ADVERTISEMENT

ന്യൂഡൽഹി ∙ അലിഗഡ് മുസ്‌ലിം സർവകലാശാലയുടെ (എഎംയു) ന്യൂനപക്ഷ പദവി സംബന്ധിച്ച കേസ് സുപ്രീം കോടതി ഏഴംഗ ബെഞ്ചിനു വിട്ടു. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനു ന്യൂനപക്ഷ പദവി നൽകാനുള്ള മാനദണ്ഡങ്ങൾ ഈ ബെഞ്ച് തീരുമാനിക്കും. അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ  പദവി എടുത്തു കളഞ്ഞ അലഹബാദ് ഹൈക്കോടതിയുടെ 2006 ലെ ഉത്തരവിനെതിരെ എഎംയു നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.

2002 ൽ ടിഎംഎ പൈ കേസിലെ വിധിയിൽ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ന്യൂനപക്ഷ പദവി സംബന്ധിച്ച വിവിധ പ്രശ്നങ്ങൾ തീർപ്പാക്കിയിരുന്നുവെങ്കിലും ന്യൂനപക്ഷപദവി നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ ഏതെല്ലാമെന്നു വ്യക്തമാക്കിയിരുന്നില്ല. അതിനാൽ ഈ വിഷയം പരിശോധിക്കേണ്ടതുണ്ടെന്ന എഎംയു അഭിഭാഷകൻ രാജീവ് ധവാന്റെ വാദം കോടതി അംഗീകരിച്ചു.

അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ അന്നത്തെ യുപിഎ സർക്കാർ അപ്പീൽ നൽകിയിരുന്നു. എന്നാൽ 2016 ൽ ബിജെപി സർക്കാർ ഈ അപ്പീൽ പിൻവലിച്ചു. 1968 ൽ അസീസ് ബാഷ കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് എഎംയുവിന്റെ ന്യൂനപക്ഷി പദവി റദ്ദാക്കിയിരുന്നു. എഎംയു കേന്ദ്രസർവകലാശാലയാണെന്നും സർക്കാർ സ്ഥാപിച്ചതാകയാൽ ന്യൂനപക്ഷ സ്ഥാപനമല്ലെന്നുമായിരുന്നു വിധി. ഇതേത്തുടർന്ന് ന്യൂനപക്ഷ പദവി പുനഃസ്ഥാപിക്കാൻ 1972 ലും 1981 ലും എഎംയു ദേദഗതി ബില്ലുകൾ  കേന്ദ്രസർക്കാർ കൊണ്ടുവന്നു.

ഇതിൽ 1981ലെ ഭേദഗതിയാണ് അലഹബാദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2006 ൽ റദ്ദാക്കിയത്. ഹൈക്കോടതി വിധിക്ക് ആധാരമായ 1968 ലെ സുപ്രീം കോടതി വിധിയിൽ ന്യൂനപക്ഷ പദവി സംബന്ധിച്ചുള്ള ഘടകങ്ങളിൽ വൈരുദ്ധ്യമുണ്ടെന്നും ധവാൻ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com