അഭ്യൂഹങ്ങൾക്കു വിരാമം, പ്രിയങ്ക ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി; കിഴക്കൻ യുപിയുടെ ചുമതല

Priyanka-Gandhi-12
SHARE

ന്യൂഡൽഹി ∙ ഉത്തർപ്രദേശിൽ കൈവിട്ട പ്രതാപം തിരിച്ചുപിടിക്കാനും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വീര്യം പകരാനും പാർട്ടിയുടെ തുറുപ്പുചീട്ടായ പ്രിയങ്ക ഗാന്ധിയെ കളത്തിലിറക്കി കോൺഗ്രസിന്റെ രാഷ്ട്രീയ നീക്കം. ദേശീയ രാഷ്ട്രീയ ഗോദയിൽ വർഷങ്ങളായുള്ള അഭ്യൂഹങ്ങൾക്കു വിരാമമിട്ടാണ് സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കയുടെ രംഗപ്രവേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസി ഉൾപ്പെടുന്ന കിഴക്കൻ യുപിയുടെ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഫെബ്രുവരി ആദ്യ വാരം ചുമതലയേൽക്കും.

പ്രതിരോധത്തിലൂന്നിയല്ല, മുന്നേറ്റ നിരയിൽ നിറഞ്ഞു നിൽക്കാനാണു യുപിയിൽ കോൺഗ്രസ് ഒറ്റയ്ക്കു മൽസരിക്കുന്നതെന്നു വ്യക്തമാക്കിയ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി, സഹോദരിയുടെ രാഷ്ട്രീയ പ്രവേശത്തിന്റെ ലക്ഷ്യത്തിലേക്കു വിരൽചൂണ്ടി. പടിഞ്ഞാറൻ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെയും നിയമിച്ച രാഹുൽ, സംസ്ഥാനത്ത് രണ്ടും കൽപിച്ചുള്ള പോരാട്ടത്തിനു കോൺഗ്രസ് തയ്യാറാണെന്ന സന്ദേശം നൽകി.

എന്തിന് പ്രിയങ്ക

ഏറ്റവുമധികം ലോക്സഭാ സീറ്റുകളുള്ള (80 സീറ്റ്) യുപിയിൽ ബിജെപിയെ നേർക്കുനേർ നേരിടാനും തങ്ങളെ ഒഴിവാക്കി രൂപീകരിച്ച എസ്പി – ബിഎസ്പി സഖ്യത്തിനു മുന്നിൽ പരിഭ്രമിക്കാതിരിക്കാനുമുള്ള കോൺഗ്രസിന്റെ വജ്രായുധം. രാഹുലിന്റെ മണ്ഡലമായ അമേഠിയിലും സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും മാത്രം പ്രചാരണം നടത്തുന്ന പതിവു വിട്ട് ഇത്തവണ സംസ്ഥാനത്തുടനീളം പ്രചാരണത്തിലും സ്ഥാനാർഥി നിർണയത്തിലും പ്രിയങ്ക സജീവമാകും. ഇന്നലെ വൈകിട്ട് ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗം യുപിയിൽ പ്രിയങ്കയെ മുൻനിർത്തിയുള്ള പ്രചാരണ തന്ത്രം വിലയിരുത്തി. 

∙ 'പ്രിയങ്ക കഴിവുള്ള നേതാവ്. സഹോദരിയുമായി തോളോടുതോൾ ചേർന്നു പ്രവർത്തിക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടൻ' - രാഹുൽ ഗാന്ധി

∙ 'ബിജെപിക്കു പാർട്ടിയാണു കുടുംബം. ചിലർക്ക് കുടുംബമാണ് പാർട്ടി' - പ്രധാനമന്ത്രി നരേന്ദ്രമോദി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA