Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീ യും പുകയും ഉയർത്തി കൊൽക്കത്ത നാടകം; ഏറ്റുമുട്ടി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ

Kolkata-Police-Commissioners-Residence കൊൽക്കത്ത സിറ്റി പൊലീസ് കമ്മിഷനർ രാജീവ് കുമാറിന്റെ ലൗഡൻ തെരുവിലെ വസതി കനത്ത പൊലീസ് സുരക്ഷയിൽ.

ന്യൂഡൽഹി∙ ചിട്ടി തട്ടിപ്പു കേസുകളിൽ സിബിഐയും ബംഗാൾ സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലെ പുതിയ അധ്യായമാണ് കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിന്റെ വീട്ടിൽ അരങ്ങേറിയത്. കഴിഞ്ഞയാഴ്ച സിനിമാ നിർമാതാവ് ശ്രീകാന്ത് മൊഹ്തയെ ചോദ്യം ചെയ്യാൻ സിബിഐ അദ്ദേഹത്തിന്റെ ഓഫിസിൽ ചെന്നപ്പോഴും പൊലീസ് എത്തി പ്രശ്നമുണ്ടാക്കിയിരുന്നു.

ശാരദ, റോസ് വാലി തുടങ്ങിയ ചിട്ടി കേസുകൾ അന്വേഷിക്കാൻ 2013ൽ ബംഗാൾ സർക്കാർ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചതാണ്. ആ സംഘത്തിലെ രാജീവ് കുമാർ ഉൾപ്പെടെ 3 പേരെ ചോദ്യം ചെയ്യാൻ സിബിഐ ഏതാനും മാസങ്ങളായി ശ്രമിച്ചിരുന്നു. സിബിഐ പല തവണ നോട്ടിസ് നൽകി. രാജീവ് കുമാർ സഹകരിച്ചില്ല.

2014ലാണ് കേസുകൾ സിബിഐ അന്വേഷിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്. കേസുകളുമായി ബന്ധപ്പെട്ട പല രേഖകളും കാണുന്നില്ലെന്നും അതേക്കുറിച്ച് രാജീവ് കുമാറും മറ്റുമാണ് പറയേണ്ടതെന്നുമാണ് സിബിഐയുടെ നിലപാട്. എന്നാൽ, സിബിഐയുടെ ഉദ്യോഗസ്ഥരെ തങ്ങൾക്കു ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇടയ്ക്ക് എസ്ഐടി നിലപാടെടുത്തു. അന്വേഷണത്തിനു പൊലീസ് തടസ്സം നിൽക്കുന്നുവെന്ന് സിബിഐ സുപ്രീം കോടതിയോടു പരാതിപ്പെട്ടിരുന്നു. സിബിഐ ഉദ്യോഗസ്ഥരെ എസ്ഐടി ചോദ്യം ചെയ്യാൻ പാടില്ലെന്നും ഇരുകൂട്ടരും പരസ്പരം സഹകരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നുമാണ് സുപ്രീം കോടതി കഴിഞ്ഞ ജുലൈയിൽ വ്യക്തമാക്കിയത്.

സംസ്ഥാനത്തെ കേസുകളിൽ അന്വേഷിക്കുന്നതിന് സിബിഐക്കുള്ള പൊതു അനുമതി ആന്ധ്ര പ്രദേശ് സർക്കാർ കഴിഞ്ഞ വർഷം നവംബറിൽ പിൻവലിച്ചിരുന്നു. പിന്നാലെ മമത ബാനർജിയും ഇതേ നിലപാടെടുത്തു. എന്നാൽ, സുപ്രീം കോടതിയുടെ നിർദേശാനുസരണമായതിനാൽ സംസ്ഥാന സർക്കാരിന്റെ അനുമതി വേണ്ടെന്ന നിലപാടിലാണ് സിബിഐ മുന്നോട്ടു പോകുന്നത്. അതുകൊണ്ടുതന്നെയാണ് മമതയുമായി അടുത്ത ബന്ധമുള്ള ശ്രീകാന്ത് മൊഹ്തയെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്യാൻ സിബിഐക്കു സാധിച്ചതും.

എന്നാൽ, കേസുകളിൽ മമത ബാനർജിയെത്തന്നെ പ്രതിക്കൂട്ടിലാക്കാൻ സിബിഐയെ ഉപയോഗിച്ച് മോദി സർക്കാർ ശ്രമിക്കുന്നുവെന്നാണ് തൃണമൂൽ കോൺഗ്രസ് വിമർശനം. ഇപ്പോൾതന്നെ ശക്തമായി ചെറുത്തില്ലെങ്കിൽ സിബിഐ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തുമെന്നും. മമത ബാനർജി വരച്ച ചിത്രങ്ങൾ വൻ തുകയ്ക്ക് ചിട്ടി കമ്പനികൾ വാങ്ങിയെന്നും തട്ടിപ്പിന്റെ ഭാഗമാണതെന്നുമാണ് സിബിഐയുടെ വിലയിരുത്തൽ. ഇത് ആരോപണമായി അടുത്തിടെ ബിജെപി അധ്യക്ഷൻ അമിത് ഷാ ഉന്നയിച്ചിരുന്നു. 

തൃണമൂലിന്റെ രാജ്യസഭാംഗം ഡെറക് ഒബ്രയന് ചോദ്യം ചെയ്യലിനു ഹാജരാകാൻ സിബിഐ നോട്ടിസ് നൽകിയിട്ടുണ്ട്. ചിത്രങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ് ഡെറക്കിൽനിന്നു സിബിഐക്ക് അറിയാനുള്ളത്. സിബിഐയെ ഉപയോഗിച്ചുള്ള ബിജെപിയുടെ നീക്കത്തിനെതിരെ ആം ആദ്മി പാർട്ടി, ടിഡിപി, ആർജെഡി തുടങ്ങിയവ രംഗത്തുവന്നിട്ടുണ്ട്. ഭരണഘടനയോടുള്ള അതിക്രമമെന്നാണ് സിബിഐയുടെ നടപടിയെ മമത വിമർശിച്ചത്. ‘ഭരണഘടനാ സംരക്ഷണത്തിനുള്ള’ ധർണയാണ് ഇന്നലെ രാത്രി തന്നെ മമത തുടങ്ങിവച്ചത്. സ്വാഭാവികമായും ധർണാവേദി ഇടതു പാർട്ടികൾ ഒഴികെയുള്ള കക്ഷികൾക്ക് മോദിക്കെതിരെ വീണ്ടും ഐക്യം പ്രഖ്യാപിക്കാനുള്ള വേദിയുമാവും. 

എന്നാൽ, കേന്ദ്ര ഏജൻസിയുടെ ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ നടപടികളിലൂടെ സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടായി എന്ന് ഗവർണർ കേന്ദ്രത്തിനു റിപ്പോർട്ട് നൽകുമോയെന്നാണ് ഇനി വ്യക്തമാകേണ്ടത്. ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ജോയിന്റ് ഡയറക്ടർ പ്രദീപ് ശ്രീവാസ്തവയുടെ വീടു വളയുകയും ചെയ്ത പൊലീസ് നടപടി അംഗീകരിക്കാവുന്നതല്ലെന്ന് സിബിഐ കേന്ദ്രത്തോടു പരാതിപ്പെട്ടുകഴിഞ്ഞു.