ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ സമ്മേളനത്തിന്റെ അവസാന ദിവസം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കോൺഗ്രസിനോടു പിണങ്ങി. മമതയെ അനുനയിപ്പിക്കാൻ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ ശ്രമം വിജയിച്ചില്ല. എന്നാൽ, പിണക്കം ബംഗാളിൽ ഒതുങ്ങുമെന്നും കേന്ദ്രത്തിൽ കോൺഗ്രസുമായി സഹകരിക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും മമത പിന്നീടു സൂചിപ്പിച്ചു. നിയമവിരുദ്ധ നിക്ഷേപ പദ്ധതികൾ തടയാനുള്ള ബിൽ ലോക്സഭ ചർച്ച ചെയ്തപ്പോൾ ബംഗാളിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി, ശാരദ ചിട്ടി തട്ടിപ്പു വിഷയത്തിൽ മമതയെ പേരെടുത്തു പരാമർശിച്ച് ശക്തമായി വിമർശിച്ചു.

ലക്ഷക്കണക്കിന് ആളുകൾ കൊള്ളയടിക്കപ്പെട്ടെന്നും അവരുടെ പണം തിരികെ നൽകണമെന്നും അധിർ പറഞ്ഞു. ബിജെപി അംഗങ്ങൾ അധിറിനെ കയ്യടിച്ച് പ്രോൽസാഹിപ്പിച്ചു. പാർലമെന്റിന്റെ െസൻട്രൽ ഹാളിൽ സോണിയയുമായി കൂടിക്കണ്ട മമത രോഷം മറച്ചുവച്ചില്ല. താൻ ഡൽഹിയിലുണ്ടായിരിക്കെ, ലോക്സഭാ സമ്മേളനത്തിന്റെ അവസാന ദിവസം കോൺഗ്രസ് ചെയ്തതു ശരിയായില്ലെന്നു മമത വ്യക്തമാക്കി. ‘ഞങ്ങൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കും; എന്നാൽ സൗഹൃദത്തിലാണ്’ എന്നു പറഞ്ഞു മമതയെ തണുപ്പിക്കാൻ സോണിയ ശ്രമിച്ചു. എന്നാൽ, ഇതു മറക്കില്ലെന്ന് മമത പറഞ്ഞു.

കൂടുതൽ ചർച്ചയ്ക്കു നിൽക്കാതെ സോണിയ നടന്നുനീങ്ങി. സോണിയ സഭയിലുള്ളപ്പോഴാണ് വിമർശനമുണ്ടായത് എന്നതാണു മമതയെ കൂടുതൽ ചൊടിപ്പിച്ചതെന്നും അതിനാലാണു നേരിട്ട് രോഷം പ്രകടിപ്പിച്ചതെന്നും തൃണമൂൽ അംഗങ്ങൾ പിന്നീടു പറഞ്ഞു. താൻ കൊൽക്കത്തയിൽ നടത്തിയ റാലിയിലേക്കുൾപ്പെടെ കോൺഗ്രസിനെ ക്ഷണിച്ചതും അവരുടെ നേതാക്കൾ പങ്കെടുത്തതുമാണെന്നും ലോക്സഭയിലെ വിമർശനം മറക്കുന്ന പ്രശ്നമില്ലെന്നും മമത പറഞ്ഞു. എന്നാൽ, ബംഗാളിലെ രാഷ്ട്രീയസ്ഥിതി മറന്നാണ് മമതയുടെ വിമർശനമെന്ന് സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ബംഗാളിൽ മമതയുമായി സഖ്യമില്ലെന്നു മാത്രമല്ല, പരസ്പരം ഏറ്റുമുട്ടുകയുമാണ്. ബംഗാളിൽ ഇപ്പോൾ ധാരണ ആലോചിക്കുന്നത് ഇടതു പാർട്ടികളുമായാണ്. അപ്പോൾ, ശാരദ തട്ടിപ്പു വിഷയം പരാമർശിക്കാതിരുന്നാൽ സംസ്ഥാനത്തു കോൺഗ്രസ് പരിഹസിക്കപ്പെടുമെന്നും നേതാക്കൾ വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com