ADVERTISEMENT

ന്യൂഡൽഹി ∙ റഫാൽ ഇടപാടുമായി ബന്ധപ്പെട്ട കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ‌റിപ്പോർട്ട് ഇന്നു പാർലമെന്റിൽ സമർപ്പിക്കുമെന്ന സൂചനകൾക്കിടെ, ഇതിനുള്ള സിഎജിക്കുള്ള ‌ധാർമികാവകാശം ചോദ്യം ചെയ്തു പ്രതിപക്ഷം. 

സിഎജി രാജീവ് മെഹ്‌റിഷി 2014 ഒക്ടോബർ 24 മുതൽ 2015 ഓഗസ്റ്റ് 30 വരെ കേന്ദ്ര ധനസെക്രട്ടറിയായിരിക്കെയാണു കരാറിനുള്ള പ്രധാന കൂടിയാലോചനകൾ നടന്നത്. ചർച്ചകളിൽ ധനമന്ത്രാലയം നിർണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പാരിസിൽ ‌പ്രഖ്യാപനം നടത്തിയത് 2015 ഏപ്രിൽ 10നാണ്. ഈ സാഹചര്യത്തിൽ മെഹ്‌റിഷി ഓഡിറ്റിൽനിന്നു മാറിനിൽക്കുകയാണു വേണ്ടതെന്നാണു കോൺഗ്രസിന്റെ വാദം. ധന സെക്രട്ടറിയെന്ന നിലയിൽ മെഹ്‌റിഷി കൂടി പങ്കാളിയായ തീരുമാനങ്ങൾ ഇപ്പോൾ സിഎജി എന്ന നിലയിൽ അദ്ദേഹം തന്നെ അന്വേഷിക്കുന്നത് എങ്ങനെ ശരിയാകുമെന്നു കോൺഗ്രസ് നേതാവ് കപിൽ സിബൽ ചോദിച്ചു. 

അതേസമയം, ഭരണഘടനാ സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലിലാക്കുന്ന കോൺഗ്രസിനാണു വിശ്വാസ്യതയില്ലാത്തതെന്നു ബിജെപി കുറ്റപ്പെടുത്തി. സുപ്രീം കോടതിക്കും തിരഞ്ഞെടുപ്പു കമ്മിഷനും മേൽ സംശയത്തിന്റെ നിഴൽ വീഴ്ത്തിയ അവർ സിഎജിയെയും പിടികൂടിയിരിക്കുകയാണെന്നു കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് പ്രതികരിച്ചു. 

ലോക്സഭയുടെ അവസാന സമ്മേളനം ബുധനാഴ്ച  തീരുമെന്നിരിക്കെ, ഇന്നു തന്നെ റിപ്പോർട്ട് കൈമാറാനാണു സാധ്യത. റിപ്പോർട്ടുമായി ബന്ധപ്പെട്ടു സർക്കാരുമായി അവസാന കൂടിക്കാഴ്ചയും പൂർത്തിയായെന്നു സിഎജി വൃത്തങ്ങൾ വെളിപ്പെടുത്തിയതിനു പിന്നാലെയാണു പുതിയ ആരോപണം. ഇരുകൂട്ടരും റിപ്പോർട്ടിലെ നിഗമനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നാണു സൂചന. 

റഫാലിൽ സ്വജനപക്ഷപാതവും അഴിമതിയും നടപടിക്രമങ്ങളുടെ ലംഘനവുമുണ്ടെന്നാണു കോൺഗ്രസ് വാദം. കരാർ ഒപ്പിടുന്നതിനു ദിവസങ്ങൾ മുൻപു മാത്രം അനിൽ അംബാനി രൂപീകരിച്ച കമ്പനിക്ക് അനുബന്ധ കരാർ നൽകിയത് അഴിമതിയും സ്വജനപക്ഷപാതവും. പ്രതിരോധ മന്ത്രാലയത്തെ മറികടന്നു പ്രധാനമന്ത്രിയുടെ ഓഫിസ് ചർച്ചനടത്തിയത് നടപടിക്രമങ്ങളുടെ ലംഘനം.

പുതിയ ആരോപണം 

സിഎജി ഉടൻ റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടു വന്നിരുന്ന കോൺഗ്രസ് ഇപ്പോഴാണു മെഹ്‌റിഷിക്കെതിരെ തിരിയുന്നത്. റഫാൽ ഇടപാടിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടാൻ കപിൽ സിബലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം രണ്ടു വട്ടം അദ്ദേഹത്തെ കണ്ടിരുന്നു. സിഎജി റിപ്പോർട്ട് ലഭിച്ചെന്ന മട്ടിൽ സുപ്രീം കോടതി വിധിയിൽ തെറ്റായ പരാമർശം ഉൾപ്പെട്ടതിനെത്തുടർന്നുള്ള വിവാദത്തിലും കോൺഗ്രസിന്റെ ആക്രമണം സർക്കാരിനെതിരെ മാത്രമായിരുന്നു. 

പിഎസിക്ക് ഇനി സമയമില്ല

കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണു (പിഎസി) റിപ്പോർട്ട് പരിഗണിക്കേണ്ടത്. എന്നാൽ പിഎസിക്കു റിപ്പോർട്ട് പഠിക്കാൻ ഇനി സമയമില്ല. സർക്കാരിന്റെ കാലാവധി കഴിയുന്നതോടെ പിഎസിയുടെ കാലാവധിയും തീരും. അഥവാ, സമിതിയിൽ ചർച്ചയുണ്ടായാലും ഭൂരിപക്ഷം ഭരണപക്ഷത്തിനായതിനാൽ ഏകകണ്ഠ നിലപാട് പ്രതീക്ഷിക്കേണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com