Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് പദ്ധതികളുടെ പോര്; ഇനി സർക്കാർ- പ്രതിപക്ഷ ക്ഷേമയുദ്ധം

Author Details
narendra-modi-rahul-gandhi

ന്യൂഡൽഹി∙ കേന്ദ്രസർക്കാർ സമ്പന്നരുടെ പക്ഷത്താണെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കു ബജറ്റിലൂടെ മറുപടി നൽകുന്നു നരേന്ദ്ര മോദി. കർഷകർ, ഇടത്തരക്കാർ, പെൻഷൻകാർ, പാവങ്ങൾ എന്നിങ്ങനെ വിശാല വിഭാഗങ്ങളെയാണു കേന്ദ്ര ബജറ്റ് ഉന്നമിടുന്നത്.

ധനമന്ത്രി പീയൂഷ് ഗോയൽ പ്രഖ്യാപിച്ച വൻ ഇളവുകളും ക്ഷേമപദ്ധതികളും ബിജെപിക്ക് വലിയ ആശ്വാസം പകരുന്നു. സഭയിൽ ബിജെപി എംപിമാർ ‘മോദി, മോദി’ എന്ന് ആർത്തുവിളിച്ചപ്പോൾ പ്രധാനമന്ത്രിയും ഡസ്കിൽ അടിച്ച് ഒപ്പം ചേർന്നു. ഗോയലിന്റെ വോട്ടർ സൗഹൃദ പ്രസംഗത്തിൽ ഉടനീളം മോദി പുഞ്ചിരി തൂകി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാകട്ടെ ഗൗരവം പൂണ്ടു. 

ഇളവ് എത്ര? ആദായനികുതി കാൽകുലേറ്റർ >

ബിജെപിക്കും ആശ്വാസം

ബിജെപി അംഗങ്ങളെ സംബന്ധിച്ചിടത്തോളം അവർക്ക് വോട്ടർമാരോടു സംസാരിക്കാൻ കുറെ കാര്യങ്ങൾ കിട്ടിയിട്ടുണ്ട്.  വിശേഷിച്ചും കർഷകർക്കും ശമ്പളക്കാർക്കും പെൻഷൻകാർക്കും അസംഘടിത വിഭാഗങ്ങൾക്കും വേണ്ടി പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ. ഇതാകട്ടെ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സംവരണ പ്രഖ്യാപനത്തിനു പിന്നാലെയും. വിവിധ ജാതിവിഭാഗങ്ങളുടെ മഴവിൽ സഖ്യമാണു ബിജെപിക്കു വേണ്ടതെന്ന ബോധ്യത്തോടെ ഒബിസികൾ അടക്കമുള്ളവർക്കു കുറഞ്ഞ ഊന്നലാണു ബജറ്റ് പരാമർശങ്ങളിലുള്ളത്. 

പ്രതിപക്ഷ വാഗ്ദാനങ്ങൾ

നരേന്ദ്ര മോദി ഇതിനകം 25 റാലികളിൽ പങ്കെടുത്തു കഴിഞ്ഞു. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപേ വിവിധ സംസ്ഥാനങ്ങളിൽ പര്യടനം തുടരാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. അകന്നു നിൽക്കുന്ന വോട്ടർമാരെ അടുപ്പിക്കാൻ  ബജറ്റ് പ്രഖ്യാപനങ്ങൾ അദ്ദേഹത്തെ സഹായിക്കും. പക്ഷേ, പ്രതിപക്ഷവും പ്രലോഭനകരമായ നീക്കങ്ങളുമായി രംഗത്തുണ്ട്. രാജ്യത്തെ പാവങ്ങൾക്കു പ്രതിമാസ മിനിമം വേതനം ഉറപ്പാക്കുമെന്നാണു രാഹുൽ ഗാന്ധി പറഞ്ഞത്. എച്ച്.ഡി. കുമാരസ്വാമി, നവീൻ പട്‌നായിക്, ചന്ദ്രബാബു നായിഡു എന്നീ മുഖ്യമന്ത്രിമാരും കർഷകർക്ക് വൻതോതിൽ കടാശ്വാസവുമായി രംഗത്തുണ്ട്. ഫലത്തിൽ, വരുന്ന തിരഞ്ഞെടുപ്പ് ക്ഷേമപദ്ധതികളുടെ യുദ്ധം കൂടിയായി മാറും.

തെലങ്കാന മോഡൽ 

തെലങ്കാനയിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു നടപ്പിലാക്കിയ കർഷകർക്കു നേരിട്ടു ധനസഹായം നൽകുന്ന ‘റൈത്തു ബന്ധു പദ്ധതി’യുടെ വിജയം നരേന്ദ്ര മോദിക്കു പ്രചോദനമായിട്ടുണ്ട്. തെലങ്കാനയിൽ രണ്ടാമതും അധികാരം പിടിക്കാൻ റാവുവിനെ സഹായിച്ചത് ഇതാണ്. 2017,18 തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു തിരിച്ചടിയായെന്നു പറയുന്ന കാർഷിക മേഖലയിലെ പ്രതിസന്ധിക്കു പ്രതിവിധിയായാണു ചെറുകിട കർഷകർക്കു ബജറ്റിലെ വാഗ്ദാനം. 

വ്യവസായങ്ങളെ വിട്ടു

പ്രതീക്ഷിച്ചതുപോലെ വ്യവസായങ്ങൾക്കോ വ്യവസായികൾക്കോ വിശേഷിച്ച് ഒന്നും ബജറ്റിലില്ല. പ്രതിരോധം, അടിസ്ഥാന സൗകര്യം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സർക്കാർ കൂടുതൽ ചെലവഴിക്കുമെങ്കിലും സ്വകാര്യ വ്യവസായങ്ങളെ പരിഗണിച്ചിട്ടില്ല. അംബാനി, അദാനി പോലുള്ള വൻകിട വ്യവസായികളെ സഹായിക്കുന്നുവെന്നു പ്രതിപക്ഷത്തിനു മുറവിളി കൂട്ടാൻ പാകത്തിനുള്ള ഒരു നിർദേശവും ബജറ്റിലില്ല.

കണക്ക് തെറ്റിയാലും

ഒഴിവാക്കപ്പെട്ട കാര്യങ്ങളുടെ പേരിലും ബജറ്റ് പ്രസക്തമാണ്. കഴിഞ്ഞു 4 ദശകത്തിനിടെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണു രാജ്യം നേരിടുന്നതെന്ന കേന്ദ്രസർക്കാർ ഏജൻസിയുടെ സർവേ റിപ്പോർട്ടിന്റെ പേരിൽ സർക്കാർ ആക്രമിക്കപ്പെടുന്നുണ്ട്. മോദി വാഗ്ദാനം ചെയ്ത തൊഴിലുകളെല്ലാം എവിടെ എന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ചോദിക്കുന്നു. പക്ഷേ, ഗോയൽ എന്തെങ്കിലും നൽകിയത് തൊഴിൽ സാധ്യതകൾ ഉയർത്തുന്ന അടിസ്ഥാന സൗകര്യ, ഭൂമിവ്യാപാര മേഖലകൾക്കു മാത്രമാണ്.

കർഷകരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളണമെന്ന് കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും ധനമന്ത്രി ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കാരണം വായ്പ എഴുതിത്തള്ളലിനോടു മോദിക്കു യോജിപ്പില്ല. 

related stories