ADVERTISEMENT

ന്യൂഡൽഹി ∙ പതിനാറാം ലോക്സഭയിലെ അവസാനപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടിപ്പിച്ചത്, ഇനിയൊരു അവസരം കൂടി ലഭിക്കാൻ തനിക്ക് അർഹതയുണ്ടെന്ന ആത്മവിശ്വാസം. മാനവികതയുടെയും സാമൂഹികനീതിയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച സർക്കാരായിരുന്നു തന്റേതെന്നു പറഞ്ഞ മോദി, ഊർജം മുതൽ ബഹിരാകാശം വരെ വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ വിവരിച്ചു; ബാക്കി വച്ച കാര്യങ്ങൾ ചെയ്തു തീർക്കാൻ ജനങ്ങൾ വീണ്ടും ഭൂരിപക്ഷ സർക്കാരിനെ അധികാരത്തിലേറ്റുമെന്നു പ്രത്യാശ പ്രകടിപ്പിച്ചു.

30 വർഷത്തിനു ശേഷമാണ്, 2014 ൽ ഒറ്റയ്ക്കു ഭൂരിപക്ഷമുള്ള പാർട്ടി അധികാരത്തിലെത്തിയത്. കഴിഞ്ഞ 5 വർഷത്തിനിടെയുണ്ടായ നേട്ടങ്ങൾക്കു മുഖ്യ കാരണവും അതായിരുന്നു – അദ്ദേഹം പറഞ്ഞു. ‘‘ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പാക്കണം, ലോക്സഭയിൽ കന്നിക്കാരനായിരുന്ന ഞാൻ ഭരണപക്ഷത്തെ മുതിർന്നവരിൽ നിന്നു മാത്രമല്ല, പ്രതിപക്ഷ നേതാക്കളിൽനിന്നും ഏറെ പഠിച്ചു’’ – പ്രധാനമന്ത്രി പറഞ്ഞു.

കെ.സി. വേണുഗോപാൽ (കോൺഗ്രസ്), പി. കരുണാകരൻ (സിപിഎം), സുദീപ് ബന്ദോപാധ്യായ (തൃണമൂൽ), ജിതേന്ദർ റെഡ്ഡി (ടിആർഎസ്), റാം വിലാസ് പസ്വാൻ (എൽജെപി), സുപ്രിയ സുളെ (എൻസിപി), എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്പി) തുടങ്ങിയവരും അവസാനസമ്മേളനത്തിൽ സ്നേഹവാക്കുകളോടെ പ്രസംഗിച്ചു. പ്രശ്നങ്ങളുന്നയിക്കാൻ കിട്ടിയ അവസരങ്ങളുടെ പേരിൽ അംഗങ്ങൾ സ്പീക്കർ സുമിത്ര മഹാജനു നന്ദി പറഞ്ഞു. എന്നും ഭരിക്കുന്നവർക്കൊപ്പം നിൽക്കുന്നയാളെന്നു പേരെടുത്ത പസ്വാൻ നടത്തിയ പ്രവചനം സഭയെ ചിരിപ്പിച്ചു: ഞാൻ കാലാവസ്ഥാ വിദഗ്ധനാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വീണ്ടും ഞങ്ങൾ അധികാരത്തിലെത്തും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com