Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ സർവകലാശാലയിൽ പ്രവേശനം; യുഎസിൽ 129 ഇന്ത്യൻ വിദ്യാർഥികൾ അറസ്റ്റിൽ, മലയാളികളും ഉണ്ടെന്നു സൂചന

arrest

ന്യൂഡൽഹി ∙ വ്യാജ സർവകലാശാലയിൽ പ്രവേശനം നേടിയതിന്റെ പേരിൽ യുഎസിൽ 129 ഇന്ത്യൻ വിദ്യാർഥികൾ അറസ്റ്റിൽ. ഇതിൽ മലയാളികളും ഉണ്ടെന്നാണു സൂചന. ഭൂരിഭാഗവും ആന്ധ്ര, തെലങ്കാന സ്വദേശികളാണ്. യുഎസ് നടപടിയിൽ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഡൽഹിയിലുള്ള യുഎസ് എംബസിയെ ഒൗദ്യോഗികമായി പ്രതിഷേധമറിയിച്ച (ഡെയ്മാഷ്) ഇന്ത്യ, നയതന്ത്ര – രാഷ്ട്രീയതലത്തിൽ പ്രശ്നപരിഹാരത്തിനു നീക്കമാരംഭിച്ചു.

വ്യാജ സർവകലാശാലയിൽ വിദ്യാർഥികളായി പ്രവേശനം നേടുകയും അതിന്റെ മറവിൽ അനധികൃതമായി ജോലി ചെയ്യുകയും ചെയ്തുവെന്ന കുറ്റത്തിനു മിഷിഗണിലെ ഡെട്രോയിറ്റിലുള്ള ഫാമിങ്ടൻ സർവകലാശാലയിലെ 130 വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാളൊഴികെ എല്ലാവരും ഇന്ത്യക്കാരാണ്. ന്യൂജഴ്സി, അറ്റ്ലാന്റ, ഹൂസ്റ്റൺ, മിഷിഗൺ, കലിഫോർണിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്ത വിദ്യാർഥികളെ പലയിടങ്ങളിലായി പാർപ്പിച്ചിരിക്കുകയാണ്. ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ റേഡിയോ ഫ്രീക്വൻസി ടാഗുകൾ ശരീരത്തിൽ ഘടിപ്പിച്ചിട്ടുണ്ടെന്നാണു വിവരം.

സർവകലാശാല വ്യാജമാണെന്ന് അറിഞ്ഞിട്ടും വിദ്യാർഥികൾ മനഃപൂർവം തട്ടിപ്പു നടത്തിയെന്നാണ് യുഎസ് അധികൃതരുടെ നിലപാട്. എന്നാൽ, ജോലി ചെയ്യാൻ അവസരം നൽകി വിദ്യാർഥികളെ സർവകലാശാല കുടുക്കുകയായിരുന്നവെന്ന് ഇന്ത്യൻ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

പ്രശ്നപരിഹാരത്തിനു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നേരിട്ടു നടത്തുന്ന ഇടപെടലിന്റെ ഭാഗമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി കേന്ദ്ര സർക്കാർ 2 ഹെൽപ്‌ലൈൻ നമ്പരുകൾ സജ്ജമാക്കി. വിദ്യാർഥികൾക്കു സഹായമെത്തിക്കാൻ നോഡൽ ഓഫിസറെയും നിയോഗിച്ചു. വിദ്യാർഥികളുടെ അനുമതിയില്ലാതെ അവരെ ബലമായി നാടുകടത്തരുതെന്ന് യുഎസിനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിദ്യാർഥികളുമായി ബന്ധപ്പെടുന്നതിന് യുഎസിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ നിയോഗിച്ചുവെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. 

റേഡിയോ ടാഗ് മുൻപും

2011ൽ യുഎസിലെ ട്രൈ വാലി സർവകലാശാലയുമായി ബന്ധപ്പെട്ടുള്ള ഇമിഗ്രേഷൻ തട്ടിപ്പിൽ പിടിയിലായ ഏതാനും ഇന്ത്യൻ വിദ്യാർഥികൾക്കു മേൽ റേഡിയോ ടാഗ് ഘടിപ്പിച്ചതു വൻ വിവാദമായിരുന്നു. നിലവിൽ കസ്റ്റഡിയിലുള്ള വിദ്യാർഥികളുടെ കാലിൽ ടാഗ് ഘടിപ്പിച്ചുവെന്ന വിവരം പക്ഷേ, യുഎസ്, ഇന്ത്യൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. 

ഡെയ്മാഷ്

ഒരു പ്രത്യേക വിഷയത്തിലോ പ്രശ്നത്തിലോ ഉള്ള ഔദ്യോഗിക നിലപാട്, കാഴ്ചപ്പാട്, പ്രതിഷേധം, ആഗ്രഹം എന്നിവ പ്രകടിപ്പിക്കാനുള്ള ഔപചാരിക നയതന്ത്ര സന്ദേശമാണ് ഡെയ്മാഷ് (demarche). രാജ്യങ്ങളും സർക്കാർ സംഘടനകളും തമ്മിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വഴിയാണ് ഇത് കൈമാറുക. നയതന്ത്രത്തിൽ ഒരു പ്രത്യേക നീക്കം, തുട‍ർ നടപടികൾ, എതിർനടപടികൾ എന്നിവയേയും ഈ ഫ്രഞ്ച് വാക്ക് അർഥമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.