Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പദ്ധതികൾ വമ്പൻ; പക്ഷേ, പണം എവിടെനിന്നെന്ന് മിണ്ടാതെ ബജറ്റ്

Calculation

കർഷക സഹായധന പദ്ധതിക്കും അസംഘടിത തൊഴിലാളി പെൻഷൻ പദ്ധതിക്കും വിഭവ സമാഹരണം എങ്ങനെയെന്നു ബജറ്റിൽ പറയുന്നില്ല. കർഷക സഹായധന പദ്ധതിക്കു വേണ്ടത് 75,000 കോടി രൂപയാണ്; പെൻഷൻ പദ്ധതിക്കു വേണ്ട ടോക്കൺ വിഹിതം 500 കോടിയും. 

സർക്കാരിന്റെ മൊത്തം ചെലവ് 24,57,235 കോടി രൂപയിൽ നിന്ന് 27,84,200 കോടിയായി ഉയരും – 3,26,965 കോടിയുടെ വർധന. ഇതിന് ആനുപാതികമായ നികുതി വരവ് എങ്ങനെയെന്നു സൂചനയേയില്ല. 

കർഷകർക്ക് 6000 രൂപ നൽകുന്നതു 2018 ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തോടെയാണ്. അതായത്, നാലു മാസത്തിലൊരിക്കലുള്ള 2000 രൂപ ഉടൻ നൽകും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ഏപ്രിലിൽ ഒരു തവണ കൂടി 2000 രൂപ നൽകാൻ കഴിഞ്ഞേക്കും. ഇതിന് 20,000 കോടി ഇടക്കാല ബജറ്റിലുണ്ട്. 

അസംഘടിത തൊഴിലാളികൾക്കു നൽകുന്നതു പങ്കാളിത്ത പെൻഷനാണ്. തൊഴിലാളി മാസം 100 രൂപ വിഹിതം അടയ്ക്കുമ്പോൾ തുല്യ തുക സർക്കാരും നൽകും. 29 വയസ്സുള്ള തൊഴിലാളി  31 വർഷവും 18 വയസ്സായ തൊഴിലാളി 42 വർഷവും മാസം 100 രൂപ വീതം വിഹിതം അടയ്ക്കണം. 30 വർഷം കഴിയുമ്പോൾ മാസം 3000 രൂപ പെൻഷൻ ലഭിക്കും. അന്നത്തെ 3000 രൂപയ്ക്ക് എന്തു മൂല്യം ഉണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 

കർഷകർ നേരിടുന്ന വലിയ പ്രതിസന്ധി വിളകൾക്കു വില കൂടുന്നില്ലെന്നതാണ്. ഇക്കാര്യത്തെക്കുറിച്ചോ ഇതുമൂലം വായ്പകൾ തിരിച്ചടയ്ക്കാനാകാതെ വരുന്ന സാഹചര്യത്തെക്കുറിച്ചോ പരാമർശമില്ല. 

കയറ്റുമതി ഗണ്യമായി കുറഞ്ഞതാണു മറ്റൊരു വലിയ വെല്ലുവിളി. വ്യവസായികൾ ഇതുമൂലം ഉൽപാദനം തുടരാനാവാത്ത നിലയിലാണ്. ഇതേക്കുറിച്ചും പരാമർശമില്ല.

ഡിജിറ്റലിനെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല

നോട്ട് നിരോധനം വൻവിജയമായിരുന്നുവെന്നു പറയുന്നുവെങ്കിലും അതു വഴി ലക്ഷ്യമിട്ട ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ എവിടെയെത്തിയെന്നു പറയുന്നില്ല. 129 ബാങ്കുകൾ വഴി ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാനാണു കേന്ദ്ര സർക്കാർ ശ്രമിച്ചത്. ജനങ്ങൾ വീണ്ടും കറൻസിയിലേക്കു തിരിച്ചുപോകുന്നുവെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

മോദി സർക്കാർ ആദ്യ ബജറ്റിൽ തുടങ്ങിവച്ച 100 സ്മാർട് സിറ്റികൾ ഇന്നെവിടെ നിൽക്കുന്നുവെന്നും അവസാന ബജറ്റ് പറയുന്നില്ല. 

രണ്ടു ലക്ഷം കോടി രൂപയുടെ 5151 പദ്ധതികൾ പ്രഖ്യാപിച്ചതിൽ 10,116 കോടി രൂപയുടെ 534 പദ്ധതികളേ ഇതുവരെ പൂർത്തിയായിട്ടുള്ളൂ. ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ പദ്ധതിയിൽ അനുവദിച്ച 644 കോടി രൂപയിൽ 65 ശതമാനവും പരസ്യത്തിനാണു മുടക്കിയതെന്നും ആരോപണം ഉയർന്നിരുന്നു.

കമ്മിക്ക് നിലവിൽ കടിഞ്ഞാൺ, പക്ഷേ...

ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനമായി നിലനിർത്താൻ കഴിഞ്ഞതിന് അരുൺ ജയ്റ്റ്ലിയെയും പീയൂഷ് ഗോയലിനെയും അഭിനന്ദിക്കണം. എന്നാൽ പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾ വരുന്നതോടെ 2020ൽ ഇത് 3.4 ശതമാനത്തിൽ നിൽക്കുമോ എന്നു സംശയം. 

ഇടക്കാല ബജറ്റുകൾക്കു മുൻപു സാമ്പത്തിക സർവേ പ്രസിദ്ധീകരിക്കാറില്ല. അതുകൊണ്ടു തന്നെ സാമ്പത്തിക മേഖലയിലെ വ്യക്തമായ ചിത്രം ലഭ്യമല്ല. തിരഞ്ഞെടുപ്പിനു ശേഷം ജൂലൈയിൽ പുതിയ ബജറ്റിനു മുൻപു മാത്മേ ഇനി സാമ്പത്തിക സർവേ പുറത്തു വരൂ. 

നികുതിയിളവ് എത്ര? കാൽകുലേറ്റർ >

പെൻഷൻ: ചുമ്മാ പറയാൻ മാത്രം

ഡോ. കെ.പി. കണ്ണൻ, മുൻ ഡയറക്ടർ, സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം

അസംഘടിത തൊഴിലാളി പെൻഷൻ പദ്ധതി തിരഞ്ഞെടുപ്പ് അടുത്തതു കൊണ്ട് അവതരിപ്പിക്കുന്നതാകാം. മുൻപു സമാന പദ്ധതികൾ പരീക്ഷിച്ചു പരാജയപ്പെട്ടതാണ്. അസംഘടിത മേഖലയിലുള്ളവർക്ക് അടിയന്തരമായി തൊഴിൽ നൽകുകയെന്നതാണു പ്രധാനം. ഗ്രാമീണ മേഖലയിലെ തൊഴിലിലില്ലാത്ത കർഷകത്തൊഴിലാളികളും മൽസ്യത്തൊഴിലാളികളും എങ്ങനെ 100 രൂപ നൽകും ? പാവപ്പെട്ടവരുടെ പേരു പറഞ്ഞ് ഇങ്ങനെ പിരിക്കുന്ന പണം ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നുവെന്ന അപകടവുമുണ്ട്. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ ഇത്തരം വലിയ പദ്ധതികൾ നടപ്പാക്കാൻ സംവിധാനങ്ങളൊരുക്കണം. ഇതൊന്നും ചെയ്യാറില്ല.

related stories