‘തൊഴിൽവീഥിയിൽ’ റെയിൽവേ; 2 വർഷം കൊണ്ട് 4 ലക്ഷം പേർക്ക് തൊഴിലെന്ന് കേന്ദ്രമന്ത്രി

train-compartment
SHARE

ന്യൂഡൽഹി ∙ രാജ്യം തിരഞ്ഞെടുപ്പിലേക്കു നീങ്ങവെ, 2.5 ലക്ഷം ഒഴിവുകൾ കൂടി നികത്തുമെന്നു പ്രഖ്യാപിച്ച് റെയിൽവേ. നടപടി അന്തിമ ഘട്ടത്തിലായ 1.5 ലക്ഷം തസ്തികകൾ കൂടി പരിഗണിച്ചാൽ 2 വർഷം കൊണ്ടു രാജ്യത്തു 4 ലക്ഷം പേർക്കു ജോലി ലഭിക്കുമെന്നാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ പ്രഖ്യാപനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം ഈ തസ്തികകളിൽ ബാധകമാക്കുമെന്നും വ്യക്തമാക്കി.

2 ഘട്ടങ്ങളിലായാവും ഇതു നടപ്പാക്കുക. ആദ്യ വിജ്ഞാപനം ഫെബ്രുവരിയിലും രണ്ടാമത്തേത് മേയ് – ജൂൺ മാസങ്ങളിലുമായി നടത്താൻ റെയിൽവേ ബോർഡിനു നിർദേശം നൽകി. നിലവിൽ, സംവരണാനുകൂല്യം ലഭിക്കുന്നവരെ ബാധിക്കാത്ത വിധത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ഉറപ്പാക്കിയാവും നിയമനം. 2 വർഷത്തിനിടെ, മുന്നാക്ക സംവരണ മാനദണ്ഡപ്രകാരം 23,000 ഒഴിവുകളാവും അനുവദിക്കുകയെന്ന് അറിയുന്നു.

കഴിഞ്ഞ വർഷം, ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലായി 1.2 ലക്ഷം ഒഴിവുകളിലേക്കു റെയിൽവേ വിജ്ഞാപനമിറക്കിയിരുന്നു. 2.5 കോടിയോളം പേർ ഈ തസ്തികകളിലേക്ക് അപേക്ഷിച്ചിരുന്നു. വരുന്ന ഓഗസ്റ്റോടെ ഈ ഒഴിവുകൾ നികത്താനാവുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. നിലവിൽ 15.06 ലക്ഷം തസ്തികകളാണ് റെയിൽവേയിലുള്ളത്. ഇതിൽ 2.82 ലക്ഷവും ഒഴിഞ്ഞുകിടക്കുകയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA