ADVERTISEMENT

ന്യൂഡൽഹി ∙ സമ്പാദ്യ പദ്ധതികൾ വേണ്ടവിധം വിനിയോഗിക്കുന്ന സാധാരണക്കാർക്ക് 9.5 ലക്ഷം രൂപ വരെ ആദായനികുതി നൽകേണ്ടി വരില്ലെന്നു ധനമന്ത്രി പീയൂഷ് ഗോയൽ. ലോക്സഭയിൽ ധനകാര്യ ബിൽ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു.

5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കു നികുതിയിളവ് 2,500 രൂപയിൽ നിന്നു 12,500 രൂപയാക്കി. സാധാരണക്കാർക്കു സഹായകമായ ഒട്ടേറെ നികുതിയിളവുകൾ ബജറ്റിലുണ്ടെന്ന് അവകാശപ്പെട്ട മന്ത്രി മധ്യവർഗത്തിനു നികുതി റിബേറ്റ് നൽകുന്നതിനോടു കോൺഗ്രസിനും പ്രതിപക്ഷത്തിനും യോജിപ്പായിരുന്നില്ലെന്നും കുറ്റപ്പെടുത്തി. എല്ലാ മേഖലയിലും ശ്രദ്ധേയ നേട്ടം കൈവരിക്കാൻ മോദി സർക്കാരിനു കഴിഞ്ഞെന്നു ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. ധനകാര്യ ബിൽ ശബ്ദവോട്ടോടെ സഭ പാസ്സാക്കി.

റഫാൽ കരാർ പ്രധാനമന്ത്രിയുടേത്: വേണുഗോപാൽ

റഫാൽ യുദ്ധവിമാനക്കരാറിൽ എച്ച്എഎല്ലിനെ പങ്കാളിയാക്കാതിരുന്നതു പ്രധാനമന്ത്രി കൈക്കൊണ്ട തീരുമാനമാണെന്നു വ്യക്തമായതായി കെ.സി. വേണുഗോപാൽ. അഴിമതിയുടെ തെളിവുകൾ ഓരോന്നായി പുറത്തു വരുമെന്ന ആശങ്ക മൂലമാണു സർക്കാർ ജെപിസി അന്വേഷണത്തിനു വഴങ്ങാത്തതെന്നു ചർച്ച തുടങ്ങിവച്ച വേണുഗോപാൽ കുറ്റപ്പെടുത്തി. ഇടക്കാല ബജറ്റ് സർക്കാരിന്റെ പ്രകടനപത്രിക മാത്രമാണ്. അഴിമതിവിരുദ്ധ വ്യവസ്ഥകൾ ഒഴിവാക്കിയതിനു ശേഷമാണു റഫാൽ കരാർ ഒപ്പുവച്ചത്. കരാർ പ്രഖ്യാപിച്ചപ്പോൾ എച്ച്എഎൽ പുറത്തായി, അംബാനി അകത്തും – വേണുഗോപാൽ പറഞ്ഞു.

കെ.വി. തോമസ് (കോൺഗ്രസ്): ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ  പാലിക്കാത്ത സർക്കാരായി മോദി സർക്കാർ അറിയപ്പെടും. ബിജെപി സർക്കാരിനെതിരെ  തിരഞ്ഞെടുപ്പിൽ ജനം വിധിയെഴുതും. പ്രതിവർഷം 2 കോടിയാളുകൾക്ക് അധിക ജോലി നൽകുമെന്ന വാഗ്ദാനം സർക്കാർ പാലിച്ചില്ല. ദേശീയപാത 45 മീറ്ററായി വീതി കൂട്ടുമ്പോൾ വിപണി വിലയുടെ നാലിരട്ടി നൽകുമെന്നു ജനങ്ങൾക്കു നൽകിയ വാഗ്ദാനമെങ്കിലും പാലിക്കണം. 

എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്പി): സാമ്പത്തിക വളർച്ചയുടെ ഗുണഭോക്താക്കൾ രാജ്യത്തെ അതിസമ്പന്ന വിഭാഗം മാത്രമാണ്. റഫാൽ യുദ്ധവിമാന ഇടപാടിൽ നയപരമായ 8 വ്യവസ്ഥകൾ മാറ്റിയാണു സർക്കാർ റിലയൻസിനെ സഹായിച്ചത്. ഇതുമൂലം 30,000 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com