ADVERTISEMENT

ഗുവാഹത്തി∙ അസമിലെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് പൗരത്വ ഭേദഗതി ബിൽ ഒരുതരത്തിലും ദോഷകരമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസം ആരോഗ്യമന്ത്രിയും ബിജെപി സഖ്യത്തിന്റെ കൺവീനറുമായ ഹിമന്ത ബിശ്വ ശർമയുടെ മണ്ഡലമായ ഷങ്സിയിൽ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അസം കരാർ പൂർണമായി നടപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി.

Asom Gana Parishad protest against the Citizenship Amendment bill
Asom Gana Parishad protest against the Citizenship Amendment bill

  നഗ്ന റാലി, കരിങ്കൊടി പ്രകടനം, ബന്ദ്, കോലം കത്തിക്കൽ എന്നിവയുമായാണ് ബില്ലിനെതിരായ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ നേരിട്ടത്. സംസ്ഥാന സെക്രട്ടേറിയറ്റിനു മുൻപിൽ നഗ്നരായി പ്രകടനം നടത്തിയ 6 കൃഷക് മുക്തി സംഘം (കെഎംഎസ്എസ്) പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തായ് അഹോം യുവ പരിഷത് 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

കെഎംഎസ്എസ് ഉൾപ്പെടെ 70 സംഘടനകൾ ബന്ദിനെ പിന്തുണച്ചു. പ്രധാനമന്ത്രിയുടെ യോഗസ്ഥലത്ത് കരിങ്കൊടിയുമായെത്തിയ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. കനത്ത സുരക്ഷയ്ക്കിടയിലും പ്രധാനമന്ത്രിയുടെ യോഗം നടന്ന രണ്ടിടത്തു കരിങ്കൊടി കാണിച്ചു. വെള്ളിയാഴ്ച നാലിടത്തു പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചിരുന്നു.

AASU's Anti-Modi protest over Citizenship Amendment Bill

അരുണാചൽ പ്രദേശിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 4000 കോടി രൂപയുടെ പദ്ധതികൾക്ക് ഇറ്റാനഗറിൽ പ്രധാനമന്ത്രി തറക്കല്ലിട്ടു. 

പൗരത്വ ബിൽ : എൻഡിഎ വിടാൻ എൻപിപി

ഷില്ലോങ് ∙ വിവാദമായ പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസ്സാക്കിയാൽ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) ദേശീയ ജനാധിപത്യ സഖ്യം എൻഡിഎ) വിടുമെന്ന് പാർട്ടി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കൊൺറാഡ് സാങ്മ. മേഘാലയത്തിൽ അധികാരത്തിലും അരുണാചൽ, മണിപ്പുർ, നാഗാലാൻഡ് എന്നിവിടങ്ങളിൽ ഭരണമുന്നണിയിലുമുള്ള എൻപിപി ജനറൽ ബോഡി ഇതിനുള്ള പ്രമേയം അംഗീകരിച്ചു.

ചൈനയുടെ  പ്രതിഷേധം തള്ളി ഇന്ത്യ

ബെയ്ജിങ് ∙ തർക്കപ്രദേശമായി തങ്ങൾ കരുതുന്ന അരുണാചൽപ്രദേശിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തിയതിൽ ചൈന ശക്തമായി പ്രതിഷേധിച്ചു. ഇത്തരം സന്ദർശനങ്ങൾ പ്രശ്നം സങ്കീർണമാക്കുമെന്നും വിദേശകാര്യ വക്താവ് ഹുവ ചുൻയിങ് പറഞ്ഞു. എന്നാൽ, പ്രതിഷേധം ഇന്ത്യ തള്ളി.

അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിമാർ മുൻപും അവിടം സന്ദർശിച്ചിട്ടുണ്ടെന്നും ഇനിയുമതു തുടരുമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com