അമേഠിയിൽ ബിജെപി ശക്തം: രാഹുൽ 2 മണ്ഡലങ്ങളിൽ കൂടി മത്സരിച്ചേക്കും

Rahul-Gandhi
SHARE

മുംബൈ/ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്സഭാ മണ്ഡലത്തിലോ  മധ്യപ്രദേശിലെ ചിന്ത്‍വാഡയിലോ കൂടി മത്സരിച്ചേക്കുമെന്ന് അഭ്യൂഹം ശക്തം. 

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മഹാരാഷ്ട്ര ഘടകം അധ്യക്ഷനുമായ അശോക് ചവാൻ നിലവിൽ പ്രതിനിധീകരിക്കുന്ന മണ്ഡലമാണു നന്ദേഡ്. കനത്ത തിരിച്ചടിയുണ്ടായ 2014 ലും കോൺഗ്രസിനെ കൈവിടാത്ത 2 മണ്ഡലങ്ങളിലൊന്നും. യുപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുള്ള സംസ്ഥാനം എന്നതാണ് മഹാരാഷ്ട്രയിൽ നിന്നു രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയ്ക്കു കാരണം. രാഹുൽ മഹാരാഷ്ട്രയിൽ മത്സരിച്ചാൽ സംസ്ഥാനത്തുടനീളം അതിന്റെ ഗുണഫലം ഉണ്ടാകാമെന്ന് ഈ ആവശ്യമുന്നയിക്കുന്നവർ വാദിക്കുന്നു.

മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഒഴിഞ്ഞ മണ്ഡലമായ ചിന്ത്‌വാഡയും കോൺഗ്രസിന്റെ ശക്തികേന്ദ്രമാണ്.

2004 മുതൽ രാഹുൽ പ്രതിനിധീകരിക്കുന്ന അമേഠി ലോക്സഭാ മണ്ഡലത്തിലുൾപ്പെടുന്ന 5 നിയമസഭാ മണ്ഡലങ്ങളിൽ നാലിലും ബിജെപി ജയിച്ചതു കോൺഗ്രസ് ഗൗരവത്തോടെ കാണുന്നു. എന്നാൽ, ഒന്നിലധികം മണ്ഡലങ്ങളിൽ പാർട്ടി അധ്യക്ഷൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും വിശദമായ ചർച്ചകൾ ആവശ്യമാണെന്നും പാർട്ടി കേന്ദ്രങ്ങൾ പറഞ്ഞു.

കോൺഗ്രസ്-എൻസിപി സഖ്യത്തിന് നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടായാൽ മുഖ്യമന്ത്രി പദത്തിലേക്ക് പ്രഥമപരിഗണന ലഭിക്കാൻ സാധ്യതയുള്ളയാളാണ് ചവാൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA