പ്രിയങ്കയ്ക്കായി റായ്ബറേലി, അമേഠി പരിഗണനയിൽ; രാഹുൽ മണ്ഡലം മാറുമെന്ന് അഭ്യൂഹം

Rahul-Gandhi-and-Priyanka-Gandhi-2
SHARE

ന്യൂഡൽഹി ∙ കിഴക്കൻ യുപിയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയാക്കിയതിനു പിന്നാലെ, പ്രിയങ്ക ഗാന്ധിയെ സ്ഥാനാർഥിയാക്കുന്നതും കോൺഗ്രസിന്റെ പരിഗണനയിൽ. സോണിയാ ഗാന്ധി ഇക്കുറി ഒഴിഞ്ഞു നിന്നാൽ പകരം റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കാൻ സാധ്യതയേറെ. രാഹുൽ റായ്ബറേലിയിലേക്കു മാറി, പ്രിയങ്കയെ അമേഠിയിലേക്കും പരിഗണിക്കാം.

റായ്ബറേലി സന്ദർശിക്കാനിരുന്ന സോണിയ അവസാന നിമിഷം പിൻമാറിയതും രാഹുൽ ഇന്നലെ അവിടെ പ്രചാരണത്തിനെത്തിയതും ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാക്കി. 2004 ൽ രാഹുലിനായി അമേഠി ഒഴിഞ്ഞ സോണിയ റായ്ബറേലിയിലേക്കു മാറിയിരുന്നു. അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനിയെ നേരിടാൻ പ്രിയങ്കയെക്കാൾ മികച്ച സ്ഥാനാർഥിയില്ലെന്നാണു കോൺഗ്രസ് വിലയിരുത്തൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പ്രചാരണം യുപിയിൽ തളച്ചിടാൻ പ്രിയങ്കയുടെ സ്ഥാനാർഥിത്വം വഴിയൊരുക്കുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. മോദിയെ നേർക്കുനേർ നേരിടാൻ പ്രിയങ്കയെ വാരാണസിയിൽ മത്സരിപ്പിക്കണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്. മത്സരിക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം പ്രിയങ്കയുടേതു മാത്രമായിരിക്കുമെന്നു പാർട്ടിയിലെ ഉന്നത നേതാവ് വ്യക്തമാക്കി.

ആദ്യസന്ദർശനം ആഘോഷമാക്കും

ജനറൽ സെക്രട്ടറിയായ ശേഷം യുപിയിലേക്കുള്ള പ്രിയങ്കയുടെ ആദ്യ സന്ദർശനം ആഘോഷമാക്കാൻ കോൺഗ്രസ് നേതൃത്വം. ലക്നൗവിൽ മെഗാ റോഡ് ഷോയിലൂടെ അവരെ അവതരിപ്പിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്തു. നിലവിൽ വിദേശത്തുള്ള പ്രിയങ്ക ഏതാനും ദിവസങ്ങൾക്കുള്ളിൽ മടങ്ങിയെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA