Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറ്റിദ്ധരിക്കേണ്ട, ഇത് റിബേറ്റ്; ഇളവ് അഞ്ചു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്കു മാത്രം

iStock-515452269

ആദായ നികുതി പരിധി 5 ലക്ഷം രൂപയാക്കി ഉയർത്തിയെന്നു പറയുമ്പോഴും യഥാർഥത്തിൽ റിബേറ്റിന്റെ പരിധി ഉയർത്തുകയാണു ചെയ്തത്. നികുതി ഒഴിവിന്റെ പരിധി (സ്ലാബ്) 5 ലക്ഷമാക്കി ഉയർത്തുന്നതിനു പകരം റിബേറ്റ് ഉയർത്തിയതിലൂടെ ഇളവിന്റെ ആനുകൂല്യം 5 ലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവരിൽ ഒതുങ്ങി. 5 ലക്ഷം കടന്നാൽ ആനുകൂല്യം ലഭിക്കില്ല.

ആദായനികുതി ഇളവ് അറിയാൻ ഓൺലൈൻ കാൽകുലേറ്റർ >

87എ വകുപ്പിൽ 12,500 രൂപയുടെ റിബേറ്റാണ് ബജറ്റിൽ നൽകിയത്. നിലവിൽ 3.5 ലക്ഷം രൂപ വരെ 2500 രൂപയാണ് റിബേറ്റ്. 

കണക്ക് ഇങ്ങനെ: 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ 5 ശതമാനം നികുതി. അതായത്, 5 ലക്ഷം രൂപ വരെ വരുമാനം ഉണ്ടെങ്കിൽ 12,500 രൂപ നൽകണം. 12,500 രൂപ റിബേറ്റ് നൽകുമ്പോൾ ഫലത്തിൽ നികുതി ഇല്ല. 60 വയസ്സ് തികഞ്ഞ മുതിർന്ന പൗരന്മാർക്ക് 3 ലക്ഷം രൂപ വരെയും 80 തികഞ്ഞ സൂപ്പർ സീനിയർ പൗരന്മാർക്ക് 5 ലക്ഷം രൂപയുമാണ് നികുതി ഒഴിവിന്റെ പരിധി. ഭേദഗതി മൂലം 60 തികഞ്ഞവർക്ക് നികുതിയിൽ 10,000 രൂപയുടെ കുറവു മാത്രമേ ഉണ്ടാവൂ. 80 തികഞ്ഞവർക്ക് നേട്ടമൊന്നുമില്ല.

∙ശമ്പള വരുമാനക്കാർക്ക് 40,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്‌‌ഷൻ കിഴിവ് 50,000 രൂപയായി വർധിപ്പിച്ചു. വരുമാനത്തിൽ നിന്ന് 2 ലക്ഷം രൂപ വരെ ഭവന വായ്പ പലിശ കിഴിവ്, ലൈഫ് ഇൻഷുറൻസ്, പിഎഫ്, കുട്ടികളുടെ ട്യൂഷൻ ഫീസ്, ഭവന വായ്പ മുതലിലേക്കുള്ള അടവ് എന്നിവ ചേർന്ന് 1.5 ലക്ഷം രൂപ വരെ 80 സി വകുപ്പ് പ്രകാരം കിഴിവ് ഉണ്ട്.

∙സേവിങ്സ് ബാങ്ക് പലിശയ്ക്ക് 10,000 രൂപ വരെ നികുതി ഒഴിവ്.

∙മെഡിക്കൽ ഇൻഷുറൻസിന് 25,000 രൂപ (മുതിർന്ന പൗരനാണെങ്കിൽ 50,000 രൂപ). പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പിന് 5000 രൂപ. മാതാപിതാക്കളുടെ  മെഡിക്കൽ ഇൻഷുറൻസിന് മറ്റൊരു 25,000 രൂപ (മുതിർന്ന പൗരനാണെങ്കിൽ 50,000 രൂപ).

നിക്ഷേപങ്ങളിലൂടെയും ഭവന വായ്പ പലിശ കിഴിവും മറ്റും പരിഗണിക്കുമ്പോൾ 8 ലക്ഷം രൂപയോളം നികുതി ആനുകൂല്യമുണ്ട്. 

∙ ബാങ്ക്, പോസ്റ്റ് ഓഫിസ് നിക്ഷേപത്തിൽ നിന്നുള്ള പലിശയ്ക്ക് സ്രോതസ്സിൽ നികുതി പിടിക്കുന്ന പരിധി 40,000 രൂപയാക്കി വർധിപ്പിച്ചു. നികുതി ബാധകമായ പരിധിയിൽ താഴെയാണ് വരുമാനമെങ്കിൽ (5 ലക്ഷം) സ്രോതസ്സിൽ നികുതി പിടിക്കാതിരിക്കാൻ ബാങ്കിന് ഫോം 15ജി / 15 എച്ച് ഡിക്ലറേഷൻ നൽകിയാൽ മതി.

∙ കെട്ടിടം, യന്ത്രോപകരണ വാടക വർഷം 2,40,000 രൂപയിൽ കൂടിയാൽ വാടക നൽകുന്ന ആൾ സ്രോതസ്സിൽ നികുതി പിടിക്കണം. (കെട്ടിടത്തിന് 10%, ഉപകരണ വാടക 2%). കെട്ടിട ഉടമയുടെ വരുമാനം 5 ലക്ഷത്തിൽ താഴെയാണെങ്കിൽ ഡിക്ലറേഷൻ നൽകിയാൽ സ്രോതസ്സിൽ നികുതി പിടിക്കുന്നത് ഒഴിവാക്കാം.

∙ 2 വീട് വരെ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാം. മൂന്നാമത്തെ വീടിന്റെ ന്യായ വാടക വരുമാനത്തിൽ ഉൾപ്പെടുത്തണം.

∙ വിറ്റു കിട്ടുന്ന ലാഭം ഉപയോഗിച്ച് ഇനി 2 വീടുവരെ വാങ്ങാം. മൂലധന നേട്ടം 2 കോടി രൂപയിൽ താഴെയാണെങ്കിൽ മാത്രമേ ആനുകൂല്യം ലഭിക്കൂ. മുൻപ് ഒരു വീടിനു മാത്രമായിരുന്നു (54ാം വകുപ്പ്).

∙ ആദായ നികുതി റീഫണ്ടിന് ഇനി 24 മണിക്കൂർ മതി. അതായത് റിട്ടേൺ നൽകി അടുത്ത ദിവസംതന്നെ അധികം അടച്ച / ടിഡിഎസ് പിടിച്ച തുക റീഫണ്ടായി ലഭിക്കും. റീഫണ്ടിന് പ്രതിമാസ പലിശ അര ശതമാനം. റിയൽ എസ്റ്റേറ്റ് മേഖലയിൽ പൂർത്തിയായ കെട്ടിടങ്ങൾ / വിൽക്കാതെ പോയ ഫ്ലാറ്റുകൾ ബിൽഡർ കൈവശം വച്ചാൽ ഇനി 2 വർഷത്തിനു ശേഷം മാത്രമേ വാടക വരുമാനത്തിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. 

സ്ലാബിൽ മാറ്റമില്ല; 2.5 ലക്ഷത്തിന‍ു മുകളിൽ നികുതി 

നിലവിൽ രണ്ടര ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കു നികുതിയില്ല. 2.5 ലക്ഷം മുതൽ 5 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5 ശതമാനം. 5 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ളവർക്ക് 12,500 രൂപയും 20 ശതമാനവും. അതിനു മേലുള്ളവർക്കു 1,12,500 രൂപയും 30 ശതമാനവുമാണു നികുതി. സർക്കാരിന്റെ വാഗ്ദാന പ്രകാരം, നികുതിരഹിത വരുമാന പരിധി 5 ലക്ഷമാകും. വരുമാനം 5 ലക്ഷത്തിൽ കൂടുതലാണെങ്കിൽ, രണ്ടര ലക്ഷത്തിനു മുകളിലുള്ള തുകയ്ക്കു മേൽ നികുതി ഈടാക്കും; രണ്ടര ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയുള്ളതിന് അഞ്ചു ശതമാനവും (12,500 രൂപ) അതിനു മേലുള്ളവയ്ക്ക് 20 ശതമാനവും ബാധകമാകും. 

ആദായനികുതി ഇളവ് അറിയാൻ ഓൺലൈൻ കാൽകുലേറ്റർ >

വരുമാനം 5 ലക്ഷം രൂപ കടന്നാൽ

വരുമാനം 5.50 ലക്ഷം രൂപയാണെങ്കിൽ 50,000 രൂപയ്ക്ക് 20 ശതമാനവും 5 ലക്ഷം രൂപയ്ക്കു വരെ 5 ശതമാനം നികുതിയായ 12,500 രൂപയും നൽകണം. ഇതിനു പുറമെ 4 ശതമാനം സെസ്സും.

ഇതുവരെ നടപ്പാക്കിയ ആദായനികുതി മാറ്റങ്ങൾ

2014–15

∙ നികുതി ഇളവ് പരിധി 2 ലക്ഷത്തിൽ നിന്ന് 2.5 ലക്ഷമാക്കി.

∙മുതിർന്ന പൗരന്മാരുടെ ഇളവ് (60–80 വയസ്സ്) 3 ലക്ഷമാക്കി.

∙സെക്‌ഷൻ 80 സി നിക്ഷേപ പരിധി ആനുകൂല്യം  ഒരു ലക്ഷത്തിൽ നിന്ന് 1.5 ലക്ഷമാക്കി.

∙ഭവന വായ്പ ആനുകൂല്യപരിധി 1.5 ലക്ഷത്തിൽ നിന്ന് 2 ലക്ഷമായി ഉയർത്തി. 

2015–16

∙ദേശീയ പെൻഷൻ പദ്ധതി പരിധിയിലെ നികുതി ഇളവ് ആനുകൂല്യം 80സിസിഡി(1ബി) 50,000 രൂപ വർധിപ്പിച്ചു.

∙യാത്ര അലവൻസ് പരിധി ഇരട്ടിയാക്കി (800  നിന്ന് 1,600 രൂപ).

∙ആരോഗ്യ ഇൻഷുറൻസ് ആദായ നികുതി ആനുകൂല്യം 15,000ൽ നിന്ന് 25,000 രൂപയാക്കി. മുതിർന്ന പൗരന്മാർക്ക് 20,000ൽ നിന്ന് 30,000 രൂപയാക്കി.

∙സുകന്യസമൃദ്ധി നിധി യോജന നിക്ഷേപങ്ങൾ പബ്ലിക്ക് പ്രോവിഡന്റ് ഫണ്ട് അനുകൂല്യങ്ങൾക്കു തുല്യമാക്കി.

∙ഒരു കോടി രൂപയ്ക്കു മുകളിലുള്ള വരുമാനത്തിന് നികുതി വിധേയമായ തുകയ്ക്ക് സർചാർജ് 10 ൽ നിന്ന് 12 ശതമാനമാക്കി.

∙സ്വത്തു നികുതി ഉപേക്ഷിച്ചു.

2016–17

∙വീട്ടു വാടക ആനുകൂല്യ പരിധി 24,000 രൂപയിൽ നിന്ന് 60,000 ആയി ഉയർത്തി.

∙5 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി റിബേറ്റ്  2,000 രൂപയിൽ നിന്ന് 5,000 ആയി ഉയർത്തി.

∙ഒരു കോടി രൂപയ്ക്കു മുകളിലുള്ള വരുമാനത്തിന് നികുതി വിധേയമായ തുകയ്ക്ക് സർചാർജ് 12 ൽ നിന്ന് 15 ശതമാനമാക്കി.

∙വസ്തു വാങ്ങുന്നവർക്ക് 50,000 രൂപയുടെ കിഴിവ്  (െസക്ഷൻ 80ഇഇ). 

2017–18

∙ 2.5 –5.0 ലക്ഷം വരെയുള്ള വരുമാനത്തിന്റെ നികുതി നിരക്ക് 10 ൽ നിന്ന് 5% ആക്കി; 12,500 രൂപയുടെ നികുതി റിബേറ്റ്.

∙ 50 ലക്ഷം – ഒരു കോടി വരെ വരുമാനക്കാർക്ക്  10 % സർചാർജ്.

2018 – 19

∙ശമ്പള വിഭാഗക്കാർക്ക്  40,000 രൂപ സ്റ്റാൻഡേഡ് ഡിഡക്ഷൻ ആനുകൂല്യം. 

∙ ചികിത്സാ സഹായം, യാത്ര അലവൻസ് ആനുകൂല്യം 5,800 രൂപയാക്കി ചുരുക്കി. 

∙ആദായ, കോർപറേറ്റ് നികുതിക്കൾക്കു മേലുള്ള സെസ് മൂന്നു ശതമാനത്തിൽ‍നിന്ന് 4% ആയി ഉയർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.