ADVERTISEMENT

ന്യൂഡൽഹി∙ റഫാൽ വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പുവച്ചപ്പോൾ, അഴിമതി കണ്ടെത്തിയാൽ പിഴ ചുമത്താനുള്ള വ്യവസ്ഥയും കരാർ തുക വ്യക്തമായി ഓരോ ഇനത്തിനും ചെലവഴിക്കാൻ നിഷ്ക്കർഷിക്കുന്ന വിധം എസ്ക്രോ അക്കൗണ്ട് തുടങ്ങുന്നതും ഒഴിവാക്കിയെന്ന് പുതിയ വിവാദം. ഇതുസംബന്ധിച്ച പത്രവാർത്ത കേന്ദ്രസർക്കാർ നിഷേധിച്ചിട്ടില്ല. എന്നാൽ ഈ വ്യവസ്ഥകൾ ഒഴിവാക്കാൻ തീരുമാനിച്ചത് യുപിഎ ഭരണ കാലത്താണെന്നും മറ്റൊരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

ഇതിനുമുൻപ് പ്രതിരോധകരാറുകളിൽനിന്ന് ഈ വ്യവസ്ഥകൾ ഒഴിവാക്കിയിട്ടില്ല.

റഫാൽ ഇടപാട് 780 കോടി യൂറോയുടേതാണ് (59,000 കോടി രൂപ). ഇന്ത്യയും ഫ്രാൻസും 2016 സെപ്റ്റംബർ 23നാണ് കരാർ ഒപ്പിട്ടത്. ഇതനുസരിച്ച് ഫ്രാൻസിലെ ഡാസോ ആണ് റഫാൽ വിമാനങ്ങൾ നൽകേണ്ടത്, ഒപ്പമുള്ള ആയുധങ്ങളുടെ വിതരണം എംബിഡിഎ ഫ്രാൻസിനാണ്.  2016 ഓഗസ്റ്റ് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി ഇതിന് അംഗീകാരം നൽകി. എന്നാൽ, സെപ്റ്റംബറിൽ പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം കരാറിലെ 8 വ്യവസ്ഥകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചു. 

കരാർ ലഭ്യമാക്കാനായി അമിതസ്വാധീനം ചെലുത്തിയതായോ ഏജൻസി കമ്മിഷൻ നൽകിയതായോ കാണുന്ന പക്ഷം പിഴ ചുമത്താനുള്ള വ്യവസ്ഥയാണ് നീക്കം ചെയ്തതിൽ പ്രധാനം. കരാർ നടപ്പാക്കുന്നതിൽ പിഴവുണ്ടായാൽ കണക്കുകൾ പരിശോധിക്കാനുള്ള വ്യവസ്ഥയും ഒഴിവാക്കി. 

ചർച്ചകൾക്ക് നിയുക്തരായ ഇന്ത്യൻ സംഘത്തിലെ ചെലവു സംബന്ധിച്ച ഉപദേഷ്ടാവ് എം.പി. സിങ്, ധനകാര്യ മാനേജർ എ.ആർ. സുലേ, ജോയൻറ് സെക്രട്ടറിയും അക്വിസിഷൻ മാനേജറുമായ രാജീവ് വർമ എന്നിവർ ഈ മാറ്റങ്ങളെ എതിർത്തിരുന്നു.

ഈ വ്യവസ്ഥകൾക്കു പകരം ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ഒരു കത്തു മാത്രം മതിയെന്നായിരുന്നു തീരുമാനം. കത്തിൽ പറയുന്നത് കരാർ നടപ്പാക്കാതിരുന്നാൽ തുക മടക്കി നൽകാനുള്ള നടപടികൾ ഫ്രഞ്ച് സർക്കാർ സ്വീകരിക്കും എന്നാണ്. 

അഴിമതി കൂടുതൽ വ്യക്തം: കോൺഗ്രസ്

റഫാൽ ഇടപാടിൽ അഴിമതി നടന്നുവെന്ന് ഒന്നുകൂടി വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 30,000 കോടി രൂപ അനിൽ അംബാനിക്കു നൽകാൻ കാവൽക്കാരൻ തന്നെ വാതിൽ തുറന്നു കൊടുത്തു. സർക്കാരിന്റെ ഉറപ്പോ ബാങ്ക് ഗാരന്റിയോ എസ്ക്രോ അക്കൗണ്ടോ ഒന്നുമില്ലാതെ വൻതുക മുൻകൂർ നൽകുകയായിരുന്നുവെന്നു മുൻ ധനകാര്യ, ആഭ്യന്തരമന്ത്രി പി. ചിദംബരം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com