ADVERTISEMENT

ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിനെക്കുറിച്ചു സംശയം പ്രകടിപ്പിച്ച പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനോടു അന്നു പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ പറഞ്ഞത് ശാന്തനായിരിക്കാനും എല്ലാം വേണ്ട രീതിയിലാണു പുരോഗമിക്കുന്നതെന്നും ആണെന്നു പ്രതിരോധമന്ത്രി നിർമല സീതാരാമൻ. 

മുൻ യുപിഎ സർക്കാരിന്റെ കാലത്തു ദേശീയോപദേശക സമിതി അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയാണു സർക്കാരിനെ നിയന്ത്രിച്ചിരുന്നത്. അത് ഇടപെടലായിരുന്നില്ലേ? പ്രതിരോധമന്ത്രി പാർലമെന്റിൽ ചോദിച്ചു. 

കോൺഗ്രസ് പ്രവർത്തിക്കുന്നതു ബഹുരാഷ്ട്ര കമ്പനികൾക്കു വേണ്ടിയാണ്. മുൻ പ്രതിരോധ മന്ത്രിയുടെ കുറിപ്പു മറച്ചു വച്ചു വാർത്ത പ്രസിദ്ധീകരിച്ചതു മാധ്യമര്യാദകളുടെ ലംഘനമാണ്. ഭരണകൂടത്തിനെതിരെ തിരിയാൻ സൈനികരെ പ്രേരിപ്പിക്കുകയാണു രാഹുൽ ‌ഗാന്ധി. കൂടിയാലോചനകളുടെ പുരോഗതിയെക്കുറിച്ചു പ്രധാനമന്ത്രിയുടെ ഓഫിസ് അന്വേഷിക്കുന്നതിനെ സമാന്തര ചർച്ചയായി വിശേഷിപ്പിക്കുന്നതു ബാലിശമാണെന്ന് അവർ പറഞ്ഞു. 

കളവു ഫാക്ടറിയിലെ പുതിയ ഉൽപന്നം: ബിജെപി

പ്രധാനമന്ത്രിക്കെതിരായ പുതിയ ആരോപണം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കളവു ഫാക്ടറിയിൽനിന്നുള്ള പുതിയ ഉൽപന്നം മാത്രമാണെന്നായിരുന്നു ബിജെപി നേതാക്കളുടെ പക്ഷം. 

യൂറോപ്യൻ സന്ദർശനത്തിനിടെ ഏതു വിമാന കമ്പനി പ്രതിനിധികളുമായാണു രാഹുൽ കൂടിക്കാഴ്ച നടത്തിയതെന്നു വെളിപ്പെടുത്തണമെന്നു മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ ആവ‌ശ്യപ്പെട്ടു. റഫാൽ ഇടപാടു റദ്ദാക്കാനാണു കോൺഗ്രസിന്റെ ശ്രമം– അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com