വാട്സാപ്പും ഫെയ്സ്ബുക്കും ഓവർ ദ് ടോപ്പിലാക്കാൻ ട്രായ്

whatsapp-facebook
SHARE

ന്യൂഡൽഹി∙ വാട്സാപ്, ഫെയ്സ്ബുക്, സ്കൈപ് തുടങ്ങിയവയെ ഓവർ ദ് ടോപ് (ഒടിടി) വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കങ്ങളുമായി ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്). ഇതിന്റെ ഭാഗമായി, ശുപാർശകൾ സ്വരൂപിക്കാനുള്ള നീക്കം ട്രായ് ആരംഭിച്ചു. ഫെബ്രുവരി അവസാനത്തോടെ ശുപാർശകൾ ക്രോഡീകരിച്ചു സർക്കാരിനു സമർപ്പിക്കാനാണു നീക്കം. 

മൊബൈൽ സേവനദാതാക്കൾക്കു സമാനമായി മെസേജിങ്– കോളിങ് സേവനങ്ങൾ നൽകുന്ന ആപ്ലിക്കേഷനുകളെയെല്ലാം ഒടിടിയുടെ പരിധിയിൽ എത്തിക്കുമെന്നാണു സൂചന. ഇതിനു പുറമെ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ വിഡിയോ സേവനദാതാക്കളെയും ഇതിൽ ഉൾപ്പെടുത്തും. ഇവർക്കു പ്രത്യേക ലൈസൻസ് നിർബന്ധമാക്കണമെന്നത് ഉൾപ്പെടെയുള്ള ശുപാർശകളാണു ട്രായ് പരിഗണിക്കുന്നത്. 

ടെലികോം സേവനദാതാക്കൾക്കു ലൈസൻസ് ഏർപ്പെടുത്തണമെന്ന വാദവുമായി മൊബൈൽ സേവനദാതാക്കളുടെ കൂട്ടായ്മയായ സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സിഒഎഐ) രംഗത്തെത്തിയിട്ടുണ്ട്. മൊബൈൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കമ്പനികൾ വലിയ ലൈസൻസ് നിരക്കും നികുതിയും നൽകുമ്പോൾ ഒടിടി രംഗത്തുള്ളവർക്ക് ഇതൊന്നും ഈടാക്കുന്നില്ല. ഡേറ്റ നിരക്കു കുറഞ്ഞതോടെ ഒടിടി കമ്പനികൾ വൻ നേട്ടമുണ്ടാക്കുന്നതായും ഇവർ പറയുന്നു. 

അതേസമയം, ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയും (ഐഎഎംഎഐ) ബ്രോഡ്ബാൻഡ് ഇന്ത്യ ഫോറവും ഇതിനെ എതിർക്കുന്നു. മൊബൈൽ സേവനദാതാക്കളെയും ഒടിടിയെയും ഒരേ തരത്തിൽ പരിഗണിക്കാനാവില്ലെന്നും സാങ്കേതികമായി രണ്ടു ദിശകളിൽ നിൽക്കുന്നവയാണിതെന്നും ഇവർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA