ജോർജ് ഫെർണാണ്ടസ് വിടവാങ്ങി

ന്യൂഡൽഹി∙ ദേശീയ ജനാധിപത്യസഖ്യത്തിന്റെ ശിൽപികളിലൊരാളും മുൻ കേന്ദ്രമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ്, ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ജോർജ് ഫെർണാണ്ടസ് (88) അന്തരിച്ചു. ഏറെക്കാലമായി അൽസ്ഹൈമേഴ്സ് ബാധിതനായിരുന്ന അദ്ദേഹത്തിന് ഈയിടെ എച്ച്1എൻ1 രോഗം പിടിപെട്ടിരുന്നു.

മൃതദേഹം ലോധി ശ്മശാനത്തിൽ ദഹിപ്പിക്കും. ന്യൂയോർക്കിലുള്ള മകൻ ഷോൺ എത്തിയാലുടനെ ചടങ്ങ് നടത്തുമെന്ന് ഭാര്യ ലൈല കബീർ അറിയിച്ചു. ചിതാഭസ്മം പൃഥ്വിരാജ് റോഡിലെ സെമിത്തേരിയിൽ അടക്കം ചെയ്യും. മൃതദേഹം ദഹിപ്പിക്കണമെന്നത് ജോർജിന്റെ താൽപര്യമായിരുന്നു.

ബെംഗളുരുവിലെ സെന്റ് പീറ്റേഴ്സ് സെമിനാരിയിൽ 2 വർഷം വൈദികവിദ്യാർഥിയായിരുന്ന ശേഷമാണ് ജോർജ് ട്രേഡ് യൂണിയൻ, രാഷ്ട്രീയ രംഗങ്ങളിലേക്കു പ്രവേശിച്ചത്. 1961ൽ മുംബൈ കോർപറേഷനിൽ അംഗമായി. 1967ൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ മുംബൈ സൗത്തിൽ നിന്ന് ലോക്സഭയിലെത്തി. ബിഹാറിലെ നളന്ദ, മുസാഫർപുർ മണ്ഡലങ്ങളിൽ നിന്നും ജയിച്ച ജോർജ്, ആകെ 9 തവണ ലോക്സഭാംഗമായി. ബിഹാറിൽ നിന്ന് ഒരു തവണ രാജ്യസഭയിലുമെത്തി.

1974 ലെ റയിൽവെ സമരത്തിന്റെ മുഖ്യസംഘാടകരിലൊരാളായിരുന്ന ജോർജ്, 1976 ൽ ബറോഡ ഡൈനാമൈറ്റ് കേസിൽ ജയിലിലായി. 1977 ൽ മൊറാർജി ദേശായ് മന്ത്രിസഭയിൽ വ്യവസായ മന്ത്രി. വി.പി.സിങ് മന്ത്രിസഭയിൽ റയിൽവെ മന്ത്രിയായിരിക്കുമ്പോഴാണ് കൊങ്കൺ പദ്ധതി അതിവേഗം മുന്നോട്ടുപോയത്. സോഷ്യലിസ്റ്റ് പാർട്ടി, ജനതാ പാർട്ടി, ജനതാദൾ എന്നിവയുടെ നേതൃനിരയിലുണ്ടായിരുന്ന ജോർജ് പിന്നീട് സമത പാർട്ടിയുണ്ടാക്കി. 

എ.ബി വാജ്പേയി മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്ന കാലത്താണ് കാർഗിൽ യുദ്ധവും രണ്ടാം പൊഖ്റാൻ ആണവ പരീക്ഷണവും നടന്നത്. ശവപ്പെട്ടി കുംഭകോണം, ബറാക് മിസൈൽ ഇടപാട്, തെഹൽക്ക വെളിപ്പെടുത്തൽ തുടങ്ങിയ വിവാദങ്ങളും ഇക്കാലത്താണ്. തെഹൽക്ക വിവാദത്തിന്റെ പേരിൽ രാജിവച്ച ജോർജ്, പിന്നീട് മന്ത്രിസഭയിൽ മടങ്ങിയെത്തി.