ദളിനെ അപമാനിച്ചാൽ രാജിയെന്ന് കുമാരസ്വാമി; തണുപ്പിച്ച് കോൺഗ്രസ്

HD-Kumaraswamy
SHARE

ബെംഗളൂരു ∙ മുന്നണി മര്യാദകൾക്ക് നിരക്കാത്ത പ്രസ്താവനകളിൽ പരിഭവിച്ച് രാജിഭീഷണി മുഴക്കിയ കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയെ തണുപ്പിക്കാൻ സ്വന്തം എംഎൽഎയ്ക്കെതിരെ നടപടിയുമായി കോൺഗ്രസ്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഭരിക്കാൻ ഒരവസരംകൂടി നൽകേണ്ടതായിരുന്നു എന്ന കോൺഗ്രസ് എംഎൽഎ: എസ്.ടി സോമശേഖറിന്റെ പരാമർശമാണ് കുമാരസ്വാമിയെ പ്രകോപിപ്പിച്ചത്. തുടർന്ന് സോമശേഖറിന് കാരണം കാണിക്കൽ നോട്ടിസ് നൽകാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പിസിസി നേതൃത്വത്തിന് നിർദേശം നൽകി.

മുഖ്യമന്ത്രിയിലും സർക്കാരിലും പൂർണ വിശ്വാസമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം വ്യക്തമാക്കുകയും ബിജെപി വിഷയം ഏറ്റുപിടിക്കുകയും ചെയ്തതോടെ കുമാരസ്വാമി പിന്നീട് നിലപാട് മയപ്പെടുത്തി. കോൺഗ്രസ്–ദൾ സഖ്യ സർക്കാർ യാഥാർഥ്യമാകാനായി മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കേണ്ടിവന്ന സിദ്ധരാമയ്യ പക്ഷത്തിനുള്ള അതൃപ്തിയാണ് സോമശേഖർ പ്രകടിപ്പിച്ചത്. സംസ്ഥാനത്തെങ്ങും വികസനം സ്തംഭിച്ച നിലയിലാണെന്നും അദ്ദേഹം ആരോപിച്ചു.

തുടർന്നാണ് എംഎൽഎമാരെ കോൺഗ്രസ് നിയന്ത്രിച്ചില്ലെങ്കിൽ രാജിവയ്ക്കുമെന്ന് കുമാരസ്വാമി പ്രതികരിച്ചത്. പിന്നാലെ, സർക്കാരിനെതിരെ പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു, ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ, ഉപമുഖ്യമന്ത്രി പരമേശ്വര എന്നിവർ എംഎൽഎമാർക്ക് നിർദേശം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA