ADVERTISEMENT

തിരുപ്പൂർ (തമിഴ്നാട് )∙ രാജ്യസുരക്ഷാ മേഖലയെ കോൺഗ്രസ് ഇടനിലക്കാരുടെ താവളമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ രംഗത്തെ ആധുനികവൽക്കരിക്കാനായിരുന്നു തന്റെ സർക്കാരിന്റെ ശ്രമമെന്നും തിരുപ്പൂരിനു സമീപം പെരുമാനല്ലൂരിൽ ബിജെപി റാലിയിൽ അദ്ദേഹം പറഞ്ഞു.

കാർഷിക കടം എഴുതിത്തള്ളിയതിനെക്കുറിച്ച് കോൺഗ്രസ് വീമ്പു പറയുന്നു. എന്നാൽ 10 വർഷം കൊണ്ട് കർഷകരുടെ അക്കൗണ്ടിലേക്ക് 7.5 ലക്ഷം കോടി എത്തിക്കാനാണു തന്റെ സർക്കാർ ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.

നായിഡുവിനെ ഉന്നംവച്ച് ഗുണ്ടൂർ പ്രസംഗം

കോൺഗ്രസുമായി സഖ്യത്തിനു ശ്രമിക്കുന്ന ചന്ദ്രബാബു നായിഡുവിന്റെ ചെയ്തികൾ തെലുങ്കുദേശം പാർട്ടി സ്ഥാപകനും ഭാര്യാപിതാവുമായ എൻ.ടി.രാമറാവുവിന്റെ ആത്മാവിനെ വേദനിപ്പിക്കുന്നുണ്ടാകുമെന്നു മോദി ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ബിജെപി റാലിയിൽ പറഞ്ഞു. എൻടിആറിനെ അപമാനിച്ച ഡൽഹിയിലെ വലിയ കുടുംബത്തെ തൃപ്തിപ്പെടുത്താനാണു നായിഡുവിന്റെ ശ്രമം. ഇതിലൂടെ അദ്ദേഹം സ്വന്തം ഭാര്യാ പിതാവിന്റെ പാരമ്പര്യത്തെ പിന്നിൽ നിന്നു കുത്തിയെന്നു മോദി ആരോപിച്ചു.

കുമാരസ്വാമി ‘പഞ്ചിങ്  ബാഗ്’

മുഖ്യമന്ത്രി കുമാരസ്വാമി ആർക്കും തല്ലാവുന്ന ‘പഞ്ചിങ് ബാഗായി’ മാറിയെന്നു കർണാടകയിലെ ഹുബ്ബള്ളിയിൽ  പ്രധാനമന്ത്രി ആരോപിച്ചു. സംസ്ഥാന ഭരണത്തിന്റെ ചുമതലക്കാരൻ ആരെന്നു കണ്ടെത്തുക പോലും പ്രയാസം. കണ്ണീരൊലിപ്പിക്കുകയാണ് അദ്ദേഹം. ഈ മാതൃക രാജ്യമാകെ അടിച്ചേൽപിക്കാനാണ് പ്രതിപക്ഷ കക്ഷികൾ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.

തമിഴ്നാട്ടിൽ സഖ്യ പ്രഖ്യാപനമുണ്ടായില്ല

ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എഐഎഡിഎംകെ –ബിജെപി സഖ്യത്തിന്റെ പ്രഖ്യാപനം പെരുമാനല്ലൂരിലെ പൊതുസമ്മേളനത്തിലുണ്ടാകുമെന്നു കരുതിയെങ്കിലും പ്രധാനമന്ത്രി മൗനം പാലിച്ചു. അതേസമയം, ഡിഎംകെയും കോൺഗ്രസിനെയും കണക്കറ്റു വിമർശിച്ചെങ്കിലും, എഐഎഡിഎംകെയെക്കുറിച്ചോ സർക്കാരിനെക്കുറിച്ചോ ഒന്നും മിണ്ടിയില്ലെന്നതു ശ്രദ്ധേയമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com