Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആർക്കോ അമിത ഉത്കണ്ഠ ഉള്ളതുപോലെ': അഹമ്മദ് പട്ടേലിന്റെ ഹർജി ഊഴം തെറ്റി വന്നപ്പോൾ സുപ്രീം കോടതി

delhi-Supreme-Court

ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ സമർപ്പിച്ച ഹർജി ആദ്യം കേൾക്കേണ്ട കേസായി വന്നതിൽ സുപ്രീം കോടതിക്ക് അദ്ഭുതം. ‘ആർക്കോ ഈ കേസിൽ അമിത ഉത്കണ്ഠ ഉള്ളതുപോലെ’ – കോടതി പറഞ്ഞു.

2017 ൽ രാജ്യസഭയിലേക്ക് അഹമ്മദ് പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടതു ചോദ്യം ചെയ്ത് ബിജെപി സ്ഥാനാർഥി ബൽവന്ത് സിങ് രജ്‌പുത് നൽകിയ ഹർജി കഴിഞ്ഞ വർഷം ഒക്ടോബറിൽ സ്വീകരിച്ച ഗുജറാത്ത് ഹൈക്കോടതി വാദം കേൾക്കാൻ ഉത്തരവായിരുന്നു. ഈ വിധിക്കെതിരെയാണു പട്ടേൽ സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീം കോടതിയിൽ തിങ്കൾ, വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ വിശദമായി വാദം കേൾക്കേണ്ട കേസുകളാണു പരിഗണിക്കുക. അഹമ്മദ് പട്ടേലിന്റെ കേസ് വിശദമായി വാദം കേൾക്കേണ്ട ദിവസം എടുക്കാനാണു കഴിഞ്ഞ തവണ തങ്ങളുടെ ഉത്തരവിൽ പറഞ്ഞതെന്നു കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഫെബ്രുവരിയിലെ ആദ്യം ദിവസം തന്നെ കേസ് കോടതി മുൻപാകെ പ്രത്യക്ഷപ്പെട്ടത് അദ്ഭുതപ്പെടുത്തുന്നുവെന്നും ഇതെങ്ങനെ സംഭവിച്ചുവെന്നു റജിസ്ട്രിയോടു ചോദിക്കുമെന്നും ചീഫ് ജസ്റ്റിസ് ര‍ഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേസ് 13നു മാറ്റി.

അഹമ്മദ് പട്ടേലിനു വേണ്ടി ഹാജരായ കപിൽ സിബൽ, അഭിഷേക് സിങ്‌വി എന്നിവർ തങ്ങൾക്ക് ഇക്കാര്യത്തിൽ അദ്ഭുതമില്ലെന്നും എന്താണു സംഭവിച്ചതെന്ന് അറിയില്ലെന്നും കോടതിയെ ബോധിപ്പിച്ചു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.