വോട്ട് രസീതിലും ക്രമക്കേട് സാധ്യം: സയീദ് ഷുജ

voting-machine-1-4
SHARE

ന്യൂഡൽഹി∙ വോട്ടിങ് യന്ത്രത്തിനെതിരായ ആരോപണങ്ങളെത്തുടർന്നു പ്രാബല്യത്തിൽ വന്ന വോട്ട് രസീത് സംവിധാനത്തിലും (വിവിപാറ്റ്) ക്രമക്കേട് സാധ്യമാണെന്ന് ‘സൈബർ വിദഗ്ധൻ’ സയീദ് ഷുജ. 

എല്ലായിടത്തും വിവിപാറ്റ് ഉപയോഗിക്കാനും അതിന്റെ കണക്കുകൾ ക്രോഡീകരിക്കാനും തയാറല്ലെന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലപാടും ശ്രദ്ധേയമാണെന്നും ഷുജ പറഞ്ഞു. തന്റെ വെളിപ്പെടുത്തലുകളിൽ കഴമ്പില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ പറയും. എന്തു ചെയ്താലും ക്രമക്കേടു നടത്താൻ പറ്റാത്ത വോട്ടിങ് യന്ത്രവും ഇലക്ട്രോണിക്സ് കോർപറേഷനിൽ (ഇസിഐഎൽ) തയാറാക്കിയിരുന്നു. 

ക്രമക്കേട് ആരോപിക്കുന്നവർക്കു മുന്നിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഇതാണു പ്രദർശിപ്പിക്കാറുള്ളത്. 

ക്രമക്കേട് നടത്താൻ സാങ്കേതിക സഹായം നൽകിയതു റിലയൻസ് കമ്യൂണിക്കേഷൻസാണെന്നും ഇതിനായി രാജ്യത്തിന്റെ പല ഭാഗത്തായി 9 കേന്ദ്രങ്ങളുണ്ടായിരുന്നുവെന്നും ഷുജ ആരോപിച്ചു. ഡേറ്റ എൻട്രി എന്ന പേരിൽ തങ്ങളെക്കൊണ്ടു ചെയ്യിക്കുന്നത് ക്രമക്കേടിനുള്ള കാര്യങ്ങളാണെന്ന് ഇവിടെ ജോലി ചെയ്യുന്നവർക്കുപോലും അറിയില്ലെന്നും പറഞ്ഞു. 

കോൺഗ്രസിന് 2014ൽ 201 സീറ്റുകൾ നഷ്ടമായത് ക്രമക്കേട് മൂലമാണെന്നും ഷുജ വാദിക്കുന്നു. എങ്ങനെയാണ് ക്രമക്കേട് നടത്തുന്നതെന്നു കോൺഗ്രസ്, ബിഎസ്പി, എസ്പി, ആംആദ്മി പാർട്ടി നേതാക്കൾ തന്നോട് അന്വേഷിച്ചിരുന്നു.

ഇന്ത്യയിലെ ഒരു ഇംഗ്ലിഷ് ടിവി ചാനലിൽ ‘എല്ലാ രാത്രിയിലും ചർച്ചകളിൽ ബഹളം വയ്ക്കുന്ന’ മാധ്യമപ്രവർത്തകനോടു താൻ 2015 മാർച്ചിൽ യുഎസിൽവച്ച് തട്ടിപ്പിന്റെ വിവരങ്ങൾ പങ്കുവച്ചിരുന്നു. ഇയാൾ പിന്നീട് പുതിയ ചാനൽ തുടങ്ങി. താൻ നേരിട്ട പ്രശ്നങ്ങൾ രേഖകകൾ സഹിതം ലഭ്യമാക്കിയാണു യുഎസിൽ രാഷ്ട്രീയ അഭയം തേടിയതെന്നും ഇതിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്കു നൽകാൻ തയാറാണെന്നും ഷുജ പറയുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA