Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടെ റാലിയിൽ തിക്കും തിരക്കും; പ്രസംഗം ചുരുക്കി

modi-rally-stampade രക്ഷ തേടി: ബംഗാളിലെ ഠാക്കൂർനഗറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന സമ്മേളനത്തിനിടെ തിക്കുംതിരക്കുമുണ്ടായതിനെത്തുടർന്ന് മൈതാനത്തിനു പുറത്തുകടക്കാൻ ശ്രമിക്കുന്നവർ. ചിത്രം: സലിൽ ബേറ ∙ മനോരമ

കൊൽക്കത്ത ∙ ബംഗാളിലെ ഠാക്കൂർനഗറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് ഏതാനും പേർക്കു പരുക്ക്. യോഗം നടന്ന മൈതാനത്തിനകത്തേക്കു കയറാൻ പുറത്തുനിന്നവർ ശ്രമിച്ചപ്പോഴാണ് തിരക്കുണ്ടായത്. ഇതോടെ, പ്രധാനമന്ത്രി പ്രസംഗം ചുരുക്കി വേദിവിട്ടു.

ആളുകളോടു തിരക്കുണ്ടാക്കരുതെന്നും നിൽക്കുന്നിടത്തുതന്നെ നിൽക്കാനും പലതവണ മോദി ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. സ്ത്രീകൾക്കായി ഒഴിച്ചിട്ടിരുന്ന വേദിയുടെ മുൻഭാഗത്തേക്ക് ആളുകൾ കസേരകൾ എടുത്തെറിഞ്ഞു. തിക്കിലും തിരക്കിലും സ്ത്രീകൾക്കും കുട്ടികൾക്കും പരുക്കുണ്ട്. ചിലർ ബോധരഹിതരായി വീണു. കഴിഞ്ഞ വർഷം ജൂലൈയിൽ മിഡ്നാപുരിൽ പ്രധാനമന്ത്രിയുടെ റാലിയിൽ സ്റ്റേജ് തകർന്ന് ഏതാനും പേർക്കു പരുക്കേറ്റിരുന്നു.

14 മിനിറ്റ് മാത്രം നീണ്ട പ്രസംഗത്തിൽ മമത ബാനർജിക്കെതിരെ മോദി ആഞ്ഞടിച്ചു. കള്ളപ്പണത്തിനെതിരായ കേന്ദ്രസർക്കാരിന്റെ പോരാട്ടം പലരെയും ഭയപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വഭേദഗതി ബി‍ല്ലിനെ ശക്തമായി ന്യായീകരിച്ച മോദി, വേട്ടയാടപ്പെട്ട മതങ്ങൾക്ക് നീതിയും ആദരവും കൊണ്ടുവരുന്നതാണ് ബിൽ എന്ന് അവകാശപ്പെട്ടു. പട്ടികജാതി വിഭാഗമായ മത്വ സമുദായത്തിന്റെ റാലിയിലാണു മോദി പ്രസംഗിച്ചത്. ബിജെപി ലക്ഷ്യമിടുന്ന ബംഗാളിലെ പുതിയ വോട്ട് ബാങ്കാണ് ബംഗ്ലദേശിൽ നിന്ന് കുടിയേറിയവർ ഉൾപ്പെടെ 40 ലക്ഷത്തോളം വരുന്ന ഈ വിഭാഗം. 5 ലോക്സഭാ മണ്ഡലങ്ങളിൽ ഇവരുടെ വോട്ട് നിർണായകമാണ്.

∙ ‘ദീദീ നിങ്ങൾ എന്തിനാണ് എന്നെ ഭയക്കുന്നത്?’ – നരേന്ദ്ര മോദി (കള്ളപ്പണത്തിനെതിരായ കേന്ദ്ര സർക്കാരിന്റെ പോരാട്ടങ്ങളെക്കുറിച്ചു പ‍റഞ്ഞുകൊണ്ട് മമത ബാനർജിയോടുള്ള ചോദ്യം)

∙ 'നരേന്ദ്ര മോദിയോട് ഡൽഹിയിലെ കാര്യം നോക്കാൻ പറയണം. അദ്ദേഹം വാരാണസിയിൽ ജയിക്കുമോ? ബംഗാളിന്റെ സംസ്കാരം അവർക്കു മനസിലാകില്ല.' - മമത ബാനർജി

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.