്കു മങ്ങലേറ്റു. കേരളത്തിൽ, കഴിഞ്ഞതവണ ബിജെപിയെ പിന്തുണച്ച എ.വി. താമരാക്ഷന്റെ നേതൃത്വത്തിലുള്ള ആർഎസ്പി(ബി)യും സി.കെ.ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയും ബിജെപിയെ തള്ളിപ്പറഞ്ഞു. 

കഴിഞ്ഞതവണ എൻഡിഎയ്ക്കായി ആന്ധ്രയിൽ വൻ പ്രചാരണത്തിനു നേതൃത്വം നൽകിയ പവൻ കല്യാണിന്റെ ജനസേന ഇക്കുറി 175 സീറ്റിലും സ്വന്തം സ്ഥാനാർഥികളെ നിർത്താനുള്ള ഒരുക്കത്തിലാണ്.  

ബിഹാർ മുൻ മുഖ്യമന്ത്രി ജീതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച കോൺഗ്രസ്–ആർജെഡി സഖ്യത്തിനൊപ്പം ചേർന്നു. 15 വർഷത്തെ ബന്ധത്തിനു വിരാമമിട്ടു നാഗാ പീപ്പീൾസ് ഫ്രണ്ട് കൈവിട്ടതായിരുന്നു മറ്റൊരു തിരിച്ചടി. മഹാരാഷ്ട്രയിൽ, സ്വാഭിമാനി പക്ഷയും വഴിപിരിഞ്ഞു. 

കർണാടക പ്രജ്ഞാവന്ത ജനത, ലോക് സമത പാർട്ടി, വികാസ്ശീൽ ഇൻസാൻ പാർട്ടി, കശ്മീരിൽ സഖ്യകക്ഷിയായിരുന്ന പിഡിപി എന്നിവയും ബിജെപിയെ കൈവിട്ട പാർട്ടികളുടെ കൂട്ടത്തിൽപ്പെടുന്നു. 

ഇടഞ്ഞ് 5 പാർട്ടികൾ

ബിജെപിക്കു ആശങ്കനൽകുന്ന 5 പാർട്ടികൾ വേറെയുമുണ്ട്. മഹാരാഷ്ട്രയിൽ ശിവസേന, യുപിയിൽ അപ്നാ ദൾ, യുപി മന്ത്രി കൂടിയായ ഒ.പി.രാജ്ബറുടെ സുഹെൽദേവ് ബഹുജൻ സമദ് പാർട്ടി, മേഘാലയയിൽ മുഖ്യമന്ത്രി കോൺട്രാഡ് സാങ്മയുടെ നാഷനൽ പീപ്പിൾസ് പാർട്ടി എന്നിവ. സംവരണാവശ്യം ഫെബ്രുവരി 25നകം നടപ്പാക്കിയില്ലെങ്കിൽ യുപിയിൽ മുഴുവൻ സീറ്റുകളിലും സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് രാജ്ബറുടെ ഭീഷണി.

മുന്നണിവിടുമെന്ന സൂചന നൽകി കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ മകനും ബിഹാർ ലോക് ജനശക്തി നേതാവുമായ ചിരാഗും രംഗത്തെത്തി. അരുണാചൽ മുൻ മുഖ്യമന്ത്രി ഗെഗോങ് അപാങ്ങിനെ പോലുള്ളവർ പാർട്ടി തന്നെ വിട്ടുപോകുന്നതും തിരഞ്ഞെടുപ്പു വർഷത്തിൽ ബിജെപിയുടെ കരുത്തുചോർത്തുന്നു. കഴിഞ്ഞ ശനിയാഴ്ച മമതാ ബാനർജി സംഘടിപ്പിച്ച സമ്മേളനത്തിൽ അപാങ് പങ്കെടുക്കുകയും ചെയ്തിരുന്നു.

ഏറ്റവുമൊടുവിൽ ഗൂർഖ ജനമുക്തിയും

ബിജെപിയുമായി ഏറെനാളായി നീറിപ്പുകയുന്ന അകൽച്ചയെത്തുടർന്നാണ് ഗൂർഖ ജനമുക്തി മോർച്ച കഴിഞ്ഞദിവസം എൻഡിഎയെ തള്ളിപ്പറഞ്ഞത്.  മമത ബാനർജി സംഘടിപ്പിച്ച റാലിയിൽ പാർട്ടി അധ്യക്ഷൻ ബിനയ് തമാങ്ങും പാർട്ടി ജനറൽ സെക്രട്ടറി അനിൽ താപയും പങ്കെടുത്തു. 10 വർഷത്തോളം എൻഡിഎയുടെ ഭാഗമായിരുന്ന ഗൂർഖ ജനമുക്തി മോർച്ചയുടെ മനം മാറ്റം ബംഗാളിലെ നാലു മണ്ഡലങ്ങളിലെങ്കിലും പ്രതിഫലിച്ചേക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA