ഗുജറാത്തിൽ അമിത് ഷായുടെ ‘എതിരാളി’ ഉൾപ്പെടെ രണ്ടു നേതാക്കൾ കോൺഗ്രസിൽ

Congress,-BJP
SHARE

അഹമ്മദാബാദ്∙ പൊതുതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ഗുജറാത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പാർട്ടിയിലെ പഴയ എതിരാളിയും മുൻമന്ത്രിയുമായ ബിമൽ ഷാ പാർട്ടി വിട്ട് കോൺഗ്രസിൽ. തെക്കൻ ഗുജറാത്തിലെ പ്രമുഖ ഗോത്രവിഭാഗ നേതാവും മുൻ എംഎൽഎയുമായ അനിൽ പട്ടേലും കോൺഗ്രസിൽ ചേർന്നു.

1998 ൽ കേശുഭായി പട്ടേലിന്റെ മന്തിസഭയിൽ അംഗമായിരുന്ന ബിമൽ ഷായ്ക്ക് കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർഥിത്വം നിഷേധിച്ചിരുന്നു. കേശുഭായ്– നരേന്ദ്ര മോദി അധികാര വടംവലിക്കിടയിൽ രണ്ടു ചേരിയിലായിരുന്നു ബിമൽ ഷായും അന്നു എംഎൽഎയായിരുന്ന അമിത് ഷായും. മോദിയുടെ അടുപ്പക്കാരനായിരുന്ന അമിത് ഷായെ അന്ന് കേശുഭായി പട്ടേൽ ഒതുക്കുകയായിരുന്നു. എന്നാൽ പിന്നീടു മോദി അധികാരം പിടിച്ചതിനെത്തുടർന്ന് അമിത് ഷാ അമരത്തേക്കു വന്നപ്പോൾ ബിമൽ ഷാ തഴയപ്പെട്ടു. രണ്ടു തവണയും സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നിൽ അമിത് ഷായാണെന്നു കുറ്റപ്പെടുത്തുന്ന ബിമൽ ഷാ, പാർട്ടി വിട്ടതിനു കാരണവും മറ്റൊന്നല്ലെന്നു സൂചന നൽകിയിട്ടുണ്ട്.

തെക്കൻ ഗുജറാത്തിലെ ആദിവാസി മേഖലകളിൽ സ്വാധീനമുള്ള നേതാവാണ് രാജി വച്ച അനിൽ പട്ടേൽ .  ഭാരതീയ ട്രൈബൽ പാർട്ടിയുടെ സ്വാധീനവും കോൺഗ്രസുമായുള്ള അവരുടെ തിരഞ്ഞെടുപ്പു ധാരണകളും ഇപ്പോൾത്തന്നെ ബിജെപി പാളയത്തിൽ ആശങ്ക പടർത്തുന്നതിനിടയിലാണു പട്ടേൽ പാർട്ടി വിട്ടിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA