sections
MORE

യെഡിയൂരപ്പ ഓഡിയോ: പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും

HIGHLIGHTS
  • വിമതർക്കെതിരെ നടപടി തേടി കോൺഗ്രസ്
B S Yeddyurappa
SHARE

ബെംഗളൂരു∙ കർണാടക സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് യെഡിയൂരപ്പ, ജനതാദൾ (എസ്) എംഎൽഎയ്ക്ക് 25 കോടി വാഗ്ദാനം ചെയ്യുന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ച് പ്രത്യേക പൊലീസ് സംഘം (എസ്ഐടി) അന്വേഷിക്കും. മുഖ്യമന്ത്രി കുമാരസ്വാമിയാണ് നിയമസഭയിൽ അന്വേഷണം പ്രഖ്യാപിച്ചത്. 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സ്പീക്കർ രമേഷ് കുമാർ നിർദേശിച്ചു. നിയമസഭാ പ്രത്യേക സമിതിയോ, ജുഡീഷ്യൽ കമ്മിഷനോ അന്വേഷിക്കണമെന്ന ബിജെപി ആവശ്യം അദ്ദേഹം തള്ളി. 

കൃത്രിമമായി ചമച്ച ഓഡിയോ ക്ലിപ്പാണെന്ന് യെഡിയൂരപ്പ ആദ്യം പറഞ്ഞെങ്കിലും പിന്നീട് തന്റെ ശബ്ദമാണെന്നു സമ്മതിച്ചിരുന്നു. സ്പീക്കർക്ക് 50 കോടി രൂപ നൽകിയെന്നും സംഭാഷണത്തിലുണ്ട്. തുടർന്നാണ്, അന്വേഷണം വേണമെന്നു സ്പീക്കർ തന്നെ സഭയിൽ ആവശ്യപ്പെട്ടത്. 

അതിനിടെ, 2014ൽ നിയമസഭാ കൗൺസിലിൽ സീറ്റ് നൽകുന്നതിന് കുമാരസ്വാമി സ്വന്തം പാർട്ടിക്കാരിൽ നിന്ന് 40 കോടി രൂപ കൈക്കൂലി ചോദിച്ചെന്ന് ആരോപിച്ച ബിജെപി, അതിന്റെ വിഡിയോ ക്ലിപ് സ്പീക്കർക്കു കൈമാറി. 

അതേസമയം, കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിലും ബജറ്റ് സമ്മളനത്തിലും പങ്കെടുക്കാതിരുന്ന നാലു വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കർക്കു പരാതി നൽകി. 

വിപ്പ് ലംഘിച്ച രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി, ബി.നാഗേന്ദ്ര, ഉമേഷ് ജാദവ് എന്നിവർക്കെതിരെയാണു കൂറുമാറ്റനിരോധന നിയമപ്രകാരം നടപടി തേടിയത്.

വിവാദത്തിൽ സ്തംഭിച്ച് ലോക്സഭ

ന്യൂഡൽഹി ∙ കർണാടകയിൽ ബിജെപി കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെ ലോക്സഭാ ചോദ്യോത്തരവേള സ്തംഭിച്ചു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ എംപിമാർ സഭ ബഹിഷ്കരിച്ചു. അതേസമയം, ആരോപണങ്ങൾ മന്ത്രി സദാനന്ദ ഗൗഡ നിഷേധിച്ചു. 

ജുഡീഷ്യറിയെയും സ്പീക്കറെയും സ്വാധീനിച്ച് എംഎൽഎമാരെ വിലയ്ക്കു വാങ്ങാമെന്നാണു ബിജെപി കർണാടക അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ  പറയുന്നതെന്നു കോൺഗ്രസ് സഭാ നേതാവ് മല്ലികാർജുൻ ഖർഗെ ചൂണ്ടിക്കാട്ടി. യെഡിയൂരപ്പയുടെ ഫോൺസംഭാഷണത്തിന്റെ പൂർണരൂപം ഖർഗെ വായിച്ചപ്പോൾ ബിജെപി ബഹളംവച്ചു. എംഎൽഎമാരെ കൂറുമാറ്റത്തിനു പ്രേരിപ്പിക്കുന്ന ‘ഓപ്പറേഷൻ താമര’ രാജ്യത്ത് ഒരിടത്തും അനുവദിക്കരുതെന്നു മുൻ പ്രധാനമന്ത്രിയും ജനതാദൾ (എസ്) ദേശീയ അധ്യക്ഷനുമായ ദേവെ ഗൗഡ ആവശ്യപ്പെട്ടു.

കുതിരക്കച്ചവടം രാജ്യത്തിനാകെ നാണക്കേടാണെന്ന് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയ കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. 200 കോടിയുടെ കള്ളപ്പണം ഇതിനു നീക്കിവച്ചിരിക്കുന്നു. രാജ്യമെങ്ങും റെയ്ഡ് നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്,  ബിജെപി നേതാക്കൾക്കെതിരെ അന്വേഷണത്തിനു മുതിരാത്തതു ദുരൂഹമാെണന്ന് കർണാടക ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കൂടിയായ വേണുഗോപാൽ പറഞ്ഞു. സഭാ നടപടികൾ നിർത്തിവച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കർ നിഷേധിച്ചു. ഇറങ്ങിപ്പോയ കോൺഗ്രസ് അംഗങ്ങൾ പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ധർണ നടത്തി. 

കോൺഗ്രസ്, ദൾ കലഹമാണു പ്രശ്നങ്ങൾക്കു പിന്നിലെന്നായിരുന്നു മന്ത്രി സദാനന്ദ ഗൗഡയുടെ പ്രതികരണം. മുഖ്യമന്ത്രി  കുമാരസ്വാമി പറയുന്നതെല്ലാം നുണ. കസേര രക്ഷിക്കാൻ മാത്രമാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ആരോപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA