sections
MORE

ഇതാ പ്രിയങ്ക, പുതിയൊരു ഇന്ദിര! ലക്നൗവിൽ പ്രവർത്തകരെ ആവേശഭരിതരാക്കി റോഡ് ഷോ

Rahul-and-Priyanka
പ്രിയ ദർശനം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യുപിയിലെ ലക്നൗവിൽ നടത്തിയ റോഡ് ഷോയിൽ നിന്ന്. ചിത്രം: ജെ. സുരേഷ് ∙ മനോരമ
SHARE

ലക്നൗ ∙ ‘മാറ്റത്തിലേക്കുള്ള കൊടുങ്കാറ്റ് ഇതാ വന്നെത്തി’ എന്ന് ആയിരങ്ങൾ തൊണ്ടകീറി വിളിച്ച പകലിൽ ഉത്തർ പ്രദേശിന്റെ രാഷ്ട്രീയ അങ്കത്തട്ടിൽ പ്രിയങ്കയുടെ രാജകീയ പ്രവേശം. കിഴക്കൻ യുപിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നിയമിതയായ ശേഷം പ്രിയങ്ക സംസ്ഥാനത്തേക്കു നടത്തിയ ആദ്യ യാത്രയിൽ ഒപ്പം ചേ‍ർന്ന് ജ്യേഷ്ഠനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയും പടിഞ്ഞാറൻ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും. ഇരുവർക്കുമൊപ്പം ലക്നൗവിൽ നടത്തിയ റോഡ് ഷോയിലൂടെ സംസ്ഥാനത്ത്  പ്രചരണത്തിനു പ്രിയങ്ക തുടക്കമിട്ടു.

നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം മാത്രമല്ല, 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയുടെ ഭരണം പിടിക്കാനും കോൺഗ്രസ് പോരാടുമെന്നു പ്രഖ്യാപിച്ച രാഹുൽ, താൻ പ്രിയങ്കയിലർപ്പിച്ചിട്ടുള്ള വലിയ ദൗത്യം വെളിപ്പെടുത്തി.

ഉച്ചയ്ക്ക് 12.30നു ലക്നൗവിൽ വിമാനമിറങ്ങിയ പ്രിയങ്കയും രാഹുലും സിന്ധ്യയും അവിടെ നിന്ന് യുപി കോൺഗ്രസ് ആസ്ഥാനം വരെ റോഡ് ഷോ നടത്തി. ഇതിനുവേണ്ടി പ്രത്യേകം തയാറാക്കിയ ബസിന്റെ മുകളിൽ കയറിനിന്ന പ്രിയങ്കയെ നോക്കി പ്രവർത്തകർ വിളിച്ചു പറഞ്ഞു: ‘ഇതാ ഇന്ദിര!’

കൈകൾ കൂപ്പി നിറചിരിയോടെ പ്രിയങ്ക അവരുടെ സ്നേഹം സ്വീകരിച്ചു. റോഡ് ഷോ പാതിദൂരം പിന്നിട്ടപ്പോൾ, ബസിൽ നിന്നിറങ്ങിയ ഇരുവരും ജീപ്പിനു മുകളിൽ കയറി. സുരക്ഷാവലം ഭേദിച്ച് തന്നിലേക്കു നീണ്ട കൈകൾ ചേർത്തുപിടിച്ച് പ്രിയങ്ക കുശലം ചോദിച്ചു. ഒപ്പമുണ്ടാവണമെന്ന് ഓർമിപ്പിച്ചു. ഹസ്രത്ത്ഗഞ്ചിലെ പ്രശസ്തമായ ചായക്കടയ്ക്കു മുന്നിലെത്തിയപ്പോൾ, വാഹനം നിന്നു. മൺപാത്രത്തിൽ നിറച്ച 3 കപ്പ് ചായ എത്തി. സിന്ധ്യയ്ക്കും രാഹുലിനും സംസ്ഥാനത്തെ പാർട്ടി അധ്യക്ഷൻ രാജ് ബബ്ബറിനും പ്രിയങ്ക അതു കൈമാറി.

പ്രവർത്തകർ എറിഞ്ഞ പൂമാലകൾ അവർക്കു തിരികെ നൽകി. ജനക്കൂട്ടത്തിനിടയിൽ നിന്ന പ്രവർത്തകന്റെ കുഞ്ഞിനെ മടിയിലിരുത്തി മുത്തം നൽകി. 

മുദ്രാവാക്യങ്ങളെല്ലാം ഇന്ദിരാ ഗാന്ധിയിൽ ചെന്നു നിന്നു. ‘മോദിയുടെ ഉരുക്കു കോട്ടയിളക്കാൻ ഇതാ എത്തി പ്രിയങ്ക; ഇവളിലുണ്ട് ഇന്ദിര’ എന്ന് അവർ ആർപ്പുവിളിച്ചു. ആവേശം വാനോളമുയർത്തിയ റോഡ് ഷോ വൈകിട്ട് അഞ്ചരയോടെ പാർട്ടി ആസ്ഥാനത്തെത്തി. വാഹനത്തിൽ നിന്നിറങ്ങിയ പ്രിയങ്ക ജനങ്ങളുടെ കൈപിടിച്ചു നീങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA