ADVERTISEMENT

ന്യൂഡൽഹി ∙ റഫാൽ കരാർ ഒപ്പുവയ്ക്കുന്നതിനു 10 ദിവസം മുൻപ് വിശദാംശങ്ങൾ അനിൽ അംബാനിക്ക് അറിയാമായിരുന്നുവെന്നും ഈ വിവരങ്ങൾ അദ്ദേഹത്തിനു ചോർത്തിക്കൊടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അംബാനിക്കു വേണ്ടി ചാരവൃത്തി നടത്തുകയാണ് മോദി ചെയ്തതെന്നു രാഹുൽ ആരോപിച്ചു.

ഇക്കാര്യം സൂചിപ്പിക്കുന്നതെന്നു പറയുന്ന, എയർബസ് കമ്പനി ഉദ്യോഗസ്ഥൻ അയച്ച ഇ മെയിൽ സന്ദേശം രാഹുൽ പുറത്തു‌വിട്ടു. കരാർ ഒപ്പിടുന്നതിനു 10 ദിവസം മുൻപ് അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ ഓഫിസ് സന്ദർശിച്ചതായി മെയിലിൽ സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തുമ്പോൾ ഫ്രഞ്ച് സർക്കാരുമായി കരാറൊപ്പിടുമെന്നും അതിൽ തന്റെ കമ്പനിയും ഉണ്ടാകുമെന്നും അനിൽ അംബാനി അവിടുത്തെ ഉദ്യോഗസ്ഥരോടു പറഞ്ഞുവെന്ന് രാഹുൽ ആരോപിച്ചു.

രാഹുൽ പുറത്തുവിട്ട മെയിൽ, ഫ്രഞ്ച് കമ്പനിയായ എയർബസും റിലയൻസും തമ്മിൽ ഹെലികോപ്റ്ററുകൾ സംബന്ധിച്ച കരാറിനെക്കുറിച്ചുള്ളതാണെന്നും റഫാലുമായി ബന്ധമില്ലെന്നും ബിജെപിയും റിലയൻസും വ്യക്തമാക്കി. രാഹുൽ വിദേശ ആയുധ കമ്പനികളുടെ പ്രതിനിധിയായെന്നും ബിജെപി ആരോപിച്ചു. ‘പ്രതിരോധ മന്ത്രി, വിദേശകാര്യ സെക്രട്ടറി, എച്ച്എഎൽ അധികൃതർ എന്നിവർക്ക് ഇക്കാര്യം അറിയുമായിരുന്നില്ല. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു രാജ്യദ്രോഹക്കുറ്റം ചെയ്ത പ്രധാനമന്ത്രിക്കെതിരെ കേസെടുക്കണം. അദ്ദേഹം അർഹിക്കുന്നതു ജയിൽ’ – രാഹുൽ പറഞ്ഞു.

സിഎജി റിപ്പോർട്ട് ഇന്നു പാർലമെന്റിൽ

ന്യൂഡൽഹി ∙ റഫാൽ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് ഇന്നു 12 നു ലോക്സഭയിൽ സമർപ്പിക്കും. ഇക്കാര്യം ഉൾപ്പെടുത്തിയ കാര്യപരിപാടി ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തുവിട്ടു. കഴിഞ്ഞ ദിവസം സിഎജി സർക്കാരിനു റിപ്പോർട്ട് കൈമാറിയിരുന്നു. ഇന്നലെ ഇന്തോ–ചൈന അതിർത്തി റോഡുകൾ, ഗംഗാ പുനരുജ്ജീവന പദ്ധതി, ജലസേചന പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടുകൾ പാർലമെന്റിൽ വച്ചു. 16–ാം ലോക്സഭയുടെ അവസാന സമ്മേളനം ഇന്നു സമാപിക്കും.

‌റഫാൽ ഇടപാടിന്റെ ചർച്ചകളിൽ ഭാഗമായിരുന്ന രാജീവ് മെഹ്റിഷി സിഎജിയായി കരാർ പരിശോധിച്ചതിനെതിനെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശിച്ചു. സിഎജി ‘ചൗക്കിദാർ ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ’ ആയിരിക്കുന്നു – രാഹുൽ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com