Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂട്ടില്ലാത്ത എസ്‌ബിഐ സെർവർ; അക്കൗണ്ട് വിവരങ്ങൾ ചോർന്നു

mouse-representational-image

ന്യൂഡൽഹി∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)യുടെ മുംബൈയിലെ പ്രധാന സെർവറിലെ സുരക്ഷാപ്പിഴവു മൂലം ലക്ഷക്കണക്കിനു ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങൾ ചോർന്നു. ആർക്കും കയറിനോക്കാവുന്ന നിലയിൽ പാസ്‌വേഡില്ലാതെ തുറന്നുകിടന്ന സെർവറിൽ നിന്ന് അക്കൗണ്ട് നമ്പർ, ബാങ്ക് ബാലൻസ്, മൊബൈൽ നമ്പർ തുടങ്ങിയ സുപ്രധാന വിവരങ്ങളാണു ചോർന്നത്.

ഗുരുതരമായ ഈ സുരക്ഷാപ്പിഴവിനെക്കുറിച്ച് അജ്ഞാത സൈബർ സുരക്ഷാഗവേഷകനാണ് ആദ്യം സൂചന നൽകിയത്. അധികൃതർ പിന്നീട് പ്രശ്നം പരിഹരിച്ചു. എന്നാൽ, സെർവർ എത്രദിവസം തുറന്നുകിടന്നുവെന്നു വ്യക്തമല്ല. ‘എസ്‌ബിഐ ക്വിക് ’എന്ന ബാങ്ക് സേവനവിഭാഗവുമായി ബന്ധപ്പെട്ട സെർവറിലായിരുന്നു സുരക്ഷാവീഴ്ച. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തി റജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ നിന്നു മിസ്‌ഡ് കാൾ നൽകിയാൽ അക്കൗണ്ട് ബാലൻസ്, ഒടുവിൽ നടത്തിയ ഇടപാടുകൾ തുടങ്ങിയ വിവരങ്ങൾ എസ്എംഎസ് ആയി നൽകുന്ന സംവിധാനമാണിത്.

മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചാണു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സെർവറിലുള്ളത് എന്നതിനാൽ, ചോർന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്നാണ‌് ആശങ്ക. തിങ്കളാഴ്ച മാത്രം  ഈ സെർവറിൽനിന്നു 30 ലക്ഷത്തോളം എസ്എംഎസാണ് ഉപഭോക്താക്കൾക്കു പോയിരിക്കുന്നത്.  ബിസിനസ് ടെക്നോളജി റിപ്പോർട്ടിങ് നടത്തുന്ന അമേരിക്കൻ വെബ്സൈറ്റായ ‘ടെക്നോക്രഞ്ച്’ ടീം എസ്ബിഐയുടെ തുറന്ന സെർവറിൽ പ്രവേശിച്ചു ഉപഭോക്താക്കൾക്കുള്ള എസ്എംഎസ് സന്ദേശങ്ങളിലെ വിവരങ്ങൾ കാണുകയും ചെയ്തു.