ADVERTISEMENT

ലക്നൗ∙ യുപിയിൽ ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയതിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത് ബിജെപിയുടെ അടിത്തറയിളക്കൽ. കേന്ദ്രത്തിൽ ബിജെപിയെ പുറത്താക്കുന്നതിനുള്ള ഫലപ്രദ മാർഗം യുപിയിലൂടെയാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ്, നിർണായക രാഷ്ട്രീയ നീക്കങ്ങൾക്കുള്ള പൂർണ സ്വാതന്ത്ര്യം നൽകിയാണു പ്രിയങ്കയെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഇവിടെ നിയോഗിച്ചത്.

ബിജെപിയെ മലർത്തിയടിക്കാൻ എസ്പി – ബിഎസ്പി കക്ഷികളുമായി രഹസ്യ ചർച്ചകൾക്കു പ്രിയങ്ക അണിയറ നീക്കങ്ങൾ നടത്തും. ഒന്നിച്ചു നിന്ന് ബിജെപിയുടെ പരാജയം ഉറപ്പാക്കുക എന്ന കോൺഗ്രസ് സന്ദേശവുമായി അഖിലേഷ് യാദവിനെയും (എസ്പി), മായാവതിയെയും (ബിഎസ്പി) സമീപിക്കാനുള്ള പച്ചക്കൊടി ദേശീയ നേതൃത്വം പ്രിയങ്കയ്ക്കു നൽകിയിട്ടുണ്ട്.

ബിജെപിയുടെ കരുത്തായ ബ്രാഹ്മണ – സവർണ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താൻ തനിക്കാവുമെന്ന അവകാശവാദത്തിലൂടെ എസ്പിക്കും ബിഎസ്പിക്കും മുന്നിൽ പ്രിയങ്ക വിലപേശൽ നടത്തും. പ്രബല ശക്തിയായി കോൺഗ്രസ് കൂടി രംഗത്തിറങ്ങുമ്പോൾ പ്രതിപക്ഷ കക്ഷികൾക്കിടയിൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് ബിജെപിക്കു ഗുണം ചെയ്യുമെന്നും അതു തടയാൻ പരസ്പര ധാരണ അനിവാര്യമാണെന്നും പ്രിയങ്ക നിലപാടെടുക്കും. തിരഞ്ഞെടുപ്പ് സഖ്യത്തിൽ നിന്നു കോൺഗ്രസിനെ തഴഞ്ഞ എസ്പിയും ബിഎസ്പിയും പല മണ്ഡലങ്ങളിലും അവരുമായി അണിയറയിൽ ൈകകോർക്കാൻ ഇതു വഴിയൊരുക്കും.

തിരഞ്ഞെടുപ്പ് ഗോദയിൽ പ്രിയങ്കയിലൂടെ കരുത്തറിയിക്കാൻ കോൺഗ്രസിനു സാധിച്ച സാഹചര്യത്തിൽ, 12 സീറ്റുകളിലെങ്കിലും ധാരണയ്ക്കുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് എസ്പി വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്പിയുമായുള്ള സഖ്യത്തിന് അഖിലേഷുമായി കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ചർച്ചകൾ നടത്തിയത് പ്രിയങ്കയായിരുന്നു.

2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയുടെ ഭരണം പിടിക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസ്, പ്രിയങ്കയെ അവിടെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഭാവിയിൽ ഉയർത്തിക്കാട്ടാനും മടിക്കില്ല. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ, യുപിയിൽ ഭരണം പിടിക്കേണ്ടതിന്റെ അനിവാര്യത രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രിയങ്കയുടെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും ദീർഘകാല ലക്ഷ്യം ഇതായിരിക്കണമെന്നും രാഹുൽ നിർദേശിച്ചു.

പ്രിയങ്ക സേന

യുപിയിലെ തങ്ങളുടെ പുതിയ നേതാവിനു കരുത്തു പകരാൻ പ്രിയങ്ക സേനയ്ക്കു രൂപം നൽകി പാർട്ടിയുടെ സംസ്ഥാന ഘടകം. പ്രിയങ്കയ്ക്കായി ജീവൻ വരെ നൽകാൻ തയാർ എന്ന പ്രതിജ്‍ഞയെഴുതിയ പിങ്ക് ടീഷർട്ട് ധരിച്ച യുവാക്കളാണു സേനയിലെ അംഗങ്ങൾ. പ്രിയങ്ക പ്രചാരണത്തിനിറങ്ങുന്ന സ്ഥലങ്ങളിലെല്ലാം പ്രവർത്തകരിൽ ആവേശമുയർത്തുക എന്നതാണു സേനയുടെ പ്രാഥമിക ദൗത്യം. സംസ്ഥാനത്തുടനീളം പ്രിയങ്കയെ സേന പിന്തുടരും.

Rahul Gandhi and Priyanka Gandhi Vadra

പ്രിയങ്ക ട്വിറ്ററിൽ; 10 മണിക്കൂറിൽ 1 ലക്ഷം ഫോളോവേഴ്സ്

ന്യൂഡൽഹി∙ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് ട്വിറ്ററിലും അരങ്ങേറ്റം.  പ്രിയങ്ക ഗാന്ധി വാധ്‍ര എന്ന പേരിൽ വെരിഫൈഡ് അക്കൗണ്ടാണ് ആരംഭിച്ചത്. ഹാൻഡിൽ:  @priyankagandhi.  ഇന്നലെ രാവിലെ നിലവിൽ വന്ന അക്കൗണ്ടിന്  10 മണിക്കൂറിൽ 1 ലക്ഷം ഫോളോവേഴ്സ് ആയി.   പ്രിയങ്കയെ ‘സമൂഹമാധ്യമങ്ങളിലെ പുതിയ സൂപ്പർതാരം’ എന്നു ശശി തരൂർ വിശേഷിപ്പിച്ചു. രാത്രി 10 വരെ പ്രിയങ്ക ട്വീറ്റുകളൊന്നും ചെയ്തിട്ടില്ല.   

Rahul Gandhi and Priyanka Gandhi Vadra

രാഹുൽ ഗാന്ധിക്ക് ട്വിറ്ററിൽ 84 ലക്ഷം ഫോളോവേഴ്സ് ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 4.54 കോടിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com