ADVERTISEMENT

ന്യൂഡൽഹി ∙ പ്രമുഖ പ്രതിപക്ഷ നേതാക്കളെയെല്ലാം അണിനിരത്തി നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള യുദ്ധ പ്രഖ്യാപനവുമായി എഎപിയുടെ മഹാറാലി. ജന്തർമന്തറിൽ നടന്ന വൻ റാലി കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെയുള്ള പ്രധാന പ്രതിപക്ഷ കക്ഷി നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ‘സ്വേച്ഛാധിപത്യം ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തിയാണു റാലി സംഘടിപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും പാർട്ടിക്കു വേണ്ടി മുതിർന്ന നേതാവ് ആനന്ദ് ശർമയാണ് പിന്തുണയുമായി എത്തിയത്.

എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ, തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, ടിഡിപി നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു, എൻസിപി നേതാവ് ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, ഡിഎംകെ നേതാവ് കനിമൊഴി, സമാജ്‍വാദി പാർട്ടി നേതാവ് റാം ഗോപാൽ യാദവ്, ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്, ജെഡിഎസ് സെക്രട്ടറി ജനറൽ ഡാനിഷ് അലി, അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ഗെഗോങ് അപാങ്, സ്വാഭിമാനിപക്ഷ നേതാവ് രാജു ഷെട്ടി എംപി, ബിജെപി വിമത നേതാവ് ശത്രുഘ്നൻ സിൻഹ എംപി തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.

ആർജെഡി, ബിഎസ്പി എന്നിവയുടെ പ്രതിനിധികളും റാലിക്കെത്തി. ഈയിടെ ബംഗാളിൽ മമത ബാനർജി സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും എഎപിയുടെ റാലിയിലും പങ്കെടുത്തു. ജന്തർമന്തറിലെ വേദിയിലേക്ക് മമത ബാനർജി വരുന്നതിനു തൊട്ടുമുൻപ് ഇടതു നേതാക്കളായ സീതാറാം യച്ചൂരിയും ഡി. രാജയും വേദി വിട്ടത് ശ്രദ്ധേയമായി. ബംഗാളിൽ ഇരുചേരികളിൽ നിന്നു മത്സരിക്കുന്നവരാണ് ഇടതുപക്ഷവും തൃണമൂലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com