Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധ്യപ്രദേശ് ഡിജിപി സ്ഥാനത്തുനിന്നു തെറിച്ച ഋഷികുമാർ ശുക്ല സിബിഐ ഡയറക്ടർ

rishikumar-shukla ഋഷികുമാർ ശുക്ല

ന്യൂഡൽഹി ∙ മധ്യപ്രദേശിൽ ബിജെപി സർക്കാർ ഡിജിപിയാക്കുകയും കോൺഗ്രസ് അധികാരത്തിലെത്തിയതോടെ പദവിയിൽ നിന്നു മാറ്റുകയും ചെയ്ത ഋഷികുമാർ ശുക്ല (59) സിബിഐയുടെ പുതിയ മേധാവി. 100 ദിവസമായി ഒഴിഞ്ഞുകിടന്ന സിബിഐ മേധാവി സ്ഥാനത്തേക്ക്, കോൺഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് മല്ലികാർജുൻ ഖർഗെയുടെ എതിർപ്പ് അവഗണിച്ചാണു തീരുമാനം. കഴ‌ിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മൂന്നംഗ ഉന്നതാധികാര സമിതി യോഗത്തിലെ ഭൂരിപക്ഷ തീരുമാനപ്രകാരമാണ് ശുക്ലയുടെ നിയമനം. ഇത് മന്ത്രിസഭയുടെ നി‌യമനകാര്യസമിതി അംഗീകരിച്ച് ഇന്നലെ ഉത്തരവിറങ്ങി.

സമിതിയിൽ അംഗമായ കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ, ശുക്ലയെ നിയമിക്കുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സമിതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആണ് മറ്റൊരു അംഗം.

പുതിയ ഡയറക്ടറെ കണ്ടെത്താൻ സമിതി 2 തവണ യോഗം ചേർന്നിരുന്നു. രണ്ടാമത്തെ യോഗത്തിലും ഖർഗെ വിയ‌ോജിപ്പറിയി‌ച്ചതോടെ, ഭൂരിപക്ഷ തീരുമാനവുമായി മു‌ന്നോട്ടുപോകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. അഴിമതിക്കേസ് കൈകാര്യം ചെയ്തു പരിചയമില്ലാത്തയാളെ സിബിഐ ഡയറക്ടർ പദവിയിൽ നിയമിക്കുന്നതിനെതിരെയാണു ഖർഗെയുടെ വിയോജനക്കുറിപ്പ്.

ഭീകരവിരുദ്ധ ഇടപെടലുകളിലൂടെ ശ്ര‌ദ്ധേയനായ അന്വേഷണ ഉദ്യോഗസ്ഥനാണ് ഋഷികുമാർ ശുക്ല. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയതോടെ, ശുക്ലയുടെ ഇടപെടലുകളിൽ മുഖ്യമന്ത്രി കമൽനാഥിനുള്ള അതൃപ്തിയാണ് ഡിജിപിയെ മാറ്റുന്നതിലേക്കു നയിച്ചത്. അടുത്ത വർഷം ഓഗസ്റ്റ് വരെ സർവീസ് ഉള്ള ശുക്ലയെ പൊലീസ് ഹൗസിങ് കോർപറേഷൻ ഡയറക്ടർ ജനറൽ സ്ഥാനത്തേക്കാണു മാറ്റിയത്. സിബിഐ തലവനായി 2 വർഷത്തെ നിയമനം ലഭിച്ചതോടെ ശുക്ലയ്ക്ക് ഇനി 2021 ഫെബ്രുവരി ഒന്നുവരെ സർവീസിൽ തുടരാം. 

കേന്ദ്രസർക്കാർ പുറത്താക്കിയ ആലോക് വർമയ്ക്കു പകരമാണ് നിയമനം.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.