Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദായനികുതി ഇളവിനായി കോൺഗ്രസും; പ്രകടന പത്രികയിൽ ഉൾപ്പെടുത്തും

Congress-logo

ന്യൂഡൽഹി ∙ കർഷകരെയും മധ്യവർഗത്തെയും ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങൾ ബജറ്റിൽ നിരത്തിയ ബിജെപിയെ നേരിടാനുള്ള മറുതന്ത്രത്തിന്റെ പണിപ്പുരയിൽ കോൺഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രികയിൽ ആദായനികുതി ഇളവുകൾ സംബന്ധിച്ച വാഗ്ദാനങ്ങൾ കോൺഗ്രസും ഉൾപ്പെടുത്തും. തിരഞ്ഞെടുപ്പിൽ നിർണായകമായ മധ്യവർഗ വോട്ടുകൾ ആകർഷിക്കാൻ ആദായനികുതി ഇളവു ഫലപ്രദ വഴിയാണെന്ന വിലയിരുത്തലിൽ ബിജെപിയെ മറികടക്കുന്നതിനുള്ള വാഗ്ദാനങ്ങൾക്കു കോൺഗ്രസ് മുതിർന്നേക്കും. മധ്യവിഭാഗത്തിനായി കൂടുതൽ ക്ഷേമ പദ്ധതികൾക്കും പാർട്ടി രൂപം നൽകും.

അധികാരത്തിലേറിയാൽ വായ്പ എഴുതിത്തള്ളും എന്നതായിരിക്കും കർഷകർക്കായി മുന്നോട്ടു വയ്ക്കുന്ന മുഖ്യ വാഗ്ദാനം. അക്കൗണ്ടിൽ മിനിമം വേതനം വാഗ്ദാനം ചെയ്തു പാവപ്പെട്ടവരുടെ വോട്ടുകളും ലക്ഷ്യമിടും. സ്വകാര്യ തൊഴിൽ മേഖലയിൽ സംവരണം, അതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതി എന്നിവയുൾപ്പെടെ ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടു കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി.

തൊഴിലില്ലായ്മയുടെ കേരളാ മോഡൽ

രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചുള്ള വ്യാപക പ്രചാരണത്തിലൂടെ യുവാക്കളുടെ വോട്ടുകൾ ലക്ഷ്യമിട്ടു കോൺഗ്രസ്. വിവിധ സംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകൾ നിരത്തിയാവും പ്രചാരണം. ഇതിന്റെ ഭാഗമായി കേരളത്തിലെ എൻജിനീയറിങ് ബിരുദധാരികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് സംബന്ധിച്ച റിപ്പോർട്ട് പ്രഫഷനൽ കോൺഗ്രസ് കേരള ഘടകം ദേശീയ നേതൃത്വത്തിനു സമർപ്പിച്ചു.

മറ്റു സംസ്ഥാനങ്ങളിലെയും കണക്കുകൾ ശേഖരിക്കും. 2 കോടി തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ നരേന്ദ്ര മോദി യുവാക്കളെ വഞ്ചിച്ചുവെന്നും ഇക്കാര്യം കോൺഗ്രസ് ദേശീയതലത്തിൽ പ്രചാരണവിഷയമാക്കുമെന്നും പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മാത്യു കുഴൽനാടൻ പറ‍ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.