കോൺഗ്രസിനു പിന്നാലെ നയം വ്യക്തമാക്കി ടിഡിപിയും; ദേശീയതലത്തിൽ ഒന്നിച്ച്, ആന്ധ്രയിൽ തനിച്ച്

chandrababu-naidu-and-rahul-gandhi
SHARE

ന്യൂഡൽഹി ∙ ആന്ധ്രയിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നു കോൺഗ്രസ് അറിയിച്ചതിനു പിന്നാലെ, അതേപാത പിന്തുടരുമെന്ന സൂചന നൽകി ടിഡിപി നേതാവും മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നായിഡുവും കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണു ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്കു നിൽക്കുന്നതാണ് ഉചിതമെന്ന ധാരണയിൽ ഇരു കക്ഷികളുമെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ബിജെപിക്കെതിരെ ദേശീയതലത്തിൽ കൈകോർക്കാമെന്നാണു നിലവിലെ ധാരണ.

ബിജെപിയെ തോൽപിക്കുക എന്ന ഏക ലക്ഷ്യത്തിനായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായുള്ള സഖ്യം ദേശീയ തലത്തിലായിരിക്കുമെന്നു നായിഡു വ്യക്തമാക്കി. ഒരു കാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന ആന്ധ്രയിൽ താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും ഒറ്റയ്ക്കു മത്സരിക്കുന്നതാണ് ഉചിതമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി രാഹുലിനെ അറിയിച്ചിരുന്നു.

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യത്തിനേറ്റ തിരിച്ചടിയും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം ഇന്ദിര ഗാന്ധിയെ സ്നേഹിക്കുന്ന ആന്ധ്രയിലും പ്രതിഫലിക്കുമെന്നാണു കോൺഗ്രസ് കണക്കുകൂട്ടൽ. യുപിയിലും ഒറ്റയ്ക്കു മത്സരിക്കാൻ പാർട്ടി നേരത്തേ തീരുമാനിച്ചിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA