പി. ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി; അറസ്റ്റിനു നടപടി എന്നു സൂചന

p-chidambaram
SHARE

ന്യൂഡൽഹി∙ ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്ര ധനമന്ത്രി പി.ചിംദബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്കു കേന്ദ്ര സർക്കാരിന്റെ അനുമതി. നേരത്തെ, എയർസെൽ – മാക്സിസ് കേസിലും അദ്ദേഹത്തെ  പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് നിയമമന്ത്രാലയം അനുമതി നൽകിയിരുന്നു. രണ്ടു വിഷയങ്ങളിലും കള്ളപ്പണം വെളുപ്പിക്കൽ ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസുമുണ്ട്.

അറസ്റ്റ് ഡൽഹി ഹൈക്കോടതി നേരത്തെ താൽക്കാലികമായി തടഞ്ഞിരുന്നു. ചിദംബരം നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി കഴിഞ്ഞ 25ന് വിധി പറയാൻ മാറ്റിയിരുന്നു. അതിനുശേഷം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ നടപടി ശ്രദ്ധേയമാണ്. അറസ്റ്റിനുള്ള നടപടിയുണ്ടാകുമെന്നാണു സിബിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരുന്ന കാലത്താണ് െഎഎൻഎക്സ് മീഡിയയ്ക്കു വിദേശത്തുനിന്ന് മുതൽമുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോൽ‍സാഹന ബോർഡിന്റെ(എഫ്ഐപിബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതിൽ അഴിമതി നടന്നെന്നാണ് സിബിഐയുടെ കേസ്. ഈ കേസിൽ ചിദംബരത്തിന്റെ മകൻ കാർത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും  ഇപ്പോൾ ജാമ്യത്തിലാണ്. ചിദംബരത്തെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യേണ്ടതുണ്ടെന്നാണ് സിബിഐ നിലപാട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ